Thursday 19 January 2017

അവളുടെ ഓർമ്മകൾ

പൂത്തു നിൽകുന്ന വസന്തങ്ങളേയും
കൊഴിഞ്ഞ ശിശിരങ്ങളേയും
സാക്ഷിയാക്കി യാദാർത്യങ്ങളുടെ
ലോകത്ത് എനിക്കും ഉണ്ടായിരുന്നു
ഒരു പ്രിയപെട്ടവൾ.....,

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
എന്നെ സ്നേഹത്തിന്റെ
പച്ചപ്പിലേക്ക് കൊണ്ടു വന്ന ഒരുവൾ..

ഞാൻ എഴുതിയതെല്ലാം
അവളെ കുറിച്ചായിരുന്നു.
ഞാൻ കണ്ട സ്വപ്നങ്ങളിൽ
എല്ലാം അവളുണ്ടായിരുന്നു...

പിന്നെ എപ്പോഴോ എന്റെ ശ്വാസത്തിലും
അവൾ വന്നിരുന്നു ..... അറിയില്ല...,
ഇന്നവൾ ഒരു മൂടൽ മഞ്ഞിന്റെ മറവിലാണ്
ചിലപ്പോൾ വേറെ കൂട് തേടി പോയതാകാം ...
 
എന്തോ പോകുമ്പോൾ ഒരു യാത്ര പോലും
പറഞ്ഞിരുന്നില്ല അത് കൊണ്ടാകാം
ഇന്നും ഞാനവളെ കാത്തിരിക്കുന്നത്...

ഇന്ന് ഞാൻ അക്ഷരങ്ങൾ
തീർത്ത ചായ കൂട്ട് കൊണ്ട്
അവളെ പുനർ സൃഷ്ടിക്കുകയാണ്
ഈ അക്ഷരങ്ങളിലൂടെ ഞാൻ അവളെ
തലോടാരുണ്ട് ,  മാറോടു ചേർക്കാറുണ്ട്‌ ....

ചുംബനങ്ങൾ കൊണ്ട് മൂടാറുണ്ട്
അവളുടെ ഓർമ്മകൾ
എന്നിൽ
ഉള്ളിടത്തോളം കാലം
എന്റെ തൂലികയിൽ അവൾക്കു മരണമില്ല. ..

Monday 16 January 2017

നാളെ എന്നൊന്നു നമ്മളിലുണ്ടാകുമോ

ഉറങ്ങാന്‍ കിടക്കും നേരം സ്വന്തം ചിന്തകള്‍ ഏതൊക്കെ വഴിക്കാണ് പോവുകയെന്ന്‍ ഒരു നിശ്ചയവും ഉണ്ടാകാറില്ല... അതങ്ങനെ അതിന്‍റെ വഴിക്ക് പോവുകയാണ് പതിവ്... ആ ചിന്തയില്‍ വരുന്ന വിഷയങ്ങള്‍ പലപ്പോഴും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്... അത് മറ്റുള്ളവരോട് പറയാനാവുന്നതാണെങ്കില്‍ മാത്രം... അതല്ലെങ്കില്‍ എല്ലാം ഉള്ളില്‍ ഒതുക്കും... ഇന്നലെ അങ്ങനെ കാടുകയറിയ ചിന്തകള്‍ എന്നില്‍ വല്ലാത്ത ഒരു വിഷമം ഉണ്ടാക്കി... “എല്ലാം നേടിയിട്ട് നാളെ നന്നായി ജീവിക്കാം...” പണ്ടത്തെ എന്‍റെ ഇല്ലായ്മകളില്‍ ഞാന്‍ എന്നില്‍ ശീലിച്ച ഒരു ആശ്വാസ ചിന്തയായിരുന്നു അത്...  അതങ്ങനെ ഒരു ശീലമായി പോയതുകൊണ്ടാണോ എന്തോ ജീവിത സാഹചര്യങ്ങളില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടും ആ ചിന്ത ഇന്നും അങ്ങനെ തന്നെയാണ്... ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ഞാന്‍ സ്വയം പറഞ്ഞു പറ്റിക്കുകയാ... ഇന്നലെയാണ് എനിക്കത് മനസിലായത്... എന്നിലെ എന്‍റെതായ ആഗ്രഹങ്ങള്‍ പലതും പിന്നിട്ട പ്രായത്തില്‍ സാധിക്കേണ്ടവയായിരുന്നു... എന്നിട്ടും ഇന്നും ഞാനതെല്ലാം നാളെ എന്നാണ് ചിന്തിക്കുന്നത്... നാളെകള്‍ പോകുന്നത് ആരോഗ്യ സമ്പന്നമായ യൗവനത്തിലേക്കല്ല! എന്ന് എന്നേ തിരിച്ചറിയേണ്ടിയിരുന്നു... നാളെകളില്‍ കാത്തിരിക്കുന്നത് രോഗങ്ങളും മരുന്നുകളുമാണെന്ന ബോധം ഇതിലും നേരത്തെ വേണ്ടിയിരുന്നു... ഈ പോക്കുപോയാല്‍ നാളേക്ക് നീക്കി വച്ചതെല്ലാം ഒന്നിച്ച് കുഴിച്ചുമൂടുകയെ നിവൃത്തിയുണ്ടാവൂ... വൈകിയിട്ടില്ലെന്ന സമാധാനത്തില്‍ ഇനി ഓരോ ദിവസവും, ഇവിടെ ജീവിക്കാന്‍ അനുവദിച്ചു കിട്ടിയ ഓരോ മണിക്കൂറുകളും എന്തിന് ഓരോ നിമിഷങ്ങളും അറിഞ്ഞ്, ആസ്വദിച്ച് ജീവിക്കണം... സ്വന്തം ജീവിതം ഒരു നഷ്ട്ടമായി നാളെ തോന്നാതിരിക്കാന്‍...”

Monday 9 January 2017

പാട്ടുകളിലൂടെ

പാട്ടുകള്‍ എന്നും പഴയ ഓര്‍മ്മകളേകുന്നു... നിശബ്ദമായ ഇരുളിന്‍റെ ഏകാന്തതയില്‍ നിദ്രയെ കാത്തുകിടക്കുമ്പോള്‍ പതിവായി കേള്‍ക്കാറുള്ള കേട്ടുപഴകിയ പാട്ടുകളുടെ  വരികളിലെന്നും കഴിഞ്ഞ കാലത്തിന്‍ ഓര്‍മ്മകളുണ്ടാകാറുണ്ട്... ബാല്യ-കൗമാരത്തിന്‍റെ.. സ്നേഹ-സാഹോദര്യ-സൗഹൃദത്തിന്‍റെ.. പ്രണയത്തിന്‍റെ.. വിരഹത്തിന്‍റെ.. വേദനകളുടെ.. അതിനും അപ്പുറം കണ്ണുനീരില്‍ കുതിര്‍ന്ന വിയോഗങ്ങളുടെ.. ആ വരികളും, ഈണവും, താളവും, എങ്ങിനെയോ എവിടെയോക്കെയോ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു... അങ്ങനെയുള്ള ആ വരികളിലൂടെ, അനുഭവങ്ങളെ തൊട്ടുകിടക്കുന്ന ഓര്‍മ്മകളിലൂടെ ഇന്നത്തെതെല്ലാം മറന്ന് ഇന്നലെകളിലേക്ക് തനിച്ചൊരു യാത്ര... ആ യാത്രയുടെ അവസാനമാകുന്നു എന്നും എന്‍റെ ഉറക്കം!... അത് ചിലപ്പോള്‍ സുഖമുള്ള ഒരു കുളിരോടെ അല്ലെങ്കില്‍ സങ്കടം നിറഞ്ഞ മനസ്സോടെയാകും..!

Sunday 8 January 2017

നീയറിയാതെ നിന്നെ പ്രണയിക്കുന്ന ഒരു സുഹൃത്ത്‌" 

'' ഞാന്‍ നിന്നെ പ്രണയിക്കുന്നു .ആ പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പക്ഷെ എനിക്കൊരിക്കലും എന്‍റെ പ്രണയം നിന്നോട് തുറന്നു പറയാന്‍ കഴിയുകയില്ല കാരണം അത് നിന്നിലെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തും . അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയത്തേക്കാളേറെ നിന്നിലെ സുഹൃത്തിനെ ഞാന്‍ സ്നേഹിക്കുന്നു ''

എങ്കിലും എന്‍റെ ഡയറിയില്‍ നിന്നോടുള്ള പ്രണയം ഞാനെന്‍റെ രക്തത്താല്‍ കോറിയിടും. ഒരിക്കല്‍ ഞാനീ ഭൂമിയില്‍ നിന്ന് വിടവാങ്ങുന്ന നിമിഷമെങ്കിലും അത് നിന്‍റെ കൈകളില്‍ എത്തിച്ചേരും എന്ന പ്രതീക്ഷയോടെ..

നിന്നെപ്പോലെ എഴുതാന്‍ ഞാനും പഠിച്ചു

മുമ്പൊരിക്കലെപ്പോഴോ എന്റെ ഡയറിയുടെ നാല്പത്തി അഞ്ചാമത്തെ താളില്‍ നീ ഇങ്ങനെ എഴുതി ..,

" പ്രണയം , അതു കടല്‍തീരത്ത് വന്നടിയുന്ന
ചിപ്പികളെ പോലെയാണ് ..
എത്ര കാതം അകലെയാണെന്നാലും,
എത്ര കാലം കഴിഞ്ഞുവെന്നാലും,
നെഞ്ചിനുള്ളില്‍ എന്നും ഒരു കടലിരമ്പം അതു കാത്തു വക്കുന്നുണ്ട് ... "

നിന്റെ വാക്കുകള്‍ എന്നും അങ്ങിനെയായിരുന്നു ,
ചിലപ്പോള്‍ എന്നെ കൊല്ലാനും
പുനര്‍ജനിപ്പിക്കാനും കഴിവുള്ള വാക്കുകള്‍ ..
ചിലപ്പോള്‍ എന്നെ ചിരിപ്പിക്കാനും ,
മറ്റു ചിലപ്പോള്‍ കരയിക്കാനും കഴിവുള്ള വാക്കുകള്‍ ...

നിന്നെ അറിഞ്ഞു തുടങ്ങിയ കാലം മുതല്‍
വഴി പിരിഞ്ഞു നാം നടക്കാന്‍ തുടങ്ങിയ നിമിഷം വരെ നിന്റെ വാക്കുകള്‍ മാത്രമായിരുന്നു എന്റെ ലോകം ..അതു കൊണ്ടാണ് ഞാന്‍ ഇന്നും നീ എഴുതിയ ഓരോ കുറിപ്പുകളും , വാക്കുകളും ഓര്‍ത്തു വക്കുന്നത് ....

എനിക്കയച്ച അവസാനത്തെ കുറിപ്പില്‍ നീ എഴുതി ,

" കാലം , അതു എല്ലാ മുറിവുകളും മായ്ക്കുന്ന
ഒരു മാന്ത്രിക മരുന്നാണ് ... "

ആയിരിക്കാം ,
പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും
പല ദിശകള്‍ അലഞ്ഞിട്ടും ഇന്നോളം ഞാനെവിടെയും കണ്ടിട്ടില്ല , എന്റെ മുറിവുകളിലുമ്മ വച്ച് എന്നെയുറക്കാന്‍ കനിവുള്ള ഒരിളം കാറ്റിനെപ്പോലും ..നിന്റെ ഓര്‍മകളെയില്ലാതാക്കി എന്നെയുണര്‍ത്താന്‍ കഴിവുള്ള ഒരു മഴത്തുള്ളിയെപ്പോലും ...

കാലം , അതെന്റെ ലോകത്തെ ഒരു പാടൊന്നും മാറ്റിയിട്ടില്ല , ആകെയുള്ള ഒരു മാറ്റം ,
നിന്നെപ്പോലെ എഴുതാന്‍ ഞാനും പഠിച്ചു എന്നതാണ്.. ലക്ഷ്യങ്ങളുള്ളതും ഇല്ലാത്തതുമായ
യാത്രകളാണ് അതെന്നെ പഠിപ്പിച്ചത് ...

പക്ഷെ ഞാനെഴുതി തുടങ്ങുന്നത്
നീ നിര്‍ത്തിയിടത്തു നിന്ന് മാത്രമാണ് ..

ഞാനെഴുതുന്നത് പലതും
നിന്റെ വാക്കുകള്‍ കടമെടുത്താണ് ..

എനിക്ക് വ്യക്തമായ ലക്ഷ്യങ്ങളും , മോഹങ്ങളും ഇല്ല
എഴുതിയെഴുതി നിന്നോളം വലുതാകണം എന്നുമില്ല ..ഒരേ ഒരു സ്വപ്നം മാത്രം ,
അതും ഞാന്‍ നിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണ്‌ ,

" ഒരു കവിതയെഴുതണം എനിക്ക് ,
നിന്റെ മിഴികളുടെ ഓരങ്ങളില്‍ തുടങ്ങി
എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ അവസാനിക്കുന്ന ഒരു കവിത ...അതിനു വേണ്ടിയാണ് ഞാനിന്നും
നെഞ്ചിനുള്ളില്‍ ഒരു കടലിരമ്പം കാത്തുവക്കുന്നത് ... 

Tuesday 3 January 2017

"ഇത്രയൊക്കെ ഉള്ളൂ മനുഷ്യന്‍.

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്...

മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും,
ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം..

ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍...

രക്തം വേണ്ടവന് ഹിന്ദുവിന്റെതെന്നോ, മുസ്ലിമിന്റെതെന്നോ, ക്രിസ്റ്യന്റെതെന്നോ വേര്തിരിവില്ല, വേര്തിരിച്ച് ചോദിക്കുന്നുമില്ല. എല്ലാവരും സമന്മാര്‍..

ഇവിടെ ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം...

മനസ്സറിഞ്ഞു പലരും ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയങ്ങളില്‍ വച്ചാണ്..

പാവപ്പെട്ടവനും, പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാണ് (മരുന്നുകള്‍)...

പരസ്പ്പരം വെട്ടി ഇവിടെ എത്തുന്ന എല്ലാ രാഷ്ട്രീയക്കാരനും കയറ്റുന്നത് ഒരേ കളറുള്ള രക്തമാണ്...

മുകളിലെ പ്രസവ മുറിയില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍,
അടിയിലെ മോര്‍ച്ചറിയില്‍ ഒരാള്‍ മരിക്കുന്നു...

മരുന്നും ഗുളികയും മണക്കുന്ന ഇടനാഴികളിലൂടെ ഒന്ന് വെറുതെ നടന്നു നോക്കണം..

200 കിലോ വെയിറ്റ് പോക്കിയിരുന്ന ജിംനേഷ്യം ആയിരുന്ന സിക്സ് പാക്ക് ഉള്ള ചെറുപ്പക്കാരനും,
തൊലി വെളുപ്പ്‌ കൊണ്ട് അഹങ്കരിച്ചു നടന്നിരുന്നവനും എല്ലാം ഈ വാര്‍ഡില്‍ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്നുണ്ട്...