Sunday 25 June 2017

പ്രവാസികളുടെ പെരുനാൾ

പ്രവാസികളുടെ മനസ്സില്‍
ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി
ഒരു പെരുന്നാള്‍ കൂടി കടന്നു വരുന്നു...

നീല വാനില്‍ പൊന്നമ്പിളി വിടരുമ്പോള്‍ പെരുന്നാളിന്റെ ആരവം ആരംഭിക്കുകയായി..
കുറെ ഫോണ്‍ കോളുകളിലും ആശംസാ കാര്‍ഡുകളിലും ഒരു ബിരിയാണിയിലും ഒതുങ്ങുന്നതാണു പ്രവാസികളുടെ പെരുന്നാള്‍. കുടുംബം കൂടെയില്ലാത്തവര്‍ അനുഭവിക്കുന്ന മാനസിക വിഷമം വര്‍ണ്ണിക്കാനാവില്ല.

ബന്ധു വീടുകളില്‍ സന്ദര്‍ശനമില്ല, പുത്തനുടുപ്പുകളണിഞ്ഞു ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന ആഹ്ലാദത്തിന്റെ അലമാലകളില്ല, മൈലാഞ്ചിയും, ഒപ്പനയുമില്ല, പെരുന്നാള്‍ സമ്മാനത്തിനായി നീണ്ടു വരുന്ന മൃദുലമായ കുഞ്ഞി കൈകളില്ല, പുഞ്ചിരികളും, പുന്നാരങ്ങളും, കിന്നാരങ്ങളുമില്ല..

പ്രാണപ്രേയസി കവിളിലേകുന്ന പെരുന്നാള്‍ സമ്മാനത്തിന്റെ സാന്ത്വനമില്ല. തന്റെ പ്രാണയായ ഉമ്മയും, ഉപ്പയും തരുന്ന വാല്‍സല്യമില്ലാതെ , പേരുന്നാളിന്റെ ഒടുവില്‍ ഒരിറ്റു കണ്ണീരുമായി അവര്‍ വിതുമ്പുന്നു. പെരുന്നാളുകള്‍ വരുന്നു, പോകുന്നു. കുറെ മോഹങ്ങളും അതിനു ചേക്കേറാനൊരു ജീവിതവും മാത്രം ബാക്കിയാവുന്നു..

അര്‍ത്ഥമില്ലാത്ത പൊട്ടിച്ചിരികളില്‍
നൊമ്പരത്തിന്റെ പൊട്ടിക്കരച്ചിലുകള്‍ ഒളിപ്പിച്ച് ജീവിക്കുന്ന വേദനയുടെ പ്രതീകങ്ങളാണു ഏറെ പ്രവാസികളും..

നേടുന്നതെല്ലാം കൈ വിട്ടു പോവുകയും, നേടാനുള്ളത് ദൂരെയിരുന്നു കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ നന്മയുടെ നിറ സുഗന്ധവുമായി ഒഴുകി വരുന്ന ആഘോഷങ്ങൾ അവരില്‍ ഉണര്‍ത്തുന്ന ആശ്വാസം തീരെ ചെറുതല്ല. ജീവിതം കാത്തിരിപ്പിനു പണയം വെച്ചവര്‍ക്കും വേണമല്ലോ ഇത്തിരി ആശ്വാസം. ആ ആശ്വാസം പകരുന്ന നാളുകളെ പ്രവാസികളെപ്പോഴും ഹൃദയം തുറന്നു കാത്തിരിക്കുന്നു…



Saturday 24 June 2017

മാറ്റങ്ങൾ

കാലത്തിന്റെ നാൾ
വഴികളിൽ ചേർത്തു പിടിച്ച
നമ്മുടെ കൈകൾ തമ്മിൽ അകലേണ്ടി വരും..

വഴിയുടെ ഇരുഭാഗങ്ങളിലേക്കുമായി
നാം ഒഴിഞ്ഞു മാറേണ്ടി വരും....

ഒപ്പം യാത്ര തുടരാൻ, ചേർത്തു
പിടിക്കാൻ പുതിയ കൈകൾ തേടി വരും....

യാത്ര വീണ്ടും തുടരും....

ഇന്നോളം ജീവിതം പഠിപ്പിച്ചൊരു
സത്യം മാത്രമായിരുന്നു മാറ്റങ്ങൾ....

Wednesday 21 June 2017

എഴുത്തുകാർ

ആളുകളില്‍ എത്തിക്കാന്‍ വേണ്ടി എഴുത്ത് ആയുധമാക്കുന്ന ചിലര്‍ ഉണ്ട്. എന്തിനെയെങ്കിലും കുറിച്ച് അവബോധം ഉണ്ടാക്കുവാന്‍ വേണ്ടിയാവും ഇത്. ഇത്തരത്തിലുള്ള രചനകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും ഇരയാവാറുണ്ട്.

വായനയും എഴുത്തും മുരടിച്ചു തുടങ്ങിയ
ഇന്നത്തെ സമൂഹത്തില്‍ ഇത്തരം എഴുത്തുകള്‍ക്കും വംശനാശം വന്നുകൊണ്ടിരിക്കുകയാണ്.
ഇവരുടെ തൂലികത്തുമ്പില്‍ തീപ്പൊരിയും , വാക്കുകളില്‍ സൂചി മുനകളുമായിരിക്കും. എന്തും നേരിടുവാനുള്ള മനക്കരുത്തും ,വിമര്‍ശനങ്ങള്‍ക്കു തളര്‍ത്താവാത്ത ഊര്‍ജ്ജവും ഇവര്‍ക്ക് സ്വന്തം.

സ്വന്തം മനസ്സിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടി തൂലിക ചലിപ്പിക്കുന്നവരും ഉണ്ട്. എഴുത്തിലൂടെ ആത്മനിര്‍വൃതി കണ്ടെത്തുന്നുവരാണ് ഇത്തരത്തിലുള്ള എഴുത്തുകാര്‍.. , പ്രശസ്തിയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ, വാക്കുകള്‍ സൃഷ്ടിക്കുന്ന മായാലോകത്ത്, സ്വന്തമായൊരു സ്വര്‍ഗ്ഗം പണിതുയര്‍ത്തുന്നവര്‍ ! ഇവരുടെ സൃഷ്ടികള്‍ കൂടുതല്‍ മധുരമുള്ളതും, ചിലപ്പോള്‍ കൈക്കുന്നതുമാവാം.

വളരെയേറെ മനസ്സിനെ സ്പര്‍ശിക്കുന്ന
രചനകള്‍ ഇത്തരക്കാര്‍ക്ക് സ്വന്തമാണ്. കാലങ്ങളോളം ഓര്‍മ്മിക്കപ്പെടുന്ന സുന്ദരമായ വരികളും ഇക്കൂട്ടത്തില്‍ ഇടം നേടും.

നമ്മളിന്നുള്ള ചുറ്റുപാടില്‍ തീവ്രമായ ഇഷ്ടത്തോടെ വായനയെ സമീപിക്കുന്നവര്‍ വളരെ വിരളമാണ്. അക്ഷരങ്ങളിലും , വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന അനന്തമായ ആനന്ദം അറിയാതെ പോകുന്ന ഒരു തലമുറയുടെ ഭാഗമായാണ് നമ്മള്‍ ജീവിക്കുന്നത്. അല്‍പമെങ്കിലും വായിക്കാന്‍ ശ്രമിക്കുന്നത്, എഴുത്തുകാരാണ്.

സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു. അതിലൊന്നും ഞാനും .

Monday 19 June 2017

മഴ

മഴയായി... മഴക്കാലമായി... പെയ്തിറങ്ങിയ ആ ജലധാരകള്‍ വരണ്ടു വിണ്ടു കീറിയ മണ്ണിന്‍ വിടവുകള്‍ നികത്തി... എങ്ങും പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണം... ഉണങ്ങി കിടന്ന പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ത്തു... വാടി തളര്‍ന്നു നിന്ന മരങ്ങള്‍ ഉണര്‍ന്നു നിന്നുലഞ്ഞു... മഴയെ പുണരാനെത്തിയ കാറ്റിന്‍ കുളിരില്‍ കൈകള്‍ തിരുമ്മി കവിളില്‍ വച്ച് മയൂര നടനമാടുകയായി മനസ്സ്...”

Sunday 18 June 2017

ഓർമകൾ

നല്ല നല്ല ഓർമകൾ പലപ്പോഴും നല്ലൊരുഭാഗം സന്തോഷത്തിന്‍റെയും ഉറവിടമാകുന്നത്... അതുകൊണ്ടുതന്നെ നാളെയും അത്തരം നിമിഷങ്ങളുണ്ടാകാനായുള്ള ശ്രമമാണ് ഇന്നത്തെ ഓരോ പ്രവര്‍ത്തിയും... അങ്ങനെ സ്വയം സൃഷ്ട്ടിക്കുന്ന സന്തോഷവും, സമാധാനവും മറ്റാര്‍ക്കും നിഷേധിക്കാനോ നശിപ്പിക്കാനോ കഴിയാത്തതാണെന്നതാണ്‌ അതിന്‍റെ പ്രത്യേകത...”

നിമിഷങ്ങള്‍

തനിച്ചായിരുന്ന ദിവസങ്ങള്‍ക്ക് എന്നും യുഗങ്ങളുടെ ദൈര്‍ഘ്യമായിരുന്നു... ചിലരുടെ സാനിദ്ധ്യത്തില്‍ ദിവസങ്ങള്‍ നിമിഷങ്ങളായിട്ടുമുണ്ട്... കൂടെയുള്ളവര്‍ അല്ലെങ്കില്‍ നമ്മളോട് അടുത്തു നില്‍ക്കുന്നവരാണ് നമ്മുടെ മാനസ്സികമായ സമയത്തെ, അതിന്‍റെ വേഗതയെ നിമിഷങ്ങള്‍ക്കും യുഗങ്ങള്‍ക്കുമിടയിലായി നിയന്ത്രിക്കുന്നത്...”

നിലാവ്

കിനാവുകള്‍ക്കത്രയും കൂട്ടാണ് അവള്‍... എന്‍റെ ചിന്തകളും കാഴ്ച്ചപ്പാടുകളും നല്ലപോലെ മനസ്സിലാക്കിയവള്‍... രാത്രിമുല്ലയുടെ സുഗന്ധമറിഞ്ഞങ്ങനെ മുറ്റത്ത് ഉലാത്തുമ്പോള്‍ സുന്ദര നീലിമയാല്‍ അവളെന്‍ അരികില്‍ വരും... ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജാലകവഴിയവള്‍ ഇളം കാറ്റായ് വന്ന് പുണരും... എനിക്ക് കേള്‍ക്കാനായി പാടും... രാവുറങ്ങുംവരെ സല്ലപിക്കും... അങ്ങനെ എന്നിലെ എന്‍റെ സ്വകാര്യാനുഭൂതിയായി നിറഞ്ഞു നില്‍ക്കുകയാണ് എന്‍ പ്രിയ നിലാവ്...”

ഓർമ്മതൻ നിമിഷങ്ങൾ

ഞാനിന്ന് ഒരുപാട് തിരഞ്ഞു ആ പേനയുടെ പേര്... പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ തമ്മില്‍ പേന കൈമാറി എഴുതുന്ന ഒരു ശീലമുണ്ടായിരുന്നു... ക്ലാസ്സില്‍ നോട്ട്സ്സ് എഴുതാന്‍ നേരം അതങ്ങനെ കൈമാറാന്‍ മുന്നിലെ ബെഞ്ചിലിരിക്കുന്നവള്‍ തിരിഞ്ഞ് പേന നീട്ടുമായിരുന്നു... അവളും ആ പേനയും ഇന്ന് ഓര്‍മ്മയില്‍ വന്ന നിമിഷങ്ങളില്‍ ആ പേനയുടെ പേര് മാത്രം ഒട്ടും ഓര്‍ത്തെടുക്കാനായില്ല... ഓര്‍മ്മകള്‍ പലതും ചിതലെടുത്തു തുടങ്ങിയിരിക്കുന്നു... അതല്ലെങ്കില്‍ കാലം ഓരോന്നായി മനസ്സില്‍ നിന്നും മായ്ച്ചു തുടങ്ങി...”

കഴിവ്

ചിലരുടെ പെരുമാറ്റത്തിലും സംസാരത്തിലും എന്നും ഒരു കുട്ടിത്തമുണ്ട്... പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് എങ്ങിനെ അതങ്ങനെ അവര്‍ക്ക് സാധിക്കുന്നു?.. ഇനി അഭിനയമാണോ?.. അതോ എന്നും എപ്പോഴും എവിടെയും അവരങ്ങനെയാണോ? എന്നൊക്കെ... അധികം ആര്‍ക്കും ഇല്ലാത്ത ഒരു കഴിവ് തന്നെയാണ് അത്... അവരോടു സംസാരിക്കുമ്പോള്‍ അറിയാതെ നമ്മളും പോകും ചെറുപ്രായത്തിലേക്ക്...”

ഓർമ്മകളിൽ

ഓരോ തിരിനാളത്തിലും ഹൃദയമിടിപ്പുണ്ടെന്നു,
എന്നോട് ആദ്യമായ് പറഞ്ഞത് നീയാണ്...

വരണ്ടോഴിഞ്ഞ വേനലിൽ ഒരു മരം നിറയെ പൂക്കൾ
എനിക്ക് സമ്മാനമായ്‌ തന്നതും നീയാണ്‌....

പറയാതെ പ്രണയത്തിന്‍റെ മധിപ്പിക്കുന്ന ഗന്ധം,
എന്നിൽ നിറച്ചതും ഒടുവിൽ വിരഹത്തിന്‍റെ
മടുപ്പിക്കുന്ന മൗനം എന്നിലവശേഷിപ്പിച്ചതും നീയാണ്....

ഇവിടെ,
തിരികെ നീ വരില്ലെന്നുറപ്പുള്ളതെങ്കിലും,
നിനക്കായുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ
ഞാൻ ഒരു വാഗമരമായ് മാറി.....

നിന്‍റെ ഓർമ്മകളിലേക്ക് ഏകാന്തതയുടെ
വേരുകൾ വളർത്തി,
പ്രാണന്‍റെ ഓരോ തുള്ളിയിലും രക്തവർണ്ണപൂക്കളായ്‌ വിടർത്തി,
ദുഃഖം കൊണ്ട് സന്തോഷങ്ങൾക്ക്‌ തണലു നല്‍കി,

ഇനി വരും വേനലും വർഷവും
നിന്‍റെ ഓർമ്മകളിൽ ഏറ്റുവാങ്ങി... അങ്ങനെ... അങ്ങനെ.....

Saturday 17 June 2017

സ്നേഹം

സ്നേഹം അതെന്തിനോടും ആരോടും ആകാം. അതിമനോഹരമായ അനുഭവമാണ് സ്നേഹം. അത് രണ്ട് വ്യക്തികൾ തമ്മിലാകുമ്പോൾ പ്രണയമാകാം. വെറുമൊരു വിനോദം മാത്രമല്ല സ്നേഹം മാറിച്ച് ജീവിത്തതിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ആവശ്യം കൂടിയാണ്. പ്രാണവായു പോലെ അതിജീവനത്തിന് ആവശ്യമുള്ള ഒന്ന്. ജീവന്റെ നിലനിൽപ്പിന് ആഹാരവും ജലവും പോലെ ആവശ്യമായ സ്നേഹത്തെക്കുറിച്ച് 9 കാര്യങ്ങൾ :

∙സ്നേഹം പ്രകടിപ്പിക്കുന്നവരും പ്രകടിപ്പിക്കാൻ അറിയാത്തവരും ഉണ്ട്. ചിലർ സ്നേഹത്തെ അടക്കിവെയ്ക്കുമ്പോൾ മറ്റ് ചിലർ തുറന്ന് കാട്ടുന്നു.

∙നിങ്ങൾ മാതാപിതാക്കളോടോ, ബന്ധുക്കളോടോ എല്ലാം തുറന്ന് പറയണമെന്നില്ല. എന്നാൽ നിങ്ങളുടെ സാഹചര്യങ്ങളെ ജഡ്ജ് ചെയ്വാതെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്ക് അനുഗ്രഹമാണ്.

∙*സ്നേഹം* ഒരിക്കലും അമിതമാകരുത് . സ്നേഹം അമിതമായാൽ അത് മദ്യത്തിനും വിഷത്തിനും സമാനമാകുന്നു.

∙തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർ തങ്ങളെ സ്നേഹിക്കണമെന്നും മനസിലാക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അസ്വസ്ഥ ഹൃദയത്തിന്റെ ഉടമകൾ.

∙യഥാർത്ഥ സ്നേഹം ഭൗതിക നേട്ടം ആഗ്രഹിക്കാത്തതാണ്. മുറിവേറ്റ രണ്ട് ആത്മാക്കാൾ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതാണ് സ്നേഹം.

∙ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങുന്നതോടെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാടിൽ മാറ്റം വരും. ജീവിതത്തിന് മുമ്പത്തേതിലും പോസിറ്റിവ് കാഴ്ച്ചപ്പാട് കൈവരും.

∙വിവേകശൂന്യമായ പ്രവർത്തികളെല്ലാം ഹാനികരമാണ്, അത് സ്നേഹമായാൽ പോലും. എന്നാൽ വിവേകത്തോടെ ചിന്തിക്കുന്നവർ എന്ത് കാര്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ചിന്തിക്കുന്നു.

∙സ്നേഹമെന്നാൽ ആണും പെണ്ണും തമ്മിലുള്ള പ്രണയം മാത്രമാണെന്നാണ് ചിലർ ചിന്തിക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നവർ യഥാർത്ഥത്തിൽ ആരെയും ആത്മാർത്ഥമായി സ്നേഹിക്കാത്തവരാണ്.

∙യഥാർത്ഥ സ്നേഹമെന്നത് സത്യസന്ധമാണ്. അത് കണ്ടെത്തുക. സത്യസന്ധമല്ലാത്തതിനായി സമയം കളയരുത്.

Friday 16 June 2017

പ്രണയം

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വികാര ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. . ....



Thursday 15 June 2017

ഒരുപക്ഷേ...

കഴിയുന്നില്ല, ഇനിയുമെഴുതാൻ.. 
ഈ വേർപാട് വിവരിക്കുന്നത്
വാക്കുകൾക്കു അതിതമാണ്.....
പുറത്തേക്കു ഒഴുകാൻ നിൽക്കുന്ന
വാക്കുകളെ തുറന്ന് വിട്ടാൽ.. 
എന്നിലെ ഭ്രാന്ത് മൂർച്‌ഛിച്ചതായി കണക്കാക്കപ്പെടും.. 
എന്റെ അസ്തിത്വത്തിനു ബലക്ഷയം സംഭവിച്ചിരിക്കുന്നു.... 
പതിയെ പൊടിഞ്ഞു മണ്ണോടു ചേരുന്ന പോലെ.....

Wednesday 14 June 2017

ഞാന്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടായിരുന്നു

ഞാന്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടായിരുന്നു
എന്റെ ജാലകങ്ങളിലും ഉമ്മറത്തും
ദൗര്‍ഭാഗ്യത്തിന്റെ കാട്ടു ചെടികള്‍
പടര്‍ന്നു കയറി കിടന്നിരുന്നു...

എന്റെ പ്രതീക്ഷകള്‍ പോലെ
അതില്‍ നിറയെ കടുത്ത നിറമുള്ള
കാട്ടു പൂക്കള്‍ വിരിയുകയും
കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു...

വെള്ള പൂശിയ എന്റെ ചവിട്ടു പടികള്‍ക്കു മീതെ
നിര്‍ഭാഗ്യത്തിന്റെ കറുപ്പ് ചായം പടര്‍ന്നിരുന്നു
പ്രകാശമെത്താത്ത അകത്തളങ്ങളില്‍
ഭൂത കാലം മാറാല പിടിച്ചു കിടന്നിരുന്നു...

എപ്പോഴോ ഒരു തോട്ടക്കാരിയായി
നീ അതുവഴി വന്നു .എന്നിലെ കാട്ടു പടര്‍പ്പുകള്‍ വെട്ടി നീക്കി ചുമരുകള്‍ക്കു പ്രണയത്തിന്റെ ചായം പൂശി തൊടിയിലും മുറ്റത്തും മുന്തിരിയും ഞാവലും നട്ടു.....

ഞാനിപ്പോള്‍ ഒരു കൊട്ടാരമാണ്
വിശാലമായ എന്റെ പൂമുഖത്ത്
ആശ്വാസത്തിന്റെ ആട്ടു കട്ടിലായി
സാന്ത്വനത്തിന്റെ ഇളം കാറ്റായി നീയുമുണ്ട് ....

Tuesday 13 June 2017

നിനക്കറിയുമോ

നാം ഒന്നിച്ച് കയറിയ കൽപ്പടവുകളിൽ നിന്ന് ഞാനിറങ്ങുകയാണ്....

ചുവന്ന പരവതാനി വിരിച്ച ഈ ഗുൽമോഹറുകൾക്ക് യാത്ര പറഞ്ഞ്.... ,

ഇനിയൊര് തിരിച്ചുവരവ് ഉണ്ടാകുമോ ???

ഇല്ലെന്നറിയാം
എന്നാലും ആശിച്ചു പോകുന്നൂ......

അവസാന നാളുകളിലെ കൂടിക്കാഴ്ച്ചയ്ക്കവസരമൊരുക്കിയ ഗുൽമോഹർ താഴ്.വരയിലാണ് ഞാൻ...
ഇത്തവണയും പൂവിട്ടിരിക്കുന്നു ചുവന്ന ഗുൽമോഹർ...

ഇന്നും മഴവില്ലുണ്ട്.....
പക്ഷേ നാം കണ്ടത്ര ഭംഗിയില്ലാ....

നീയെന്ന സത്യം മാഞ്ഞ്പോയെങ്കിലും ...

മറവികളിൽ അതിനിന്നും സ്ഥാനം പടിക്കുപുറത്താണ്....

തോന്നലുകളിൽ കടന്നുവരുന്ന ചിന്തകൾക്ക് മരണത്തിൻ്റെ വേദനയാണ്...

ചികഞ്ഞ് അതിൻ്റെ അസ്ഥിവാരം വരെ കണ്ടു തുടങ്ങി...

വാക്കുകൾകൊണ്ട് പറയാം , ഓർമ്മകളിൽ ജീവിക്കാം എന്നത്...

പക്ഷേ ആ ഓർമ്മകളൊക്കെയും നൽകുന്നത് ജീവൻ്റെ ഓരോ ഭാഗവും കാർന്നെടുക്കുക എന്നതാണ്....

തിരിച്ചുവരവിനർഹമാണ് ഈ കൽപ്പടവുകളിൽ കൊത്തിവച്ച നമ്മുടെ പേരുകൾ....

എല്ലാം വെറും തോന്നൽ മാത്രമായ് ഞാനൊതുക്കട്ടെ....

ഇനിയും പരവതാനി വിരിയ്ക്കും....

ഇനിയും മഴവില്ലു വിരിയും...

ഇനിയും ഗുൽമോഹറുകൾ പൂവിടും....

നമുക്ക് വേണ്ടി.....

അന്നൊരിക്കൽ കുടെ നമ്മളിവിടെ പുനർജനിക്കും....

വാകമരത്തിലെ ചകോരിപക്ഷികളായ്.....

Thursday 8 June 2017

നിനക്കായി ഞാന്‍ കാത്തിരിക്കുന്നു

നിന്നോട് പറയാനുള്ളതു ഞാന്‍
മണല്‍ത്തിരകളില്‍ എഴുതിയിട്ടു...
എന്നാല്‍ വിധിയുടെ ഏതൊ വേലിയേറ്റത്തില്‍,
അലച്ചു വന്ന തിരകള്‍ അതു മായ്ച്ചുകളഞ്ഞു....

പിന്നീട്, നിനക്കായി ഞാനെന്റെ
മനസ്സ് ഒലിവിലകളില്‍ കുറിച്ചിട്ടു ...
എന്നാല്‍ ഏതോ മഞ്ഞു കാലത്തവ എവിടെയോ കൊഴിഞ്ഞു വീണു...

ഒടുവില്‍ നിന്നെകാണാന്‍
മേഘങ്ങളിലേറി ഞാന്‍ പുറപ്പെട്ടു....
പക്ഷേ, ആഞ്ഞടിച്ച കാറ്റെന്നെഏതോ ചുടു മരുഭൂമിയില്‍ തള്ളിയിട്ടു.....

അവിടെ, യുഗാന്തരങ്ങളോളം
ഞാന്‍നിന്നെ കാത്തു കിടന്നു...
ഒടുവില്‍ കണ്ണീരാല്‍ നിറഞ്ഞ ഒരു കള്ളിമുള്‍ച്ചെടിയായി പുനര്‍ജ്ജനിച്ചു....

പക്ഷെ എന്നിട്ടും നീ എന്നെ അറിഞ്ഞില്ല,
അടുത്ത് വന്നില്ല .....

അറിയാഞ്ഞതോ അറിയില്ലെന്ന് ഭാവിക്കുന്നതോ, എന്തോ എനിക്കറിയില്ല ....

ഇന്നും എന്നും എപ്പോളും
നിനക്കായി ഞാന്‍ കാത്തിരിക്കുന്നു ...
എന്നെ തിരിച്ചറിഞ്ഞ് എന്നിലേക്കാകുന്ന ആ ഒരു നിമിഷത്തിനായി .....

Saturday 3 June 2017

ഞാന്‍ ഒരു കവി അല്ല..

ഞാന്‍ ഒരു കവി അല്ല.കവിത എഴുതുന്നത്‌ എനിക്കൊരു ശീലവും അല്ല. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു "രോഗം" മാത്രമാണ്. അപ്പോഴൊക്കെ എന്തെങ്കിലും 4 വരികള്‍ എഴുതും. അതില്‍ കൂടുതല്‍ ഉണ്ടാകാറില്ല. പിന്നെ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ തലവേദന അപ്രത്യക്ഷമാകുന്ന പോലെ കവിതയുടെ "സെന്‍സ്" നഷ്ടപ്പെടും.
പക്ഷെ, ഇങ്ങനെ നാല് വരികള്‍ വീതം വല്ലപ്പോഴും എഴുതുന്നത്‌ മിക്കവാറും ജനാല വഴി താഴത്തെ പറമ്പിലേക്കാണ് പോകാറുള്ളത്...
ഇന്ന് എഴുതിയ കവിത ജനാല വഴി പോകുന്നില്ല. കമ്പ്യൂട്ടര്‍ " വിന്‍ഡോസ്‌ " ലൂടെ ബ്ലോഗിലേക്ക് പോകുകയാണ്. ബ്ലോഗില്‍ വീഴുന്നതും പറമ്പില്‍ വീഴുന്നതും രണ്ടാണ്. പറമ്പിലെ കവിത ആരും കാണാതെ മഴയത്ത് ഒലിച്ചുപോകും. ബ്ലോഗിലെ കവിത ലോകാവസാനം വരെ വായനക്കാരുടെ വിരലെത്തും ദൂരെ തന്നെ ഉണ്ടാകും...
ഇന്ന് ഉച്ചക്ക് അല്‍പനേരം വെറുതെ ഇരുന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു കവിത തോന്നിയത്. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.
(പിന്നെ എനിക്ക് തോന്നുന്നു , കുറെ
നല്ല മലയാളം വാക്കുകള്‍ അറിയാവുന്ന ആര്‍ക്കും കവിതയെഴുതാം.)
“മഴയായി... മഴക്കാലമായി... പെയ്തിറങ്ങിയ ആ ജലധാരകള്‍ വരണ്ടു വിണ്ടു കീറിയ മണ്ണിന്‍ വിടവുകള്‍ നികത്തി... എങ്ങും പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണം... ഉണങ്ങി കിടന്ന പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ത്തു... വാടി തളര്‍ന്നു നിന്ന മരങ്ങള്‍ ഉണര്‍ന്നു നിന്നുലഞ്ഞു... മഴയെ പുണരാനെത്തിയ കാറ്റിന്‍ കുളിരില്‍ കൈകള്‍ തിരുമ്മി കവിളില്‍ വച്ച് മയൂര നടനമാടുകയായി മനസ്സ്...”
ഇതാണ് കവിത. വളരെ മനോഹരമായിരിക്കുന്നു അല്ലേ....? നന്ദി... ആയിരം നന്ദി....!!!

വീണ്ടും ഉടനെ തിരിച്ചു വരും... അടുത്ത തവണ ഇതുപോലെ കവിതയുമായി വരാതിരിക്കാന്‍ ശ്രദ്ധിക്കാം, പ്രോമിസ്....!