Friday 29 December 2017

കൊച്ചു കൊച്ചു സംശയങ്ങൾ

“സ്റ്റീയറിംഗ് തിരിക്കുമ്പോഴാണ് വണ്ടി ഓടുന്നതെന്നും, അത് വേഗത്തില്‍ തിരിച്ചാല്‍ സ്പീഡ് കൂടുമെന്നുമെല്ലാം ധരിച്ചിരുന്ന ഒരു പ്രായം ഉണ്ടായിരുന്നു എന്നില്‍... “ആ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ഡ്രൈവര്‍ക്ക് വണ്ടി സൈഡിലേക്ക് പോകാതെ എങ്ങനെ നേരെ ഓടിക്കാന്‍ പറ്റുന്നു?... മുന്നില്‍ നടുവില്‍ ഇരുന്ന് ഓടിച്ചാലല്ലെ വണ്ടി ബാലസ് ചെയ്തു നേരെ ഓടിക്കാന്‍ പറ്റു?..” എന്നത് അന്നത്തെ ഏറ്റവും വലിയ ഒരു സംശയമായിരുന്നു... അന്ന് എനിക്കുണ്ടായിരുന്നു വണ്ടിയുടെ വലിക്കുന്ന ചരട് ഒരു സൈഡിലേക്ക് പോയാല്‍ വണ്ടി പിന്നെ ചെരിഞ്ഞാണ് ഓടിയിരുന്നത്... അങ്ങനെ അതില്‍നിന്നുണ്ടായ സംശയമായിരുന്നു അത്...പിന്നെ പഴയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളില്‍ ചാർളി ചാപ്ലിന്‍റെ പോലത്തെ കുഞ്ഞി മീശ കണ്ടപ്പോഴെല്ലാം ഞാന്‍ വിചാരിച്ചു മീശ അങ്ങനെയാണ് എല്ലാവരിലും ആദ്യം ഉണ്ടാവുകയെന്നും പിന്നെ അത് രണ്ടു വശത്തേക്കും നീണ്ടു വളരുകയാണെന്നും അങ്ങനെ വളര്‍ന്നാണ് കൊമ്പന്‍ മീശയാകുന്നതെന്നുമെല്ലാം... ഇതുപോലെയുള്ള സംശയങ്ങളും,ധാരണകളും അന്ന് ഏറെയായിരുന്നു... എല്ലാം അതതു പ്രായത്തിന്‍റെതായതായിരുന്നു...”

വേര്‍പിരിയും മുമ്പേ...

സ്നേഹിച്ചവര്‍ ഓരോരുത്തരായി ഇനിയില്ലെന്നറിയുമ്പോള്‍ വളരെ ദുഃഖം തോന്നാറുണ്ട്... മരണ വാര്‍ത്തകള്‍ എപ്പോഴും അങ്ങനെയാണ്... ഒരു ഞെട്ടലോ, വലിയ അവിശ്വാസനീയതയോ ആണ് അത് ആദ്യം ഉണ്ടാക്കുക... തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട് അവരെ കുറച്ചൂടെ സ്നേഹിക്കാമായിരുന്നു... അവര്‍ക്ക് കുറച്ചൂടെ പരിഗണന കൊടുക്കാമായിരുന്നു എന്നൊക്കെ... ഇനിയും അടുത്തോരോ വേര്‍പാടിലും ആ തോന്നലുകള്‍ എന്നെ വീണ്ടും തേടിവരും... ആ നിമിഷങ്ങളില്‍ ആ കുറ്റബോധത്തിന്‍ തീവ്രത ഒന്ന് കുറയും എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇപ്പോള്‍ എല്ലാവരെയും നല്ലപോലെ സ്നേഹിക്കുന്നു... പ്രായഭേദമന്യേ അവര്‍ക്ക് വേണ്ട പരിഗണനകള്‍ കൊടുക്കാനും ശ്രമിക്കുന്നുണ്ട്... മരണശേഷം കാണിക്കുന്ന സ്നേഹമത്രയും അര്‍ത്ഥമില്ലാത്തതാണ് അത് അവരുടെ ആ യാത്രക്ക് മുന്നേ കൊടുക്കുവാന്‍ കഴിയണം... അതുകൊണ്ട് മരണം എന്ന യാഥാര്‍ത്ഥ്യം എന്നെ തേടിയെത്തുംവരെ എന്നാലാകും വിധം എനിക്കത് കൊടുക്കണം..."

കാലം വരുത്തിയ മാറ്റം

മാങ്ങ കണ്ട മാവിലെല്ലാം കല്ലെറിയുക... കയറിയാല്‍ കിട്ടുന്ന കൊമ്പിലാണെങ്കില്‍ അതില്‍ വലിഞ്ഞ് കയറും.. അങ്ങനെ മാങ്ങ, പേരയ്ക്ക, ചാമ്പക്ക, എന്നുവേണ്ടാ കഴിക്കാവുന്നതെന്തും പറിച്ച് തിന്നുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ വിനോദം... ഒന്നും മൂത്ത് പഴുത്ത് നിറം വരാന്‍ കാത്തുനില്‍ക്കാറില്ല! അതിനുമുന്നേ അകത്താക്കും... അതിനിപ്പോ ഭയങ്കര പുളിയോ ചവര്‍പ്പോ  ആയിരുന്നാല്‍ കൂടി അന്നത് ആസ്വാദ്യമായ രുചിയായിരുന്നു... ഒരു തരത്തില്‍ പറഞ്ഞാല്‍ കണ്ട പറമ്പിലെല്ലാം കയറി ഇറങ്ങി നടക്കുന്ന ഒരു കുരങ്ങന്‍ തന്നെയായിരുന്നു ആ പ്രായത്തില്‍... ഒറ്റക്കല്ല വേറെ കുരങ്ങന്മാരും ഉണ്ടായിരുന്നു കൂടെ... ഇന്ന് സ്വന്തം പറമ്പില്‍ അന്നത്തെ ആ പ്രിയപ്പെട്ട പഴങ്ങള്‍ മൂത്ത് പഴുത്ത് നിന്നിട്ടും ആര്‍ക്കും നോട്ടമില്ല... എനിക്കും വേണ്ട!... പ്രായം വരുത്തിയ മാറ്റമാണോ അതോ സ്വന്തവും, സുലഭവുമായപ്പോള്‍ വിലയില്ലാതെയായതാണോ എന്നറിയില്ല... എന്തായാലും ഇന്ന് ആ കനികള്‍ക്കായി പുതിയ ആവശ്യക്കാര്‍ എന്നോണം എന്‍റെ വീട്ടു പരിസരത്ത് നിറയെ കിളികളും അണ്ണാറന്മാരും ഉണ്ട്... അവരുടെ ശബ്ദകോലാഹലങ്ങളില്‍ അറിയാനാകുന്നു അവരുടെ ആ വരവും പോക്കും സന്തോഷവും... ഇന്ന് ഓരോന്നും പൂക്കുന്നതും കായ്ക്കുന്നതും പഴുക്കുന്നതുമെല്ലാം അവര്‍ക്ക് വേണ്ടി മാത്രമാണ്... ടാബിനും വീഡിയോ ഗെയിംമിനും അടിമപ്പെട്ട ഇന്നത്തെ ബാല്യത്തിന് അതിന്‍റെയൊന്നും രുചിയില്‍ തീരെ താല്‍പ്പര്യമില്ല!...”

Sunday 24 December 2017

പ്രായാനുശ്രിതം

സ്കൂളില്‍ പഠിച്ചിരുന്ന പ്രായത്തിലാണ് മഴയെ ശരിക്കും അറിഞ്ഞ് ആസ്വദിച്ചിട്ടുള്ളത്‌... അത് ചിലപ്പോള്‍ അന്ന് മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാകാം... ആ വലിയ ജനലിനോട്‌ ചേര്‍ന്നുള്ള ബെഞ്ചിലിരുന്നുകൊണ്ട് ആ ജാലകവഴി മഴയുടെ എല്ലാ ഭാവങ്ങളും ഞാനന്ന് കണ്ട് പഠിച്ചു... ശരീരം ക്ലാസ്സില്‍ ആണെങ്കിലും ശ്രദ്ധ മുഴുവന്‍ ക്ലാസ്സിന് പുറത്തേക്കായിരുന്നു... അവിടെ ഇതുപോലെ കര്‍ക്കിടകം പെയ്തിറങ്ങുന്നതും സ്കൂള്‍ ഗ്രൗണ്ട് നിറയെ മഴവെള്ളം കെട്ടിനില്‍ക്കുന്നതും ഇന്നും മനസ്സിലെ മായാത്ത കാഴ്ച്ചയാണ്... അന്ന് അനുഭവിച്ചറിഞ്ഞ ആ തണുപ്പിനോട് ഇന്നേറെ കൊതി തോന്നുന്നുണ്ട്... കലങ്ങിയതെങ്ങിലും ആ മഴ വെള്ളത്തിലൂടെ നടക്കാനും... ഒരു കുസൃതി പോലെ ചെളി വെള്ളം തെറിപ്പിക്കാനും... മഴനനഞ്ഞ് ക്രിക്കറ്റ് കളിക്കാനും... അങ്ങനെ അങ്ങനെ പലതും... ഒന്ന് ഞാനിന്ന് മനസ്സിലാക്കുന്നു ജീവിതത്തില്‍ പല കാര്യങ്ങളും അതിന്‍റെതായ ആ ഒരു പ്രായത്തില്‍ മാത്രമേ അറിയാനും ചെയ്യാനും സാധിക്കൂ...”

പ്രണയ ഗാനം

“പ്രണയിച്ചു തുടങ്ങിയപ്പോഴാണ് പ്രണയഗാനങ്ങളുടെ സുഖവും സൗന്ദര്യവുമെല്ലാം അടുത്തറിയാനായത്... ആ വരികളെ കൂടുതല്‍ ശ്രദ്ധിച്ചതും അതിന്‍റെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനായതും അന്നാണ്... അതുവരെ അതെല്ലാം എനിക്ക് വെറും ഓരോ പാട്ടുകള്‍ മാത്രമായിരുന്നു... ആര്‍ക്കോ വേണ്ടി ആരോ എഴുതി ആരോ സംഗീതം പകര്‍ന്ന് ആരോ പാടിയ പാട്ടുകള്‍... എല്ലാം വെറുതേ കേള്‍ക്കാനുള്ളവയായിരുന്നു... പ്രണയത്തിന്‍ പിണക്കവും ഇണക്കവും വിരഹവുമെല്ലാം വേറിട്ട് അറിയാനായതോടെ ആ പാട്ടുകള്‍ക്ക് എന്നില്‍ ജീവനായി... അവ ഓരോന്നും വ്യത്യസ്തമായ അനുഭൂതികളായി മാറി...  അങ്ങനെ “ചിലത് അറിഞ്ഞെങ്കിലെ മറ്റു ചിലതിനെ അറിയാനാകു...” എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു...”

Sunday 17 December 2017

വിയോഗങ്ങള്‍

“ഇന്നൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ പിന്നിട്ട ജീവിതവഴികളില്‍ കാണാനാവുന്ന എന്നില്‍ വന്ന എന്റേതായ മാറ്റങ്ങള്‍ വളരെ വളരെ വലുതാണ്‌...  അവിടെയെല്ലാം ഓരോരുത്തരുടെ കൈയ്യൊപ്പുകള്‍ ഉണ്ട്... ഇടറിവീണ പ്രായത്തില്‍ താങ്ങായവരുടെ, ലക്ഷ്യങ്ങളാകണം സ്വപ്‌നങ്ങളെന്ന് പഠിപ്പിച്ചവരുടെ, കണ്ണില്‍ കണ്ട ഷാളിന്‍റെയെല്ലാം പുറകേ പോയിരുന്ന കൗമാര മനസ്സിനെ പിടിച്ചു നിര്‍ത്തി അമ്മ പെങ്ങള്‍ എന്നൊക്കെ വ്യക്തമാക്കിതന്നവരുടെ, വികാരമല്ല വിചാരമാണ് എവിടേയും എപ്പോഴും കൂടുതല്‍ വേണ്ടതെന്ന് പറഞ്ഞു മനസ്സിലാക്കിതന്നവരുടെ, എണ്ണമറ്റ മിഥ്യാധാരണകളെ തിരുത്തി തന്നവരുടെ, നിരാശയുടെ കൊടുമുടിയിനിന്നും താഴെയിറക്കിയവരുടെ, ചുറ്റുമുള്ള സന്തോഷങ്ങളെ കണ്ടെത്താന്‍ പരിശീലിപ്പിച്ചവരുടെ, അങ്ങനെ മറക്കാനാവാത്ത ഒരുപാട് പേരുടെ കൈയ്യൊപ്പുകള്‍... ഇന്നത്തെ ഈ ഞാന്‍ എന്ന വ്യക്തിത്വത്തിന് രൂപം കൊടുത്തവരാണ് അവര്‍... പ്രിയപ്പെട്ട അവരില്‍ ചിലര്‍ അകാലത്തിലും അല്ലാതെയും എന്നില്‍നിന്ന്, ഈ ലോകത്തില്‍നിന്നു തന്നെ പോയി... ഇന്ന് അങ്ങനെ മറ്റൊരാളുകൂടി... വിയോഗങ്ങളാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത്‌... ആ വേദനയുടെ നിമിഷങ്ങളാണ് എന്നെ പലപ്പോഴും കണ്ണീരണിയിച്ചിട്ടുള്ളത്... അവരാരും എന്നില്‍ മരിക്കില്ല!... ഞാനെന്ന മരണം വരെ...”

ഇന്നലെകള്‍

“വര്‍ഷങ്ങള്‍ കണ്മുന്നിലൂടെ എത്രപെട്ടെന്നാ കടന്നുപോകുന്നത്... ഇന്ന് ഇവിടെവരെയെത്തി നില്‍ക്കുമ്പോള്‍ അറിയാനാവുന്നു പിന്നിട്ട ജീവിതത്തിലെ സുന്ദരമായൊരു കാലഘട്ടം അത് ആ സ്കൂളില്‍ ചിലവഴിച്ചതായിരുന്നു... പക്ഷെ ഇപ്പോഴാണ് അതോക്കെ ശരിക്കും മനസ്സിലാക്കുന്നത്... ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയായ ഒരിടമാണ് ആ സ്കൂള്‍... അന്നൊക്കെ പഠിക്കാനുള്ള മടികൊണ്ടു മാത്രം ഉമ്മയോടും ഉപ്പയോടും തലവേദന, വയറുവേദന, എന്നൊക്കെ കള്ളം പറഞ്ഞ് ക്ലാസ്സില്‍ പോകാതിരുന്ന ആ ഓരോ ദിവസവും ഇന്നെനിക്ക് വലിയ നഷ്ടങ്ങളായി തോന്നുന്നു... അതങ്ങനെയാണ്‌ “ഇന്ന്” എന്നത് എന്താണെന്ന് ഇന്ന് അറിയാതെ പോയാല്‍ നാളെ "ഈ" ദിവസവും ഒരു നഷ്ട്ടമായി തോന്നിയേക്കും...”

എനിക്ക് കാണണ്ട

മനോഹരമായിരുന്നു അവള്‍ അടുത്തുണ്ടായിരുന്ന ആ നിമിഷങ്ങളത്രയും... പിണങ്ങി എന്‍റെ മുഖത്ത് പോലും നോക്കാതെ മിണ്ടാതെ നടന്ന ആ ദിവസങ്ങളും... പാവമായിരുന്നു അവള്‍... ഒരു പച്ചപാവം... ഒരു തൊട്ടാവാടി... അതെല്ലാം ഓര്‍ക്കാനിടയായപ്പോള്‍ എന്നോ കഴിഞ്ഞുപോയ ആ ഒരു കാലം ഇന്നെനിക്ക് സമ്മാനിച്ചത് സങ്കടം നിറഞ്ഞ ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു... അവളെ ഇന്ന് കാണാന്‍ കഴിയാത്തതില്‍ വിഷമുണ്ടോ എന്ന് ചോദിച്ചാല്‍... ഇല്ല!... മാറ്റങ്ങളാല്‍ അവളിന്ന് ഏറെ മാറിയിരിക്കും... ഇന്ന് ആ മുഖം കണ്ടാല്‍ മായാതെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കൊണ്ടു നടക്കുന്ന ആ പ്രിയപ്പെട്ട മുഖം എന്നില്‍ നിന്നും എനിക്ക് നഷ്ടമാകും... അതെന്‍റെ ഉള്ളില്‍ നിന്നും തീര്‍ത്തും മാഞ്ഞുപോയേക്കും... അതുകൊണ്ട്  വേണ്ട!... എനിക്ക് കാണണ്ട!..”

Wednesday 6 December 2017

വിയോഗങ്ങള്‍

“ഇന്നൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ പിന്നിട്ട ജീവിതവഴികളില്‍ കാണാനാവുന്ന എന്നില്‍ വന്ന എന്റേതായ മാറ്റങ്ങള്‍ വളരെ വളരെ വലുതാണ്‌...  അവിടെയെല്ലാം ഓരോരുത്തരുടെ കൈയ്യൊപ്പുകള്‍ ഉണ്ട്... ഇടറിവീണ പ്രായത്തില്‍ താങ്ങായവരുടെ, ലക്ഷ്യങ്ങളാകണം സ്വപ്‌നങ്ങളെന്ന് പഠിപ്പിച്ചവരുടെ, കണ്ണില്‍ കണ്ട ഷാളിന്‍റെയെല്ലാം പുറകേ പോയിരുന്ന കൗമാര മനസ്സിനെ പിടിച്ചു നിര്‍ത്തി അമ്മ പെങ്ങള്‍ എന്നൊക്കെ വ്യക്തമാക്കിതന്നവരുടെ, വികാരമല്ല വിചാരമാണ് എവിടേയും എപ്പോഴും കൂടുതല്‍ വേണ്ടതെന്ന് പറഞ്ഞു മനസ്സിലാക്കിതന്നവരുടെ, എണ്ണമറ്റ മിഥ്യാധാരണകളെ തിരുത്തി തന്നവരുടെ, നിരാശയുടെ കൊടുമുടിയിനിന്നും താഴെയിറക്കിയവരുടെ, ചുറ്റുമുള്ള സന്തോഷങ്ങളെ കണ്ടെത്താന്‍ പരിശീലിപ്പിച്ചവരുടെ, അങ്ങനെ മറക്കാനാവാത്ത ഒരുപാട് പേരുടെ കൈയ്യൊപ്പുകള്‍... ഇന്നത്തെ ഈ ഞാന്‍ എന്ന വ്യക്തിത്വത്തിന് രൂപം കൊടുത്തവരാണ് അവര്‍... പ്രിയപ്പെട്ട അവരില്‍ ചിലര്‍ അകാലത്തിലും അല്ലാതെയും എന്നില്‍നിന്ന്, ഈ ലോകത്തില്‍നിന്നു തന്നെ പോയി... ഇന്ന് അങ്ങനെ മറ്റൊരാളുകൂടി... വിയോഗങ്ങളാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത്‌... ആ വേദനയുടെ നിമിഷങ്ങളാണ് എന്നെ പലപ്പോഴും കണ്ണീരണിയിച്ചിട്ടുള്ളത്... അവരാരും എന്നില്‍ മരിക്കില്ല!... ഞാനെന്ന മരണം വരെ...”

Friday 17 November 2017

പ്രണയം...

അന്ന് ഉള്ളില്‍ തോന്നിയത് ഒന്ന് തുറന്നു പറയാന്‍ ഞാന്‍ കൊതിച്ചും, മടിച്ചും നടന്നു... അതുണ്ടാക്കിയ വീര്‍പ്പുമുട്ടല്‍ ഒരു തരം ഭ്രാന്ത് പിടിപ്പിച്ചിരുന്നു... എന്‍റെ ഉറക്കം കെടുത്തിയിരുന്നു... അവള്‍ എന്നും  തൊട്ടരികില്‍  ഉണ്ടായിരുന്നിട്ടും അന്ന് ഞാനത് പറയാന്‍ എന്തിനോ വേറൊരു അവസരത്തിനായി കാത്തിരുന്നു... ഇന്ന് അതോര്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നു അന്ന് ഞാനെന്തോരു മണ്ടനായിരുന്നുവെന്ന്... ഒടുവില്‍ ഒരുനാള്‍ പറയാതെ പറഞ്ഞറിഞ്ഞ പോലെ അവളുടെ ആ മുഖ ഭാവങ്ങളില്‍... ആ ചിരിയില്‍... എന്നെ നോക്കിയ ആ തിളങ്ങുന്ന കണ്ണുകളില്‍... ആ സംസാരത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു മാറ്റം അത് എന്‍റെ പ്രണയമായിരുന്നു... ഞാന്‍ കൊതിച്ച അവള്‍ എന്ന പ്രണയം...”

പരിഭവം

ഇത്തവണ നാട്ടില്‍ വന്നിട്ടും തമ്മില്‍ കാണാറുണ്ടായിരുന്ന ഒരിടത്തും എന്നെ കാണാത്തതിനാല്‍ പരിഭവത്തിലായിരിക്കും അവള്‍... അവിടെയെല്ലാം അവളെന്നെ പലവട്ടം തേടികാണും... അവള്‍ക്കറിയാം എവിടെയാണെങ്കിലും അവളോടുള്ള എന്‍റെ സ്നേഹം കുറയില്ലെന്നും, ഞാന്‍ ഒരിക്കലും അവളെ മറക്കിലെന്നും... പാവം… വിരഹിണിയാം അവള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകാം കഴിഞ്ഞ കാലത്തിലെ ആ അനുരാഗ നിമിഷങ്ങള്‍... എല്ലാം ഇന്നൊരു സ്വപ്നത്തിലെന്ന പോലെ... ഒന്ന് നീ അറിയുക പ്രിയേ ഏറെ ദൂരെ ഈ മണലാര്യണ്യത്തില്‍ ഏകനായ് നില്‍ക്കുമ്പോഴും നിന്‍റെ അഭാവത്തിലും ഞാന്‍ നിന്നെ പ്രണയിക്കുന്നു... എനിക്ക് ഇന്ന് നിന്നെ കാണാനാകുന്നില്ല! എങ്കിലും എനിക്കറിയാം ഞാന്‍ ആ പടികള്‍ ഇറങ്ങി വരുന്നതും പ്രതീക്ഷിച്ച് നീ ഇന്നും എന്‍റെ മുറ്റത്ത് പെയ്യ്തിറങ്ങുകയാവും...”

Sunday 5 November 2017

ചിലര്‍.

ചിലരെ ഒരിക്കല്‍ ഒന്ന് പരിചയപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ മറക്കില്ല!... എന്നാല്‍ അവരെ കുറിച്ച് എന്തെങ്കിലും കാര്യമായി അറിയോ? എന്ന് ചോദിച്ചാല്‍ അത് അറിയേണ്ടതില്ല എന്നതുകൊണ്ടുതന്നെ ഒരു പേരിനോ, ആ ശബ്ദത്തിനോ, അല്ലെങ്കില്‍ ആ ഒരു രൂപത്തിനോ അപ്പുറത്തേക്ക് ഒന്നും അറിഞ്ഞെന്നു വരില്ല... അങ്ങനെയുള്ള വ്യത്യസ്ഥങ്ങളായ വ്യക്തിത്വങ്ങള്‍ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്... അവര്‍ ചിലപ്പോള്‍ ഒരു ഗന്ധര്‍വ്വനെപോലെ അല്ലെങ്കില്‍ അപരിചിതയായ ഒരു കാക്കാലത്തിയേപോലെ മുന്നില്‍വരും...  പരിചയപ്പെട്ട് ഓര്‍മ്മകളുടെ ഒരു ഓമനചെപ്പും സമ്മാനിച്ച് വന്നപോലെ അവര്‍ എവിടേക്കോ പോയ്മറയും... പിന്നീട് അതെല്ലാം ഒരു സ്വപ്നത്തിന്‍ ഓര്‍മ്മകള്‍ പോലെയാണ്... അവിടെ അവര്‍ മുത്തശ്ശികഥയിലെ മുന്‍ജന്മബന്ധ കഥാപാത്രങ്ങളായി തോന്നും... സംഭവിച്ചതെല്ലാം അവിശ്വസനീയമാം ഒരു മായാജാലം പോലേയും...”

Saturday 4 November 2017

യാത്രാമൊഴി

“ചിലര്‍ അങ്ങനെയാണ്... ഒരു വേനല്‍ മഴ പോലെ, ഒരു തണുത്ത കാറ്റുപോലെ അരികില്‍ വരും... ആ വരവ് നമ്മള്‍ അറിയുമെങ്കിലും പിന്നീട് അതില്‍ പലരെയും അങ്ങനെ കാര്യമായി ശ്രദ്ധിച്ചുവെന്ന് വരില്ല!.. എന്നാല്‍ അവര്‍ അകന്നു പോയി കഴിയുമ്പോള്‍ അറിയാനാകും ആരോ ഒരാള്‍ ഇന്നലെ വരെ എന്‍റെ നിഴലിന്‍റെ കൂടെയുണ്ടായിരുന്നില്ലേ എന്നൊരു തോന്നല്‍... ഒരു പക്ഷെ അവരെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവര്‍ എനിക്ക് ആരോ, എന്തോ ആയിരുന്നുവെന്നും തോന്നാം... അവള്‍ അങ്ങനെ ആയിരുന്നു... ഒടുവില്‍ ഞാന്‍ തേടിയപ്പോള്‍ അവള്‍ എന്നില്‍നിന്നും ഏറെ ദൂരെയായിരുന്നു... ഒരു വിളിയില്‍ തിരിഞ്ഞ് നോക്കിയ അവള്‍ ഒരു പുഞ്ചിരിയോടെ കൈവീശി യാത്ര പറഞ്ഞു... “നിറഞ്ഞ കണ്ണുകളോടെ ചിരിക്കുന്ന മുഖം” അത് ഞാനന്ന് ആദ്യമായി കാണുകയായിരുന്നു...”

Thursday 2 November 2017

അതി സുന്ദരം...

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും പുറത്ത് മഴപെയ്യുന്ന പോലെ തോന്നുമായിരുന്നു... അത് ചിലപ്പോള്‍ പ്രിയങ്കരമായ ഒന്നിനോടുള്ള മനസ്സിന്‍റെ കൊതികൊണ്ടായിരിക്കാം... കാര്‍മേഘം പരത്തുന്ന ആ ചെറിയ ഇരുട്ട് പയ്യെ ക്ലാസ്സ്‌ മുറിയിലേക്ക് കയറിവരുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഞാനന്ന് അനുഭവിച്ചിരുന്നു... പ്രിയപ്പെട്ട ഒരാള്‍ വരാന്‍ പോകുന്നു എന്നറിയുമ്പോള്‍ തോന്നുന്ന അതേ സന്തോഷം... പിന്നെ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ആരവത്തോടെ മഴയെത്തുമ്പോള്‍ ആ ശബ്ദത്തെ തോല്‍പ്പിക്കാന്‍ ടീച്ചര്‍ക്ക് കഴിയാതെയാകും... അവിടെ ഒരു തോല്‍വി സമ്മതിച്ച് ടീച്ചര്‍ ക്ലാസ്സ്‌ നിര്‍ത്തും!... അതും ഏറെ സന്തോഷം തന്നിരുന്നു... ഇന്നോര്‍ക്കുമ്പോള്‍ അതി സുന്ദരം തന്നെ അന്ന് ആ ജാലക വഴിയിലൂടെ മഴയെന്‍റെ അരികില്‍ വന്ന നിമിഷങ്ങളെല്ലാം...”

Tuesday 31 October 2017

അര്‍ത്ഥങ്ങള്‍

“കാലവും കാഴ്ച്ചപ്പാടുകളും ഏറെ മാറി... വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അതിലേറെ മാറി... ഇന്ന്‍ ഒരു “ഹായ്” പറഞ്ഞാല്‍ ഫ്രണ്ട് ആയി... തിരിച്ച് ഒരു “ഹായ്” കിട്ടിയാല്‍ അത് ബെസ്റ്റ് ഫ്രണ്ട് ആയി... കൂടെ നടന്നാല്‍ “ലവ്” ആയി “ലവ്വര്‍” ആയി... ഒന്ന് കണ്ടറിഞ്ഞ പരിചയത്തിന്‍ പേരാണോ “സൗഹൃദം”?... അതിന് അവിടെനിന്നും പിന്നെയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു... “ഫ്രണ്ട്” എന്നത് ഇന്നാര്‍ക്കും എളുപ്പം കിട്ടാവുന്ന ഒരു പദവി ആയതുകൊണ്ട് ഉറ്റ മിത്രത്തെ പോലും അങ്ങനെ വിശേഷിപ്പിക്കാന്‍ എനിക്കാവുന്നില്ല!... ഇന്ന് ഒരുമാതിരി ചീപ്പ് വാക്ക് പോലെയായിരിക്കുന്നു അത്... തീരെ വില കുറഞ്ഞ ഒരു വാക്ക്... സായിപ്പിന്‍റെ ഭാഷയിലെ പലവാക്കുകള്‍ക്കും ഇന്ന് ജീവനില്ലെന്ന് തോന്നാറുണ്ട്... രാവിലേയും ഉച്ചക്കും വൈകീട്ടും രാത്രിയും ആശംസിച്ചു കിട്ടുന്ന വാക്കുകളില്‍ ഒരു വികാരവും ഇല്ലാതായി... അതങ്ങനെ കാണുന്നത് കലിയായി... പറയുന്നതില്‍ വെറുപ്പും!...

Monday 30 October 2017

പ്രഭാതം

രാത്രിമഴ പെയ്തു തോർന്ന പ്രഭാതമായിരുന്നു ഇന്ന്... രാവിലെ ഉണർന്നപ്പോൾ കണ്ട ആ അന്തരീക്ഷം എന്നെ കൊതിപ്പിക്കുന്നതായിരുന്നു... ഒരു ചായയുമായി വാതിൽക്കൽ നിൽക്കുമ്പോൾ അറിയാതെ ഒത്തിരി ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തി... പണ്ട് സ്കൂളിൽ പോകാൻ മടിച്ച് എഴുന്നേറ്റ പ്രഭാതത്തിനും വൃശ്ചിക പുലരികളിൽ പാലു വാങ്ങാൻ നടന്നു പോയിരുന്ന പ്രഭാതങ്ങൾക്കും ഇതേ ഭംഗിയായിരുന്നു... നല്ല തണുത്ത കാറ്റ് വന്ന് തലോടിയപ്പോൾ കണ്ണുകൾ പൂട്ടി ഞാൻ അതും ആസ്വദിച്ചു... കുളിക്കാൻ നേരം വെള്ളത്തിന് പതിവില്ലാത്ത തണുപ്പും... ഇത്ര മനോഹരമായ ഒരു തുടക്കമായി പ്രിയപ്പെട്ട പ്രഭാതം പ്രിയമുള്ളൊരാളുടെ ഒരു സ്നേഹ സമ്മാനം പോലെ..."

Thursday 26 October 2017

ആഗ്രഹങ്ങള്‍...

ചില ആഗ്രഹങ്ങള്‍ എന്നും ആഗ്രഹങ്ങളായി തന്നെ കൊണ്ടു നടക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... അതെങ്ങാനും സാധിച്ചാല്‍ ആ പ്രതീക്ഷയും അതിനായുള്ള കാത്തിരിപ്പും അവിടെ അവസാനിക്കും... അതൊരു ചെറിയ വിഷമം തരും... എന്നും രാവിലെ എഴുനേല്‍ക്കാനുള്ള ഒരു പ്രചോദനമായി എന്തെങ്കിലും ഒന്ന് വേണം എന്നത് അനിവാര്യമാണ്... എന്നാല്‍ മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ലെന്ന തിരിച്ചറിവ് മനസ്സിലാക്കി തരുന്നു “വിഷമിക്കണ്ടാ ഒന്ന് കഴിയുമ്പോ അടുത്തത് താനേ വരും... അത് എവിടെന്നെങ്കിലും ഏതെങ്കിലും രൂപത്തില്‍ വരും..വന്നിരിക്കും!” എന്ന്...”

Wednesday 25 October 2017

തേടുകയാണ്

കാലങ്ങളായി ഞാൻ എന്തോ തേടുകയാണ്... അതെന്തിനെയാണെന്ന് എനിക്കിന്നും നിശ്ചയമില്ല!.. പരിചിതമായ ആ ഒരു മുഖമാണോ?.. പ്രിയപ്പെട്ട എന്തെങ്കിലും വസ്തുവിനെയാണോ?.. സാന്ത്വനമാണോ? സ്നേഹമാണോ? സന്തോഷമോ അതോ ആഗ്രഹ സക്ഷാത്ക്കാരങ്ങളെയോ? അറിയില്ല!.. യാത്രാവേളകളിൽ, ആ വഴിയോരങ്ങളിൽ, എന്നരികിൽ, വിജനതകളിൽ, ഇരുട്ടിൽ... അങ്ങനെ ഒരോ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും കണ്ണും മനസ്സും ഒരുപോലെ എന്തിനേയോ തേടിക്കൊണ്ടിരിക്കുന്നു... അപ്രതീക്ഷിതമായി അത് കാണാനാവും എന്ന ഒരു വലിയ പ്രതീക്ഷയോടെ... ഒരു പക്ഷെ ഞാനാ ബിന്ദുവിനെ തേടുകയാവാം... എല്ലാ യാത്രകളും ചെന്നവസാനിക്കുന്ന മരണമെന്ന ബിന്ദുവിനെ... ഒരു നിമിഷത്തെ..."

Sunday 22 October 2017

സാക്ഷികള്‍

“അന്നും ഇതുപോലെ മഴയായിരുന്നു... ആ മഴയില്‍ കുളിച്ച് അതി സുന്ദരിയായ കടലും, അവിടെ കാറ്റില്‍ ഒരുപോലെ നൃത്തം ചെയ്ത കാറ്റാടി മരങ്ങളും, കാലുകളെ തഴുകി തിരികേ പോയ തിരമാലകളും, മണ്ണിനെ ചുംബിക്കാനെത്തിയ മഴത്തുള്ളികളും, കുളിരായ് തലോടി മറഞ്ഞ കാറ്റും, കുതിര്‍ന്ന മണലില്‍ പതിഞ്ഞ കാല്‍പ്പാടുകളും അന്നെന്‍റെ പ്രണയത്തിന് സാക്ഷികളാവുകയായിരുന്നു... അവിടെ “അവള്‍” എനിക്ക് ഏറെ പ്രിയങ്കരിയായ ആ മഴ തന്നെയായിരുന്നു...”

പ്രണയം അതൊരു ജിന്നാ

ഒരിക്കൽ ഒരാളോട്‌ പ്രണയം തോന്നിതുടങ്ങിയാൽ.....
പിന്നെ ഓരോ നിമിഷവും നമ്മുടെ ഹൃദയമിടിപ്പ്‌ നിയന്ത്രിക്കുന്നത്‌ അവരായിരിക്കും...
കണ്ണടച്ചാലും തുറന്നാലും  അവരുടെ മുഖമായിരിക്കും....
എന്നും അവരെ കാണാനുള്ള കൊതിയായിരിക്കും...
അവരോട്‌ എത്ര മിണ്ടിയാലും മതിയാകാത്തത്‌ പോലെ തോന്നും...
അവരെ എന്നും കണ്ടുകൊണ്ടിരിക്കാൻ തോന്നും...
അവരെന്നും അരികിൽ വേണമെന്ന് കൊതിക്കും...
അവരെ ഒന്ന് കാണുംബോഴേക്ക്‌ ഹൃദയം വല്ലാതങ്ങ്‌ തുള്ളിചാടും...
ചുരുക്കി പറഞ്ഞാൽ ഒരു വട്ട്‌.....
ഒരാളെ ജീവനേക്കാളേറെ സ്നേഹിച ഭ്രാന്ത്‌....

ഈ പ്രണയം തോന്നി തുടങ്ങിയാൽ അത്‌ മാഞ്ഞു പോകണമെങ്കിൽ നമ്മൾ മരിക്കണം...
അല്ലെങ്കിൽ ഈ ലോകം അവസാനിക്കണം....

Thursday 28 September 2017

ഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക്

എത്രയോ വട്ടം പുനര്‍ജ്ജനിച്ചിരിക്കുന്നു
ഞാന്‍ ഓര്‍മ്മയായും, നിലാവായും, സ്വപ്നമായും 
ഞാന്‍ തീര്‍ത്ത എന്‍റെ അക്ഷരച്ചെപ്പിന്‍റെ സ്പന്ദനത്തില്‍ !!

ഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക് !!

നിന്‍റെ ഓര്‍മ്മകളില്ലാതെ,
നീയില്ലാതെ ഞാന്‍ എങ്ങനെ ഞാനാവും ... !!

Friday 22 September 2017

മനസ്

ചുവന്നു പൂത്ത വേനലില്‍ ആത്മാവ് ദഹിക്കുമ്പോള്‍
ഓര്‍മ്മകളിലൊരു പേമാരി പെയ്യുമായിരിക്കും !

അതില്‍ നനഞ്ഞു കൊഴിയുന്ന നിമിഷങ്ങളില്‍
ദൂരെയെവിടെയോ നീയെന്നെ മറക്കുമായിരിക്കും !

ഇരുളിലൊരു തിരിനാളമാടി ഉലയുമ്പോള്‍ പുലരിക്കായ്‌കാത്തൊരു നക്ഷത്രമുദിക്കുമായിരിക്കും

നിന്നെയോര്‍ക്കാതെ ഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍ നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !

Thursday 31 August 2017

തനിച്ഛ്

കാലമേ നീയേകിയ അകലമാണ്...
ഈ പ്രണയത്തെ ഇത്രയും തീവ്രമാക്കുന്നത്.....

അകന്നിരിക്കുമ്പോൾ
കൂട്ടു വരുന്നതത്രയും നിൻ ഓർമ്മകൾ....

അടുക്കുവാൻ, കൂടുതൽ
അടുക്കുവാൻ വേണ്ടിയുള്ള കാത്തിരിപ്പ്....

ഒറ്റയാകുമ്പോഴെ ഓര്‍മ്മകള്‍ കൂട്ടിനെത്തൂ...

പലതും മറന്നുപോകാതിരിക്കാന്‍
ചിലപ്പോഴൊക്കെ ഒറ്റയാകുന്നതും നല്ലതാ.....

Wednesday 16 August 2017

എന്നും എന്റേത് മാത്രം

ഇനിയും നിന്റെ
മൗനത്തിനാവും എന്നിൽ,
ഒരായിരം കവിതകൾ പണിയുവാൻ...

മൗനം പ്രണയത്തിന്റെ
മറ്റൊരു ഭാഷയാകുമ്പോൾ,
എന്റെ തൂലിക ചലിച്ചു കൊണ്ടേയിരിക്കും...

എനിക്ക്
സ്വന്തമല്ലെങ്കിലും, ഒരായിരം വട്ടം
നെഞ്ചോട് ചേർത്ത് ഞാൻ പറയുന്നുണ്ട്,....

"എന്നും എന്റേത് മാത്രം

Tuesday 8 August 2017

അറിയുക

എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു..... എഴുതി തീർത്തത് എന്റെ ജീവിതവും..... നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത്..... എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്....!!! 

                     

Monday 31 July 2017

നീ

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീ എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു.... ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു... എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നേഹിച്ചതിന് നിന്നെ കണ്ടുമുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു... നിന്റെ സ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും ആദ്യം ഞാന്‍ അറിഞ്ഞില്ലായിരുന്നു... ഇന്നു നീ എന്നെ എല്ലാം കാണാന്‍ പഠിപ്പിച്ചു... എല്ലാം മനസിലാക്കാന്‍ നീ എന്നെ പഠിപ്പിച്ചു ഒരു പുതിയ ജീവിതവും നീ എനിക്ക് തന്നു... അത് എന്റെ ജീവിതത്തെ ഒരുപാടു സന്തോഷിപ്പിച്ചു.. പിന്നെ ഞാന്‍ നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്... ചിലപ്പോള്‍ നിന്നെ ഒന്നു കാണാന്‍ കൊതിതോന്നാറുണ്ട്... ആ കൊതി വേദന മാറാത്ത ഒരു നൊമ്പരമായി തോന്നറുണ്ട്... പക്ഷെ നിന്റെ ഹൃദയം എന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു... എന്റെ സങ്കടങ്ങളില്‍ നീ നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു... എന്റെ ഹൃദയം പ്രണയത്തിന്റെ അര്‍ത്ഥത്തിനായി കൊതിക്കുമ്പോള്‍ നിന്റെ സ്നേഹം എന്നെ ശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു... നീ ഇല്ലാതെ എന്റെ ജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല നീ ഉള്ളപോള്‍ എന്റെ ജീവിതം മുഴുവന്‍ ആശകള്‍ ആണ് നീ ഉള്ളപോള്‍ എന്റെ സ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു. നീ എന്നെ നിന്‍ കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരിക്കലും എനിക്ക് അകലാന്‍ തോന്നാറില്ല.... കാരണം നിന്റെ സന്തോഷം ആണ് എന്റെ ജീവിതം...