Friday 9 December 2016

അന്ധവിശ്വാസങ്ങള്‍

കേട്ടാല്‍ ചിരിച്ചുപോകുന്ന തരത്തില്‍ കൊച്ചു കൊച്ചു വിശ്വാസങ്ങള്‍ നമ്മള്‍ മിക്കവരിലും ഉണ്ട്... ദൈവ വിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും അപ്പുറത്ത് വേറിട്ട് നില്‍ക്കുന്നവ... എപ്പോഴോ സ്വന്തം അനുഭവങ്ങളിലൂടേയും അടുത്തുള്ളവരിലൂടേയും ഉരുത്തിരിഞ്ഞ് നമ്മളിലേക്ക് ചേക്കേറിയവയാണ് അവയെല്ലാം... ചെറിയ പ്രായം മുതല്‍ക്കെ കണ്ടും കേട്ടും അറിഞ്ഞ അങ്ങനെയുള്ള കാര്യങ്ങള്‍ ഒട്ടനവധിയാണ്... പുസ്തകതാളുകള്‍ക്കിടയില്‍ ആകാശം കാണാതെ മയില്‍‌പീലി ഒളിപ്പിച്ചു വച്ച ആ ഒരു കൂട്ടുകാരിയില്‍ നിന്നും തുടങ്ങിയാല്‍ അതങ്ങനെ പറയാനേറെയുണ്ട്... വല്ലപ്പോഴും കാണാറുള്ള പച്ചക്കുതിരയിലും, കറുത്ത ഉറുമ്പിലും ഉണ്ടായിരുന്നു വിശ്വാസങ്ങള്‍... ആന വാലിനും, പുലി നഖത്തിനും പറയാനുണ്ടായിരുന്നു അവരോടുള്ള ഓരോരുത്തരുടെ വിശ്വാസങ്ങള്‍... കാക്കയേയും കരിമ്പൂച്ചയേയും പറ്റിയുള്ളവ വേറെ... ഒറ്റ മൈനയെ കണ്ടാല്‍ വലിയ പ്രശ്നമായിരുന്നു... അവിടേയും അവസാനിക്കുന്നില്ല ആ പട്ടിക... ഒരു കുഞ്ഞുപോലും അറിയാതെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന വിശ്വാസങ്ങള്‍ക്ക് ഒരു കണക്കുണ്ടാകില്ലെന്നതാണ് സത്യം... ഇന്നിങ്ങനെ ഓരോന്നും പറയുമ്പോള്‍ അതെല്ലാം കുട്ടികളിലെ, കുട്ടിക്കാലത്തെ കാര്യങ്ങളല്ലെ എന്ന്‍ പലരും പറഞ്ഞേക്കാം... എന്നാല്‍ ഇന്നും അതുപോലെയൊക്കെ ഉണ്ട്.... പലപ്പോഴും അങ്ങനെയുള്ള അനുഭവങ്ങളിലൂടെ നമ്മള്‍ ഓരോ നിഗമനങ്ങളില്‍ എത്തുകയാണ്... അതുപിന്നെ ഒരു വിശ്വാസമായി മനസ്സില്‍ കുടിയിരിക്കും... മറ്റുള്ളവര്‍ കേട്ടാല്‍ കളിയാക്കും എന്ന് നമുക്കുതന്നെ ഉറപ്പുള്ള ഓരോ അന്ധവിശ്വാസങ്ങളായി... എന്നും...”

No comments:

Post a Comment