Friday 30 December 2016

അഭിനയിക്കുകയാണ്

ഇന്ന് വളരെ അടുത്തറിയാവുന്ന പലരെയും അവിചാരിതമായാണ് ഞാന്‍ പരിചയപ്പെടാന്‍ ഇടയായത്... ഒരു പുകമറയില്‍ ആരോ എന്നപോലെ അവ്യക്തമായിരുന്നു ആദ്യ കാഴ്ച്ചയില്‍ എനിക്കവരെല്ലാം... അരികിലേക്ക് ചെല്ലുന്തോറും മൂടല്‍മഞ്ഞിന്‍ ആവരണം നീങ്ങുന്ന പോലെ അവര്‍ കുറെക്കൂടി തെളിഞ്ഞുവന്നു... അങ്ങനെ ഓരോ അടികളായി അവരിലേക്ക് അടുക്കുന്തോറും അതുവരെയുണ്ടായിരുന്ന അവരെന്ന പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും മാറ്റി നിര്‍ത്തിച്ച് ഓരോ അത്ഭുതങ്ങളായി മാറുകയായിരുന്നു അവരെനിക്ക്... ആദ്യം കണ്ടപ്പോള്‍ ഒന്ന് ചിരിക്കാന്‍ പോലും അറിയില്ലെന്ന് തോന്നിപ്പിച്ചവര്‍ യാഥാര്‍ത്ഥ്യത്തില്‍ ചിരിക്കാനും ചിരിപ്പിക്കാനും മിടുക്കരായിരുന്നു... കാഴ്ച്ചയില്‍ ഏറ്റവും സന്തോഷമുള്ളവരായി തോന്നിയവര്‍ ശരിക്കും പ്രാരാബ്ധങ്ങളുടെയും വേദനകളുടെയും ഭാണ്ഡം പേറി നില്‍ക്കുന്നവരായിരുന്നു... ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാവരും അഭിനയിക്കുകയാണ്... ശരിയായ തന്നെ മറ്റുള്ളവര്‍ കാണണ്ട, അറിയണ്ട എന്നൊക്കെയുള്ള ഓരോ ഉദ്ദേശത്തോടെ അഭിനയത്താല്‍ “താന്‍” എന്ന യാഥാര്‍ത്ഥ്യള്‍ക്ക് മുന്നിലായി ഒരു മറ പിടിച്ചിരിക്കുകയാണ് മിക്കവരും... അടുത്ത് നില്‍ക്കുമ്പോഴുണ്ടാകുന്ന ഒരു വിശ്വാസതയില്‍ മാത്രമാണ് അവര്‍ ആ മറകള്‍ ഒന്ന് മാറ്റുക... അവിടെ അപ്പോള്‍ കാണാം പച്ചയായ മനുഷ്യനെയും ജീവിതത്തെയും... അങ്ങനെ ഇന്നോളം ഞാന്‍ പരിചയപ്പെട്ടതും അടുത്തറിഞ്ഞതുമായ ഓരോ വ്യക്തികളും, വ്യക്തിത്വങ്ങളും തികച്ചും വ്യത്യസ്ഥങ്ങളായ ഓരോ പാഠങ്ങളാണ് എനിക്ക്... നിറവും മണവും, രുചിയും രൂപവും ഒന്നും ഒരുപോലെയല്ലാത്ത ജീവിതങ്ങള്‍... ഇങ്ങനെ അഭിനയിക്കാന്‍ കഴിവില്ലായിരുന്നെങ്കില്‍ നമുക്കാര്‍ക്കും ആരുടെ മുന്നിലും കള്ളത്തരങ്ങള്‍ കാണിക്കാന്‍ കഴിയില്ലായിരുന്നു... ഈ കഴിവ് മൃഗങ്ങള്‍ക്കുണ്ടോ എന്നറിയില്ല! “അഭിനയം” മനുഷ്യ സിദ്ധിയാണെന്ന് തോന്നുന്നു... എന്തായാലും അത് നമ്മള്‍ ശരിക്കും ഉപയോഗിക്കുന്നുണ്ട്... എല്ലാ രീതിയിലും..."

Tuesday 27 December 2016

ഹൃദയം വേദനിപ്പിച്ചു നീ പോയനാൾ

നീ എന്നെ മറന്നതെനിക്കോർമയുണ്ട്
ഞാൻ നിന്നെ മറന്നതോർമ്മയില്ല
ഞാൻ മറന്നില്ല ഓർമിക്കുവാൻ
നിന്നെയെനിക്കോർമിക്കുവാൻ നിന്റെയോർമ പോലും വേണ്ട 
മൗനം തന്നെ ധാരാളം 
മൗനം മുറിക്കുവാൻ ഒരു നോട്ടം മതിയെന്നതിനാലാവാം
നോട്ടമില്ലാതുള്ള ഇരവുകൾ പകലുകൾ 
എന്നിലെ കാഴ്ച്ചയിൽ മാത്രമായത്
എന്നോടൊരു മാപ്പു ചോദിച്ചു നീ മറഞ്ഞതോർമയുണ്ടെനിക്ക് 
തൊണ്ടയിൽ പ്രണയം കുരുങ്ങി 
ഞാൻ ചത്ത നാൾ

Wednesday 21 December 2016

വിരഹം എന്താണെന്നറിഞ്ഞത്.

സമയം സന്ധ്യയായി തുടങ്ങിയിരുന്നു... പതിവുപോലെ “നാളെ കാണാം..” എന്ന വാക്കാല്‍ യാത്രപറയാന്‍ മടിച്ച് അവള്‍ എന്നോട് ചേര്‍ന്നിരിക്കുകയായിരുന്നു... ഇനി തമ്മില്‍ കാണുമോ എന്ന ചിന്ത ആ സമയം എന്നെയും വല്ലാതെ വീര്‍പ്പുമുട്ടിച്ചു... എപ്പോഴും എവിടെയും വാചാലരായിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് “മൗനം” ആദ്യമായി കടന്നു വന്ന നിമിഷങ്ങളായിരുന്നു അത്... ഇന്നലെകള്‍ എത്ര നിറമാര്‍ന്നതായിരുന്നു എന്ന തിരിച്ചറിവ് അന്നവിടെ ഞാന്‍ അറിഞ്ഞു തുടങ്ങി... എങ്ങനെയാണ് എന്തു പറഞ്ഞാണ് ഞാന്‍ അവളെ യാത്രയാക്കുക... അതെനിക്ക് അറിയില്ലായിരുന്നു... ജീവിതത്തില്‍ ആദ്യായിട്ടായിരുന്നു അങ്ങനെ ഒരു സന്ദര്‍ഭം... കാത്തുനിന്ന കൂട്ടുകാരി “_ _ _ വാ പോകാം...” എന്ന് അവളെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നി... ഒടുവില്‍ മടിച്ചു മടിച്ചെങ്കിലും ആ വാടിയ മുഖത്തെ കലങ്ങി ചുവന്ന ഉണ്ട കണ്ണുകളാല്‍ ഒരു യാത്രാമൊഴിയേകി അവള്‍ നടന്നകന്നു... ഹൃദയത്തില്‍ നിന്നും എന്തോ പറിച്ചെടുക്കും പോലെ, എന്തോ ഉള്ളില്‍ നിന്നും ഇറങ്ങിപോകുന്ന പോലെ ഒരു വേദന സമ്മാനിച്ചുകൊണ്ട് അവള്‍ പോയി... തുടര്‍ന്നുള്ള നാളുകളിലാണ് ഞാന്‍ വിരഹം എന്താണെന്നറിഞ്ഞത്... ഏകാന്തതയില്‍ ഓര്‍മ്മകളെ പ്രണയിക്കാനും, വിരഹഗാനങ്ങളെ അവ തരുന്ന സുഖമുള്ള നോവറിഞ്ഞ് ആസ്വദിക്കാനും ഞാന്‍ പഠിച്ചു തുടങ്ങി... യാഥാര്‍ത്യങ്ങള്‍ ഉള്‍കൊണ്ട നിമിഷം "എവിടെയും എന്തിനും 'അവസാന നിമിഷങ്ങള്‍' എന്നൊന്നുണ്ട്" എന്ന് ഞാനന്ന് ഉള്ളില്‍ കുറിച്ചിട്ടു... പിന്നീട് എന്തിനോടും അടുക്കുമ്പോള്‍, എന്തും അടുത്തുവരുമ്പോള്‍ സ്വയം ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു ആ ഒരു വാചകം... വിരഹ വേദനക്ക് സ്വയം കണ്ടെത്തിയ ഒരു മരുന്നുപോലെ... ഒരു മുന്നറിയിപ്പ് പോലെ... ഒരു കരുതലിനായി..."

Sunday 18 December 2016

നിസഹായവസ്ഥകള്‍

“മറ്റുള്ളവരുടെ തെറ്റിദ്ധാരണയില്‍ പെട്ടുപോവുകയെന്നാല്‍ വല്ലാത്തൊരു അവസ്ഥയാണ്... ആ നേരത്തെ “എന്നെ ആരും  മനസ്സിലാക്കുന്നില്ലലോ?” എന്ന ചിന്ത ഒരു വേദനയും... നിനച്ചിരിക്കാതെ പലപ്പോഴും അങ്ങനെയുള്ള അവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്... പഠിക്കുന്ന കാലത്ത്.. ജോലിചെയ്യുന്നിടത്ത്.. കൂട്ടുകാര്‍ക്കിടയില്‍.. ബന്ധുക്കള്‍ക്കിടയില്‍.. അങ്ങനെ തീരെ പ്രതീക്ഷിക്കാത്ത പലയിടത്തും... കളിയായി പറഞ്ഞ കാര്യങ്ങളില്‍ പോലും കേട്ടവര്‍ കണ്ടെത്തിയ അര്‍ത്ഥങ്ങള്‍ മറ്റൊന്നാവുകയായിരുന്നു... അവിടെ അവര്‍ കാണാപുറങ്ങള്‍ കാണുകയും, എഴുതാപുറങ്ങള്‍ വായിക്കുകയും ചെയ്തപ്പോള്‍ നല്ലതിനെ കരുതി ചെയ്തതും, പറഞ്ഞതുമായ എല്ലാ കാര്യങ്ങളും തെറ്റുകളെന്ന കണക്കിലായി... ഞാന്‍ എല്ലാവര്‍ക്കും മോശക്കാരനുമായി... കുറ്റപ്പെടുത്താനും പഴിചാരാനും ഉപദേശിക്കാനും വളരെ എളുപ്പമായതുകൊണ്ട് അതിനുമാത്രം അന്നവിടെ ഒരുപാട് ആളുകളുണ്ടായിരുന്നു... ഒരു രീതിയിലും ഒന്നും തിരുത്താനോ, നിരപരാധിത്വം തെളിയിക്കാനോ കഴിയാനാവാതെ നിഷ്ക്രിയനായി നിന്നു പോയ നിമിഷങ്ങളായിരുന്നു അതെല്ലാം... ഏറെ സങ്കടം തോന്നിയ ആ നിമിഷങ്ങളില്‍ എന്നെ മനസ്സിലാക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്ലെന്ന്‍ ഞാന്‍ ആശിച്ചുപോയിട്ടുണ്ട്... ഒരിക്കലും അതുപോലൊരു സംഭവം ഇനി ഉണ്ടാവാതിരിക്കാന്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുകയാണ്... ജീവിതചര്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവ പോലെ...”

Saturday 17 December 2016

വീണ്ടും ഞാന്‍ എഴുതാം നിനക്കായ്

നിലാവിന്‍റെ മണമുള്ള നിന്‍റെ സാമിപ്യങ്ങള്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളായി മാറുന്നുവെങ്കിലും താമര തളിരിടും നിമിഷസുഖമായ്, പ്രണയവിരഹമായ് തേടുന്ന സ്വപ്‌നങ്ങൾ വര്‍ണമായ്, നീലാകാശത്തില്‍ നിന്നുതിരുന്ന മഴതുള്ളിയായ്...,
ഇന്നലെ വിരിഞ്ഞ പൂവിന്‍റെ സുഗന്ധമായ്‌ നീ മാറവേ... അറിയാതെ ഊറിയൊര മിഴിനീരിന്‍ ചൂടില്‍ വീണ്ടുമൊരു പൂമ്പാറ്റയായി എന്‍ മനസും... ഹൃദയക്ഷരത്തില്‍ നിനക്കായ് കുറിച്ചൊരു വര്‍ണാക്ഷരത്തില്‍ വീണ്ടും ഞാന്‍ എഴുതാം നിനക്കായ്... "
 

Friday 16 December 2016

തിരിച്ചറിവ്

"മരകൊമ്പില്‍ തലകീഴായി കിടന്ന്‍ നോക്കിയിട്ടുണ്ടോ?.. ഒരു കുരങ്ങിനെപോലെ... ഇല്ല അല്ലെ?... ആകാശം താഴെയും ഭൂമി മുകളിലായും തോന്നും...

വിജനമായ ഹൈവേയുടെ നടുവില്‍ വെറുതെ പോയിരുന്നിട്ടുണ്ടോ?.. ആ വെള്ള വര നമ്മളില്‍ നിന്നും റോഡിലേക്ക് ഇറങ്ങി പോകുന്നതു പോലെ തോന്നും...

തിരയടിക്കുന്ന കടല്‍ക്കരയില്‍ കണ്ണടച്ചു കിടന്നിട്ടുണ്ടോ?.. വേറൊരു ലോകത്തിലാണ് കിടക്കുന്നതെന്ന് തോന്നും...

സഹിക്കാന്‍ പറ്റാത്ത വേദനയോടെ ആശുപത്രിയില്‍ കിടന്നിട്ടുണ്ടോ?.. അവിടെയാണ് ദൈവം എന്നാല്‍ ഡോക്ടര്‍ ആണെന്ന് വിശ്വസിച്ചുപോകുന്നത്..

പ്രണയിച്ചിട്ടുണ്ടോ?.. സ്വയം കുറച്ചുകൂടി വൃത്തിയും ഭംഗിയും വേണമെന്ന് ആഗ്രഹിക്കുന്നത് അപ്പോഴാണ്‌...

നല്ല തണുപ്പുള്ളപ്പോള്‍ ഐസ്ക്രീം കഴിച്ചു നോക്കിയിട്ടുണ്ടോ?.. അതിന് അതുവരെ അറിയാത്ത ഒരു രുചിയും സുഖവുമുണ്ടെന്ന് അപ്പോഴറിയാം...

ആനപ്പുറത്ത് കയറിയിരുന്നിട്ടുണ്ടോ?..  നമ്മളൊന്നും ആനക്ക് ഒന്നും അല്ലെന്നു അവിടെ ഇരിക്കുമ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്...

മരണം നേരില്‍ കണ്ടിട്ടുണ്ടോ?.. ഒരു ശ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള എന്തോ ഒന്നാണ് “ജീവന്‍” എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്...

വാഹന അപകടത്തില്‍ പെട്ടിട്ടുണ്ടോ?.. ഒരു നിമിഷമെന്ന സമയം മതി എന്തും സംഭവിക്കാന്‍ എന്ന തിരിച്ചറിവ് ഉണ്ടായത് അപ്പോഴാണ്‌...

ഭക്ഷണം രുചി അറിഞ്ഞ്, ആസ്വദിച്ച് കഴിച്ചിട്ടുണ്ടോ?.. ആ നേരത്താണ് ഭക്ഷണം മിക്കപ്പോഴും വയറിനുവേണ്ടി വിഴുങ്ങുകയാണ് പതിവെന്ന് മനസ്സിലാക്കിയത്...    കഴിഞ്ഞില്ല!
അറിയാന്‍ ഇങ്ങനെ പലതും ഇനിയുമുണ്ടാകും... അതെല്ലാം അറിയാനുള്ള ആകാംക്ഷയാണ് ഓരോ ദിവസത്തേയും ഉണര്‍വ്വ്...

ഇഷ്ട വരികൾ

കരളു നൊവുമെൻ കഥയായി
കനവു പോലെ നീ മാറുമോ
പ്രിയനേ..

താരകളെപ്പോലെ ദൂരത്തെന്നാലും
ജീവരാഗത്താളമെന്നും നീയല്ലേ
എത്രയോ ജന്മമായീ
നീയെന്റെ പ്രാണനായി

ഞങ്ങൾക്കൊന്നായി, കുഞ്ഞായി താരാട്ടാൻ
കുഞ്ഞാറ്റേ നീയും, കൂടെപ്പോരാമോ

ഹൃദയം പാടും പുതുരാഗം
നമ്മിലുണരും പ്രിയതാളം
സുഖമോ നൊമ്പരമോ......

Tuesday 13 December 2016

ഒരു നന്ദി

“നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം... ജീവിതാനുഭവങ്ങള്‍ പലപ്പോഴും പല രൂപത്തിലും പല ഭാവത്തിലുമാണ്... അവയില്‍ ഓരോന്നും സ്വന്തം അനുഭവങ്ങളായി മാറുമ്പോള്‍ കണ്ണുകളെ ഈറനണിയിച്ചവ മുതല്‍ സന്തോഷത്തിന്‍ അതിര്‍ വരമ്പുകള്‍ താണ്ടാനായത് വരെ അതില്‍ കാണും... ആ ഓരോ അനുഭവങ്ങളും നമ്മളെ ഓരോരോ കാര്യങ്ങള്‍ പഠിപ്പിക്കും... തിരിച്ചറിവുകള്‍ ഉണ്ടാക്കും... അവിടെ നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒന്നുണ്ട് എല്ലാ അനുഭവങ്ങള്‍ക്കും  ഒരു കാരണക്കാരന്‍ അല്ലെങ്കില്‍ ഒരു കാരണക്കാരി ഉണ്ടാകും... അത് ആരുതന്നെ ആയാലും അവരോടു കുറഞ്ഞത് ഉള്ളാല്‍ ഒരു നന്ദി പറയേണ്ടതുണ്ട്... കാരണം അനുഭവങ്ങള്‍ ഇല്ലാത്ത ജീവിതം അര്‍ത്ഥ ശൂന്യമാണ്... അതുകൊണ്ടുതന്നെ ആ നന്ദി വാക്ക് മറക്കരുത്...”

Monday 12 December 2016

മ്മടെ മുത്ത് നബി സല്ലല്ലാഹു അലൈവസല്ലം

 മാതാപിതാക്കളോട് "ഛേ" എന്ന വാക്കുപോലും പറയരുതെന്ന് പഠിപ്പിച്ച സ്നേഹപ്രവാചകൻ,

 ഭർത്താവിനെ ശപിക്കരുതേ, ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ,

പെണ്ണിന്റെ സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ,

മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ,

അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ

 കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ,


പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ നിലനിൽപ്പെന്ന് ഓർമിപ്പിച്ച പ്രവാചകൻ,

 മരണം മുന്നിൽ കണ്ടപ്പോഴും എന്റെ സമുദായം എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്,


 ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട് അത് മുസ് ലിമിന്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ,


 വെളുവെളുത്ത സൽമാൻ ഫാരിസിനെയും, കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി, വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ

വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും, ആ തടസ്സം നീക്കാതെ മുന്നോട്ട് പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,

 ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ,

സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും, ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ പഠിപ്പിച്ച പ്രവാചകൻ,

Saturday 10 December 2016

കഴിഞു പോയ കാലം

"ഒരു പറവയെപോലെ പറക്കുവാനുള്ള എന്നിലെ ആഗ്രഹം വീണ്ടും ഏറുകയാണ്... ഇന്നലെ ഉറങ്ങാന്‍ കിടന്ന നേരം കേട്ട ഒരു പഴയ പാട്ട് എന്നിലെ ആ കൊതികളുണര്‍ത്തി... പണ്ടത്തെപ്പോലെ ഒരു സ്വപ്ന ജീവിയാകാന്‍... പാട്ടുകളെ പ്രണയിച്ച്, സുന്ദര സ്വപ്നങ്ങള്‍ കണ്ട്, ഉണ്ടും ഉറങ്ങിയും വിളയാടിയും നടന്ന കാലത്തിലേക്ക് ഒന്നൂടെ ഇറങ്ങി ചെല്ലാന്‍... ചെണ്ടക്കും ആനക്കും പുറകിലൂടെ പോയ ആ കാലത്തിലേക്ക്... ഒന്നിനെ കുറിച്ചും ചിന്തിക്കാനില്ലാത്ത ഭാവിയെക്കുറിച്ചുള്ള ആവലാതികള്‍ ഇല്ലാത്ത സ്വന്തം ഇഷ്ട്ടങ്ങളില്‍ മാത്രം ജീവിച്ച ആ നാളുകളിലേക്ക്... ഒന്നും വെട്ടിപിടിക്കണം, ആരെയും പുറകിലാക്കണം എന്നോന്നുമില്ലാത്ത നിഷ്കളങ്കമായ മനസ്സുണ്ടായിരുന്ന ആ പ്രായത്തിലേക്ക്... ആ മനസ്സ് തന്നെയാണ് അന്നത്തെ ഏറ്റവും വലിയ ക്വാളിറ്റി... ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം കൃത്യമായി അറിയാനാകുന്നു... അന്ന് പലരുടെയും നിര്‍ബന്ധം കൊണ്ട് പ്രിയങ്ങള്‍ ഓരോന്നും പെട്ടിയില്‍ അടച്ചുപൂട്ടിയപ്പോള്‍ അതൊരു ഘട്ടത്തിന്‍ ഒടുക്കവും മറ്റൊരു ഘട്ടത്തിന്‍ തുടക്കവുമായി... അവിടെ നിന്നും തുടങ്ങിയ മാറ്റങ്ങളോന്നും ആഗ്രഹിച്ചതോ ആശിച്ചതുപോലയോ ആയിരുന്നില്ല... സാഹചര്യങ്ങളും സമ്മര്‍ദ്ദവും തന്നെയായിരുന്നു എവിടെയും എന്നും വില്ലന്‍... അങ്ങനെയായപ്പോള്‍ കൈവിട്ടുപോയ കഴിഞ്ഞ കാലങ്ങള്‍ വിലമതിക്കാനാവത്തതും ഇന്നേറെ കൊതിപ്പിക്കുന്നതുമായി മാറി... ഹാ..അല്ലെങ്കിലും ഓര്‍മ്മകളാകുമ്പോഴാണല്ലോ എല്ലാം അമൂല്യ  സൗന്ദര്യങ്ങളായി മാറുന്നത്... വെറുതെയെങ്കിലും ഞാനിന്ന് വീണ്ടും കൊതിക്കുകയാണ് “ഇനിയും വരുമോ നീ..." യെന്ന്... എനിക്കായി... ഒരിക്കല്‍ക്കൂടി... ഒന്ന്  നീ അറിയുക ! പുറകിലേക്ക് പോകുവാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ എന്നേ നിന്നിലേക്കെത്തിയേനെ എന്‍ പ്രിയ കാലമേ...”

Friday 9 December 2016

സ്വപ്നക്കൂട്

“കാലങ്ങളായി ആരോരുമറിയാതെ ഒരു കുഞ്ഞുപോലുമറിയാതെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ആശകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു... അടുത്തിടെ ഞാനതെലാം വാരികൂട്ടി മനസ്സില്‍ ഒരു കൊട്ടാരം ഉണ്ടാക്കി... സ്വപ്‌നങ്ങള്‍ മേഞ്ഞതിനാല്‍ ഞാനതിന് സ്വപ്നക്കൂട് എന്ന് പേരിട്ടു... എന്‍റെ ഇഷ്ട്ട നിറങ്ങളായിരുന്നു അതിന്... എനിക്ക് ഇഷ്ട്ടപ്പെട്ട മണമായിരുന്നു അവിടെയെങ്ങും... കാതോര്‍ത്താല്‍ എന്നും എപ്പോഴും പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കാമായിരുന്ന ഒരിടം... എന്‍റെ  ഹൃദയത്തോട് ചേര്‍ത്തുവച്ച ആ കൊട്ടാരം ഇന്ന് തകര്‍ന്നു... ഒരു ചീട്ടുകൊട്ടാരം പോലെ കണ്മുന്നില്‍ തകര്‍ന്നടിഞ്ഞു... ആ ഒരു വലിയ വേദനയിലാണ് ഞാന്‍ ഇപ്പോ... ഒരുപക്ഷെ അതുണ്ടാക്കാന്‍ ഉപയോഗിച്ച സ്വപ്നങ്ങള്‍ക്ക് വേണ്ടത്ര  ബലമില്ലായിരുന്നിരിക്കാം... അലെങ്കില്‍ ഉണ്ടാക്കിയത്തില്‍ പിഴവുകള്‍ വന്നിരിക്കാം... അതും അലെങ്കില്‍ എല്ലാമായ വിശ്വാസം എന്ന അടിത്തറ ഇളകിയതാകാം... മറ്റൊരാളെ പഴിചാരാന്‍ എനിക്കാവില്ല... അതുകൊണ്ടുതന്നെ തകര്‍ന്നിരിക്കുന്നത് ഞാന്‍ തന്നെയാണ്... അങ്ങനെ എന്‍റെ ഉള്ളില്‍ ഒരു പതനം സംഭവിച്ചിരിക്കുന്നു... ആ വേദനയിലൂടെ എന്നില്‍ ആരോ വീണ്ടും നിശബ്ധതയിലേക്ക് മടങ്ങുകയാണ്... ആരോ എന്ന ആ സംശയം വെറുതെയാണ്... അത് ഞാന്‍ തന്നെയാണ്...”

ഇന്നലെകള്‍

“09-12-1992. ഇന്നെനിക് 24 വയസ് തികയുന്നു വര്‍ഷങ്ങള്‍ കണ്മുന്നിലൂടെ എത്രപെട്ടെന്നാ കടന്നുപോകുന്നത്... ഇന്ന് ഇവിടെവരെ എത്തി നില്‍ക്കുമ്പോള്‍ അറിയാനാകുന്നു പിന്നിട്ട ജീവിതത്തിലെ സുന്ദരമായൊരു കാലഘട്ടം അത് ആ സ്കൂളില്‍ ചിലവഴിച്ചതായിരുന്നു... പക്ഷെ ഇപ്പോഴാ അതോക്കെ ശരിക്കും മനസ്സിലാക്കുന്നത്... ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയായ ഒരിടമാണ് ആ സ്കൂള്‍... അന്നൊക്കെ പഠിക്കാനുള്ള മടികൊണ്ടു മാത്രം ഉപ്പയോടും ഉമ്മയോടും  തലവേദന, വയറുവേദന, കാലുവേദന എന്നൊക്കെ കള്ളം പറഞ്ഞ് ക്ലാസ്സില്‍ പോകാതിരുന്ന ആ ഓരോ ദിവസവും ഇന്നെനിക്ക് വലിയ നഷ്ടങ്ങളായി തോന്നുന്നു... അതങ്ങനെയാണ്‌ “ഇന്ന്” എന്നത് എന്താണെന്ന് ഇന്ന് അറിയാതെ പോയാല്‍ നാളെ ഈ ദിവസവും നഷ്ട്ടമായി തോന്നും...”

അന്ധവിശ്വാസങ്ങള്‍

കേട്ടാല്‍ ചിരിച്ചുപോകുന്ന തരത്തില്‍ കൊച്ചു കൊച്ചു വിശ്വാസങ്ങള്‍ നമ്മള്‍ മിക്കവരിലും ഉണ്ട്... ദൈവ വിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും അപ്പുറത്ത് വേറിട്ട് നില്‍ക്കുന്നവ... എപ്പോഴോ സ്വന്തം അനുഭവങ്ങളിലൂടേയും അടുത്തുള്ളവരിലൂടേയും ഉരുത്തിരിഞ്ഞ് നമ്മളിലേക്ക് ചേക്കേറിയവയാണ് അവയെല്ലാം... ചെറിയ പ്രായം മുതല്‍ക്കെ കണ്ടും കേട്ടും അറിഞ്ഞ അങ്ങനെയുള്ള കാര്യങ്ങള്‍ ഒട്ടനവധിയാണ്... പുസ്തകതാളുകള്‍ക്കിടയില്‍ ആകാശം കാണാതെ മയില്‍‌പീലി ഒളിപ്പിച്ചു വച്ച ആ ഒരു കൂട്ടുകാരിയില്‍ നിന്നും തുടങ്ങിയാല്‍ അതങ്ങനെ പറയാനേറെയുണ്ട്... വല്ലപ്പോഴും കാണാറുള്ള പച്ചക്കുതിരയിലും, കറുത്ത ഉറുമ്പിലും ഉണ്ടായിരുന്നു വിശ്വാസങ്ങള്‍... ആന വാലിനും, പുലി നഖത്തിനും പറയാനുണ്ടായിരുന്നു അവരോടുള്ള ഓരോരുത്തരുടെ വിശ്വാസങ്ങള്‍... കാക്കയേയും കരിമ്പൂച്ചയേയും പറ്റിയുള്ളവ വേറെ... ഒറ്റ മൈനയെ കണ്ടാല്‍ വലിയ പ്രശ്നമായിരുന്നു... അവിടേയും അവസാനിക്കുന്നില്ല ആ പട്ടിക... ഒരു കുഞ്ഞുപോലും അറിയാതെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന വിശ്വാസങ്ങള്‍ക്ക് ഒരു കണക്കുണ്ടാകില്ലെന്നതാണ് സത്യം... ഇന്നിങ്ങനെ ഓരോന്നും പറയുമ്പോള്‍ അതെല്ലാം കുട്ടികളിലെ, കുട്ടിക്കാലത്തെ കാര്യങ്ങളല്ലെ എന്ന്‍ പലരും പറഞ്ഞേക്കാം... എന്നാല്‍ ഇന്നും അതുപോലെയൊക്കെ ഉണ്ട്.... പലപ്പോഴും അങ്ങനെയുള്ള അനുഭവങ്ങളിലൂടെ നമ്മള്‍ ഓരോ നിഗമനങ്ങളില്‍ എത്തുകയാണ്... അതുപിന്നെ ഒരു വിശ്വാസമായി മനസ്സില്‍ കുടിയിരിക്കും... മറ്റുള്ളവര്‍ കേട്ടാല്‍ കളിയാക്കും എന്ന് നമുക്കുതന്നെ ഉറപ്പുള്ള ഓരോ അന്ധവിശ്വാസങ്ങളായി... എന്നും...”

Monday 5 December 2016

നിറഞ്ഞ നന്ദിയോടെ

“എന്താണ് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നതായ ആ ഒരു കാര്യം?” കഴിഞ്ഞ കുറച്ചുനാളുകളായുള്ള എന്‍റെ ഒരു ചിന്തയും, അന്വേഷണവുമായിരുന്നു അത്... ചോദ്യവും ഉത്തരവും എന്‍റെതുതന്നെയായിരുന്നിട്ടും കൃത്യമായ ഒരു ഉത്തരത്തിലേക്കെത്താന്‍ എത്ര ശ്രമിച്ചിട്ടും എനിക്കാവുന്നില്ലായിരുന്നു... അതിനായുള്ള തിരച്ചിലില്‍ ആദ്യം തോന്നി  സുഹൃത്തിനോടോത്തുള്ള സുന്ദര നിമിഷങ്ങളാണ് ഏറ്റവും സന്തോഷം തരുന്നതെന്നായി... മ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്നതിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ അതല്ലാതെ മറ്റൊന്നല്ലെന്നായി... അവിടെയും ഉറച്ചില്ല!... കൊച്ചു കുട്ടികളുടെ നിഷ്കളങ്കമായ ആ ചിരിയാണോ?... അതോ കണ്ണെടുക്കാന്‍ തോന്നാത്ത അവരുടെ സൗന്ദര്യവും സുന്ദര ഭാവങ്ങളുമാണോ?... അതല്ല “അവള്‍” എന്ന എന്നിലെ പ്രണയമാണോ?... അതോ മറ്റുള്ളവരെ സഹായിക്കുന്നതിലാണോ?... നീണ്ട യാത്രകളാണോ?... പ്രകൃതിയെന്ന വിസ്മയക്കാഴ്ചകളാണോ?... അങ്ങനെ അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരമായി തിരഞ്ഞെടുക്കാന്‍ നൂറോളം കാര്യങ്ങള്‍ മുന്നില്‍ തെളിഞ്ഞു നിന്നു... ഒന്നിലും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ എന്‍റെയുള്ളില്‍ കിടന്ന്‍ അലയുകയായിരുന്നു അപ്പോഴെല്ലാം... എനിക്കതിന് ഉത്തരം കിട്ടിയിട്ട് വേണമായിരുന്നു ഇതേ ചോദ്യം എനിക്ക് മറ്റുപലരോടും ചോദിക്കാന്‍... അങ്ങനെയിരിക്കെ ഇന്നലെ വൈകുന്നേരത്തെ ഒരു അനുഭവ നിമിഷങ്ങളില്‍ നിന്ന് ഞാനാ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി... വിശന്നിരിക്കുന്നവരെ വിളിച്ചുകൊണ്ടുപോയി അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം കഴിക്കാന്‍ വാങ്ങി കൊടുക്കുമ്പോഴാണ് അത് സംഭവിക്കുന്നത്... വിശപ്പടങ്ങിയതിലുള്ള അവരുടെ സന്തോഷവും ആശ്വാസവും നിറഞ്ഞ നന്ദിയോടെയുള്ള ആ മുഖഭാവം സമ്മാനിക്കുന്നതിനേക്കാള്‍ വലിയൊരു സന്തോഷവും ആത്മസംതൃപ്തിയും എന്‍റെ അനുഭവങ്ങളില്‍ ഞാനിന്നുവരെ മറ്റെവിടെയും അറിഞ്ഞിട്ടില്ല!...”

Friday 2 December 2016

ഓർമകളിലൂടെ

 ഒരു പാട്ടു പാടാന്‍ വന്നപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി ശ്രദ്ധിച്ചത്... അന്നത്തെ കാഴ്ച്ചയില്‍ തന്നെ ആകര്‍ഷണീയമായ എന്തോക്കെയോ പ്രത്യേകതകള്‍ ഞാന്‍ അവളില്‍ കണ്ടു... എന്നോ എവിടെയോ കണ്ട ഒരു നല്ല പരിചയം പോലെയൊക്കെയും... പക്ഷെ അന്നെന്തോ അവളെനിക്ക് എത്താ കൊമ്പിലെ ഒരു കനിയായി തോന്നിയതുകൊണ്ട് കണ്ടു മോഹിക്കാനും, എന്നെങ്കിലും ഒരിക്കല്‍ എനിക്ക് സ്വന്തമാകുമെന്ന് സ്വപ്നം കാണാനും മനസ്സ് മടിച്ചു... എനിക്കതിന് അര്‍ഹതയില്ല! എന്നതായിരുന്നു സ്വയം വിലയിരുത്തല്‍... അവള്‍ പാടുന്നത് കേട്ട് “പാട്ടില്‍ ലയിച്ചുപോയി” എന്ന് പറയും പോലെ അന്ന് അവളുടെ ആ പാട്ടും ആ കണ്ണുകളും ഒരേസമയം എന്നെ എവിടെക്കോ കൊണ്ടുപോയി... പരിസരബോധം തിരിച്ചു കിട്ടിയപ്പോഴേക്കും അവള്‍ പാടി കഴിഞ്ഞ് ആ വേദിവിട്ട് പോയിരുന്നു... അതിനുശേഷം ഞങ്ങള്‍ തമ്മില്‍ വീണ്ടും കാണുന്നത് ഏകദേശം ഒരു ഒന്നൊന്നര കൊല്ലം കഴിഞ്ഞാണ്... വേനലിനെ അവസാനിപ്പിച്ചുകൊണ്ട് ആദ്യമഴ പെയ്തിറങ്ങിയ ഒരു ദിവസം... പിന്നീടെന്നും ഒരു സഹപാഠിയായി അവളെന്‍റെ അടുത്തുതന്നെ ഉണ്ടായിരുന്നു... അന്നത്തെ സാഹചര്യങ്ങള്‍ തന്നെയാണ് അന്ന് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തിയതും, കൂടുതല്‍ അടുപ്പിച്ചതും... ആദ്യത്തെ ഒരു ആകര്‍ഷണം പിന്നെ സൗഹൃദമായി അതുപിന്നെ പ്രിയപ്പെട്ട ഒരാളാക്കി ഒടുവില്‍ അത് പ്രണയമായി... പ്രണയിനിയായപ്പോള്‍ അവള്‍ എന്നില്‍ നിറങ്ങളായി... നിലാവായി... മഴയായി... സംഗീതമായി... സൗന്ദര്യമായി.. സ്വപ്നങ്ങളായി... അങ്ങനെ എനിക്ക് എല്ലാമെല്ലാമായി... ഒന്നും ഒരു പ്രതീക്ഷയോടെയോ മനപൂര്‍വ്വ  ശ്രമങ്ങളിലൂടെയോ ആയിരുന്നില്ല എല്ലാം അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നു.................

ഇന്നലെ രാത്രി മാനം നോക്കി കിടക്കുമ്പോള്‍ കൂടെയുള്ള ആരോ അവിടിരുന്ന് പ്രണയത്തെകുറിച്ച് സംസാരിക്കുന്നത് കേട്ടു... അതിനിടയില്‍ അവരില്‍ നിന്നും എനിക്കുനേരെവന്ന ഒരു ചോദ്യത്തിന് മറുപടിയെന്നോണം ഞാനെന്‍റെ പ്രണയത്തിന്‍ ഓര്‍മ്മകളിലൂടെ ഇങ്ങനെ വാചാലനാവുകയായിരുന്നു... കാലമെത്ര കഴിഞ്ഞാലും ആ ഓര്‍മ്മകള്‍ക്കിന്നും എന്താ ഒരു സുഗന്ധം... ചില രാത്രികളില്‍ മുറ്റത്തേക്കിറങ്ങുമ്പോള്‍ കുളിര്‍കാറ്റില്‍ വരുന്ന വിരിഞ്ഞു തുടങ്ങുന്ന മുല്ലപൂവിന്‍റെ നറുമണം പോലെ..."

എന്തിന് മടി കാണിക്കണം

എന്താടാ ഇന്ന്
പതിവില്ലാതെ .
ഓള് വീട്ടില്‍ ഇല്ലേ ...''

ചിരിയോടെ പുട്ടും
ചെറുപയറും അവന്റെ
മുമ്പില്‍ വെച്ച് കരീംക്ക
ചോദിച്ചു ..

''ഹെയ് ഒന്നൂല്ല ഇക്കാ ..
അവൾക്ക് സുഖമില്ല അതാണ് ..
പുട്ടിലേക്ക് കറി ഒഴിച്ച് കൊണ്ട്
അവന്‍ പറഞ്ഞു .

ഗർഭിണിയാണവൾ
അതിന്റെ അസ്വസ്ഥതയാവാം
എഴുന്നേൽക്കാൻ വൈകിയതും
തനിക്ക് പണിക്ക് പോവാന്‍
സമയം ആയിട്ടും
ഇന്ന് ചായയും കടിയും ഒന്നും
ആയിട്ടില്ല .
അത് കൊണ്ട് അവളുടെ
വാക്കുകള്‍ക്ക് ചെവി കൊടുക്കാത
ഇറങ്ങി പോന്നതാണ്
ഹോട്ടലില്‍ നിന്ന് കഴിച്ചോളാം
എന്ന് പറഞ്ഞ് .

''കരീംക്കാ രണ്ട് പേർക്കുളള
ദോശയും കറിയും പാർസൽ
എടുത്തോളീ ..''
തന്റെ ടേബിളിൽ വന്നിരുന്ന്
ഭക്ഷണത്തിന് ഓർഡർ ചെയ്ത
റെഫീഖിനെ അപ്പോഴാണ്‌
അവന്‍ ശ്രദ്ധിച്ചത് .

''എന്താണ്ടാ ഈ നിന്റെ മുഖം
വല്ലാതെ .
ഉറങ്ങിയില്ലേ രാത്രി ..

''അതല്ലെടാ ..
നിനക്കറിയാലോ നിന്റെ
പെണ്ണിനെ പോലെ തന്നെ
അവളും ഗർഭിണിയാ . ഇന്നലെ
രാത്രിയില്‍ അവള്‍ ഉറങ്ങിയിട്ടില്ല
വയറ് വേദന . വയർ തടവി
കൊടുത്തും ആശ്വസിപ്പിച്ചും
അങ്ങിനെ ഞങ്ങള്‍ കാലത്ത്
എപ്പോഴോ ആണ് ഉറങ്ങിയത് .

എനിക്ക് ഒരു ജലദോഷ പനി
വന്നാല്‍ പോലും ഉറങ്ങാതെ
കൂട്ടിരിക്കുന്നവളാ ..
ഗർഭിണി ആകുന്നത് തൊട്ട്
പ്രസവിച്ച് കുട്ടികള്‍ ഒന്ന്
വലുതാകുന്നത് വരെ അവർ
അനുഭവിക്കുന്നത് വെച്ച്
നോക്കുമ്പോള്‍ ഈ ഉറക്കം
ഒഴിക്കലൊന്നും ഒന്നുമല്ല .

''അവളോട് രാവിലെ അടുക്കളയില്‍
കേറണ്ടാ എന്ന് പറഞ്ഞാ ഞാന്‍
പോന്നതാ . അതാണ് എനിക്ക്
ഉളളത് കൂടെ പാർസൽ
വാങ്ങി പോകുന്നത്
ഒരുമിച്ചിരുന്ന് കഴിക്കാലോ .

ചിരിയോടെ കാശും കൊടുത്ത്
പാർസലും വാങ്ങി റഫീഖ്
പോയപ്പോള്‍ കഴിക്കാന്‍
എടുത്ത പുട്ട് പ്ലേറ്റിലേക്ക് തന്നെ
ഇട്ട് അവന്‍ എഴുന്നേറ്റു .

""കരീംക്ക എനിക്കും രണ്ട്
പാർസൽ താ ...
കൈ കഴുകുമ്പോൾ അവന്‍
വിളിച്ച് പറഞ്ഞു .

പാർസൽ വാങ്ങി വീട്ടിലേക്ക്
നടക്കുമ്പോള്‍ അവനോർത്തു
എത്ര രാത്രികളില്‍ അവൾ
തന്റെ കൈ എടുത്ത് അവളുടെ
വയറിൽ വെച്ച് പറഞ്ഞിട്ടുണ്ട്
''എനിക്ക് വയർ വേദനിക്കുന്നു
ഇക്കാ ..'' എന്ന്

''ഇതൊക്കെ സാധാരണ അല്ലേ
മരുന്നൊന്നും ഇല്ലല്ലോ
മാറിക്കോളും ''
എന്നും പറഞ്ഞു തിരിഞ്ഞു
കിടന്ന് ഉറങ്ങാറല്ലേ തന്റെ പതിവ്
അവൾ എത്ര കൊതിച്ചിട്ടുണ്ടാവും
തന്റെ ഒരു തലോടലും
സ്വാന്തനവും ..

ഭക്ഷണവും കൊണ്ട് നേരെ
അടുക്കളയിലേക്ക് കയറി
ചെന്നപ്പോള്‍ അവൾ ഒരു ഗ്ലാസ്
ചായയും കുടിച്ച് കൊണ്ടിരിക്കുന്നു

''നീ ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ
പ്ലേറ്റ് എടുത്ത് വെക്ക്
നമുക്ക് ഇത് കഴിക്കാം .

അത്ഭുതത്തോടെ അവനെ
നോക്കി ഒന്നും പറയാതെ അവൾ
പ്ലേറ്റ് എടുത്ത് നിരത്തി .

''നിനക്ക് എങ്ങനെ ഉണ്ട്
ഇപ്പോള്‍ . വയറ് വേദന
മാറിയോ ..''
അവളുടെ അടുത്തിരുന്ന്
കഴിക്കുമ്പോൾ
പതിവില്ലാതെ വിധം അവളുടെ
വയറിൽ തൊട്ട് അവന്‍
ചോദിച്ചു .

ഒന്നും മിണ്ടാതെ അവൾ
തല താഴ്ത്തി ഇരുന്ന് കഴിച്ചു

''എന്തെ നീ മിണ്ടാത്തേ ..
അവന്‍ അവളുടെ മുഖം പിടിച്ച്
ഉയർത്താൻ നോക്കി .
അവൾ ബലം പിടിച്ചെങ്കിലും
അവന്‍ അവളുടെ മുഖം
പിടിച്ച് തന്റെ നേരെ തിരിച്ചു .

അവളുടെ കണ്ണുകള്‍ നിറഞ്ഞ്
കവിളിലൂടെ പ്ലേറ്റിലേക്ക്
ഇറ്റി വീണു . എന്തോ സങ്കടത്തിൽ
അവളുടെ ചുണ്ടുകള്‍ വിറ
കൊണ്ടു .

""ഹെയ് എന്തിനാ കരയണേ ..
നീ അത് കഴിക്ക് . അതില്‍
ഉപ്പ് കൂട്ടണ്ടാ ..

""അപ്പോ ഇക്ക എന്തിനാ
കരയുന്നേ ..
കണ്ണീരിനിടയിലും ഒരു
പുഞ്ചിരിയോടെ അവൾ ചോദിച്ചു .

തന്റെ കണ്ണുകള്‍ നിറഞ്ഞ്
ആ കാഴ്ചകൾ മങ്ങുന്നത് അപ്പോ
അവനറിയുന്നുണ്ടായിരുന്നു ..!!


നാട്ടിലെയും വീട്ടിലെയും. വിരുന്നു കാർ

ഇരുട്ടിൽ തിളങ്ങുന്ന കെട്ടിടങ്ങൾ അതിൽ എവിടെയൊക്കയോ ഉണ്ട് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും മനസ്സിലൊതുക്കി ഞാനും നീയും ഉൾക്കൊള്ളുന്ന പ്രവാസികൾ.
ആഗ്രഹങ്ങളും ആവശ്യങ്ങളും ഇഷ്ടങ്ങളും സഫലീകരിക്കാൻവേണ്ടി നെട്ടോട്ടമോടുന്നവർ.
മതവും ജാതിയും നോക്കാതെ ദുഖത്തിലും സന്തോഷത്തിലും പങ്ക് ചേരുന്ന സൗഹൃദങ്ങൾ
എല്ലാവരും നാടിനും കുടുംബത്തിനും വേണ്ടി സ്വന്തം നാട് വെടിഞ്ഞ് നാട്ടിലെയും വീട്ടിലെയും വിരുന്നുകാരായവർ..

യാത്ര മൊഴി

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ .
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍.
അറിവുമോര്‍മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമജപത്തിനാല്‍ കൂടുവാന്‍.
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.
അതു മതി ഉടല്‍ മൂടിയ മണ്ണില്‍നി-
ന്നിവനു പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.



പറയാതെ

നിറങ്ങള്‍ ചിതറി കിടക്കുന്ന ചെമ്പകത്തിന്‍ ചുവട്ടില്‍ ,ചുവപ്പ് വിരിയിട്ട മോഹങ്ങള്‍ക്ക് നടുവില്‍ കാത്തിരുപ്പുണ്ടെന്റെ പ്രണയം ...
"മിഴികളില്‍ നനവ്‌ പടര്‍ത്തു ന്ന എന്റെ പ്രണയമേ , നിനവുകള്‍ പോലും നിന്റെ ഓര്‍മകളില്‍ ചിരി തൂകട്ടെ "
നീയെന്ന മുല്ലമൊട്ടിനെ ഇഷ്ടമാണ് ,
നീ കൊരുത്തു തന്ന മുല്ലമാല അതിലേറെ പ്രിയമാണ് ,
നിന്നോടെനിക്കുള്ള ഇഷ്ടം ,
പറയാതെ ഞാന്‍ ബാക്കി വച്ച എന്റെ പ്രണയമാണ് ...
ഒരുനാള്‍ നീയറിയുവാന്‍ വേണ്ടി ഞാന്‍ മാറ്റി വച്ച എന്റേത് മാത്രമായ പ്രണയം