അന്ന് ഉള്ളില്‍ തോന്നിയത് ഒന്ന് തുറന്നു പറയാന്‍ ഞാന്‍ കൊതിച്ചും, മടിച്ചും നടന്നു... അതുണ്ടാക്കിയ വീര്‍പ്പുമുട്ടല്‍ ഒരു തരം ഭ്രാന്ത് പിടിപ്പിച്ചിരുന്നു... എന്‍റെ ഉറക്കം കെടുത്തിയിരുന്നു... അവള്‍ എന്നും തൊട്ടരികില്‍ ഉണ്ടായിരുന്നിട്ടും അന്ന് ഞാനത് പറയാന്‍ എന്തിനോ വേറൊരു അവസരത്തിനായി കാത്തിരുന്നു... ഇന്ന് അതോര്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നു അന്ന് ഞാനെന്തോരു മണ്ടനായിരുന്നുവെന്ന്... ഒടുവില്‍ ഒരുനാള്‍ പറയാതെ പറഞ്ഞറിഞ്ഞ പോലെ അവളുടെ ആ മുഖ ഭാവങ്ങളില്‍... ആ ചിരിയില്‍... എന്നെ നോക്കിയ ആ തിളങ്ങുന്ന കണ്ണുകളില്‍... ആ സംസാരത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു മാറ്റം അത് എന്‍റെ പ്രണയമായിരുന്നു... ഞാന്‍ കൊതിച്ച അവള്‍ എന്ന പ്രണയം...”
Friday, 17 November 2017
പരിഭവം
ഇത്തവണ നാട്ടില്‍ വന്നിട്ടും തമ്മില്‍ കാണാറുണ്ടായിരുന്ന ഒരിടത്തും എന്നെ കാണാത്തതിനാല്‍ പരിഭവത്തിലായിരിക്കും അവള്‍... അവിടെയെല്ലാം അവളെന്നെ പലവട്ടം തേടികാണും... അവള്‍ക്കറിയാം എവിടെയാണെങ്കിലും അവളോടുള്ള എന്‍റെ സ്നേഹം കുറയില്ലെന്നും, ഞാന്‍ ഒരിക്കലും അവളെ മറക്കിലെന്നും... പാവം… വിരഹിണിയാം അവള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകാം കഴിഞ്ഞ കാലത്തിലെ ആ അനുരാഗ നിമിഷങ്ങള്‍... എല്ലാം ഇന്നൊരു സ്വപ്നത്തിലെന്ന പോലെ... ഒന്ന് നീ അറിയുക പ്രിയേ ഏറെ ദൂരെ ഈ മണലാര്യണ്യത്തില്‍ ഏകനായ് നില്‍ക്കുമ്പോഴും നിന്‍റെ അഭാവത്തിലും ഞാന്‍ നിന്നെ പ്രണയിക്കുന്നു... എനിക്ക് ഇന്ന് നിന്നെ കാണാനാകുന്നില്ല! എങ്കിലും എനിക്കറിയാം ഞാന്‍ ആ പടികള്‍ ഇറങ്ങി വരുന്നതും പ്രതീക്ഷിച്ച് നീ ഇന്നും എന്‍റെ മുറ്റത്ത് പെയ്യ്തിറങ്ങുകയാവും...”
Sunday, 5 November 2017
ചിലര്‍.
ചിലരെ ഒരിക്കല്‍ ഒന്ന് പരിചയപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ മറക്കില്ല!... എന്നാല്‍ അവരെ കുറിച്ച് എന്തെങ്കിലും കാര്യമായി അറിയോ? എന്ന് ചോദിച്ചാല്‍ അത് അറിയേണ്ടതില്ല എന്നതുകൊണ്ടുതന്നെ ഒരു പേരിനോ, ആ ശബ്ദത്തിനോ, അല്ലെങ്കില്‍ ആ ഒരു രൂപത്തിനോ അപ്പുറത്തേക്ക് ഒന്നും അറിഞ്ഞെന്നു വരില്ല... അങ്ങനെയുള്ള വ്യത്യസ്ഥങ്ങളായ വ്യക്തിത്വങ്ങള്‍ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്... അവര്‍ ചിലപ്പോള്‍ ഒരു ഗന്ധര്‍വ്വനെപോലെ അല്ലെങ്കില്‍ അപരിചിതയായ ഒരു കാക്കാലത്തിയേപോലെ മുന്നില്‍വരും... പരിചയപ്പെട്ട് ഓര്‍മ്മകളുടെ ഒരു ഓമനചെപ്പും സമ്മാനിച്ച് വന്നപോലെ അവര്‍ എവിടേക്കോ പോയ്മറയും... പിന്നീട് അതെല്ലാം ഒരു സ്വപ്നത്തിന്‍ ഓര്‍മ്മകള്‍ പോലെയാണ്... അവിടെ അവര്‍ മുത്തശ്ശികഥയിലെ മുന്‍ജന്മബന്ധ കഥാപാത്രങ്ങളായി തോന്നും... സംഭവിച്ചതെല്ലാം അവിശ്വസനീയമാം ഒരു മായാജാലം പോലേയും...”
Saturday, 4 November 2017
യാത്രാമൊഴി
“ചിലര്‍ അങ്ങനെയാണ്... ഒരു വേനല്‍ മഴ പോലെ, ഒരു തണുത്ത കാറ്റുപോലെ അരികില്‍ വരും... ആ വരവ് നമ്മള്‍ അറിയുമെങ്കിലും പിന്നീട് അതില്‍ പലരെയും അങ്ങനെ കാര്യമായി ശ്രദ്ധിച്ചുവെന്ന് വരില്ല!.. എന്നാല്‍ അവര്‍ അകന്നു പോയി കഴിയുമ്പോള്‍ അറിയാനാകും ആരോ ഒരാള്‍ ഇന്നലെ വരെ എന്‍റെ നിഴലിന്‍റെ കൂടെയുണ്ടായിരുന്നില്ലേ എന്നൊരു തോന്നല്‍... ഒരു പക്ഷെ അവരെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവര്‍ എനിക്ക് ആരോ, എന്തോ ആയിരുന്നുവെന്നും തോന്നാം... അവള്‍ അങ്ങനെ ആയിരുന്നു... ഒടുവില്‍ ഞാന്‍ തേടിയപ്പോള്‍ അവള്‍ എന്നില്‍നിന്നും ഏറെ ദൂരെയായിരുന്നു... ഒരു വിളിയില്‍ തിരിഞ്ഞ് നോക്കിയ അവള്‍ ഒരു പുഞ്ചിരിയോടെ കൈവീശി യാത്ര പറഞ്ഞു... “നിറഞ്ഞ കണ്ണുകളോടെ ചിരിക്കുന്ന മുഖം” അത് ഞാനന്ന് ആദ്യമായി കാണുകയായിരുന്നു...”
Thursday, 2 November 2017
അതി സുന്ദരം...
ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും പുറത്ത് മഴപെയ്യുന്ന പോലെ തോന്നുമായിരുന്നു... അത് ചിലപ്പോള്‍ പ്രിയങ്കരമായ ഒന്നിനോടുള്ള മനസ്സിന്‍റെ കൊതികൊണ്ടായിരിക്കാം... കാര്‍മേഘം പരത്തുന്ന ആ ചെറിയ ഇരുട്ട് പയ്യെ ക്ലാസ്സ് മുറിയിലേക്ക് കയറിവരുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഞാനന്ന് അനുഭവിച്ചിരുന്നു... പ്രിയപ്പെട്ട ഒരാള്‍ വരാന്‍ പോകുന്നു എന്നറിയുമ്പോള്‍ തോന്നുന്ന അതേ സന്തോഷം... പിന്നെ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ആരവത്തോടെ മഴയെത്തുമ്പോള്‍ ആ ശബ്ദത്തെ തോല്‍പ്പിക്കാന്‍ ടീച്ചര്‍ക്ക് കഴിയാതെയാകും... അവിടെ ഒരു തോല്‍വി സമ്മതിച്ച് ടീച്ചര്‍ ക്ലാസ്സ് നിര്‍ത്തും!... അതും ഏറെ സന്തോഷം തന്നിരുന്നു... ഇന്നോര്‍ക്കുമ്പോള്‍ അതി സുന്ദരം തന്നെ അന്ന് ആ ജാലക വഴിയിലൂടെ മഴയെന്‍റെ അരികില്‍ വന്ന നിമിഷങ്ങളെല്ലാം...”