“സ്റ്റീയറിംഗ് തിരിക്കുമ്പോഴാണ് വണ്ടി ഓടുന്നതെന്നും, അത് വേഗത്തില്‍ തിരിച്ചാല്‍ സ്പീഡ് കൂടുമെന്നുമെല്ലാം ധരിച്ചിരുന്ന ഒരു പ്രായം ഉണ്ടായിരുന്നു എന്നില്‍... “ആ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ഡ്രൈവര്‍ക്ക് വണ്ടി സൈഡിലേക്ക് പോകാതെ എങ്ങനെ നേരെ ഓടിക്കാന്‍ പറ്റുന്നു?... മുന്നില്‍ നടുവില്‍ ഇരുന്ന് ഓടിച്ചാലല്ലെ വണ്ടി ബാലസ് ചെയ്തു നേരെ ഓടിക്കാന്‍ പറ്റു?..” എന്നത് അന്നത്തെ ഏറ്റവും വലിയ ഒരു സംശയമായിരുന്നു... അന്ന് എനിക്കുണ്ടായിരുന്നു വണ്ടിയുടെ വലിക്കുന്ന ചരട് ഒരു സൈഡിലേക്ക് പോയാല്‍ വണ്ടി പിന്നെ ചെരിഞ്ഞാണ് ഓടിയിരുന്നത്... അങ്ങനെ അതില്‍നിന്നുണ്ടായ സംശയമായിരുന്നു അത്...പിന്നെ പഴയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളില്‍ ചാർളി ചാപ്ലിന്‍റെ പോലത്തെ കുഞ്ഞി മീശ കണ്ടപ്പോഴെല്ലാം ഞാന്‍ വിചാരിച്ചു മീശ അങ്ങനെയാണ് എല്ലാവരിലും ആദ്യം ഉണ്ടാവുകയെന്നും പിന്നെ അത് രണ്ടു വശത്തേക്കും നീണ്ടു വളരുകയാണെന്നും അങ്ങനെ വളര്‍ന്നാണ് കൊമ്പന്‍ മീശയാകുന്നതെന്നുമെല്ലാം... ഇതുപോലെയുള്ള സംശയങ്ങളും,ധാരണകളും അന്ന് ഏറെയായിരുന്നു... എല്ലാം അതതു പ്രായത്തിന്‍റെതായതായിരുന്നു...”
Friday, 29 December 2017
വേര്‍പിരിയും മുമ്പേ...
സ്നേഹിച്ചവര്‍ ഓരോരുത്തരായി ഇനിയില്ലെന്നറിയുമ്പോള്‍ വളരെ ദുഃഖം തോന്നാറുണ്ട്... മരണ വാര്‍ത്തകള്‍ എപ്പോഴും അങ്ങനെയാണ്... ഒരു ഞെട്ടലോ, വലിയ അവിശ്വാസനീയതയോ ആണ് അത് ആദ്യം ഉണ്ടാക്കുക... തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട് അവരെ കുറച്ചൂടെ സ്നേഹിക്കാമായിരുന്നു... അവര്‍ക്ക് കുറച്ചൂടെ പരിഗണന കൊടുക്കാമായിരുന്നു എന്നൊക്കെ... ഇനിയും അടുത്തോരോ വേര്‍പാടിലും ആ തോന്നലുകള്‍ എന്നെ വീണ്ടും തേടിവരും... ആ നിമിഷങ്ങളില്‍ ആ കുറ്റബോധത്തിന്‍ തീവ്രത ഒന്ന് കുറയും എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇപ്പോള്‍ എല്ലാവരെയും നല്ലപോലെ സ്നേഹിക്കുന്നു... പ്രായഭേദമന്യേ അവര്‍ക്ക് വേണ്ട പരിഗണനകള്‍ കൊടുക്കാനും ശ്രമിക്കുന്നുണ്ട്... മരണശേഷം കാണിക്കുന്ന സ്നേഹമത്രയും അര്‍ത്ഥമില്ലാത്തതാണ് അത് അവരുടെ ആ യാത്രക്ക് മുന്നേ കൊടുക്കുവാന്‍ കഴിയണം... അതുകൊണ്ട് മരണം എന്ന യാഥാര്‍ത്ഥ്യം എന്നെ തേടിയെത്തുംവരെ എന്നാലാകും വിധം എനിക്കത് കൊടുക്കണം..."
കാലം വരുത്തിയ മാറ്റം
മാങ്ങ കണ്ട മാവിലെല്ലാം കല്ലെറിയുക... കയറിയാല്‍ കിട്ടുന്ന കൊമ്പിലാണെങ്കില്‍ അതില്‍ വലിഞ്ഞ് കയറും.. അങ്ങനെ മാങ്ങ, പേരയ്ക്ക, ചാമ്പക്ക, എന്നുവേണ്ടാ കഴിക്കാവുന്നതെന്തും പറിച്ച് തിന്നുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ വിനോദം... ഒന്നും മൂത്ത് പഴുത്ത് നിറം വരാന്‍ കാത്തുനില്‍ക്കാറില്ല! അതിനുമുന്നേ അകത്താക്കും... അതിനിപ്പോ ഭയങ്കര പുളിയോ ചവര്‍പ്പോ ആയിരുന്നാല്‍ കൂടി അന്നത് ആസ്വാദ്യമായ രുചിയായിരുന്നു... ഒരു തരത്തില്‍ പറഞ്ഞാല്‍ കണ്ട പറമ്പിലെല്ലാം കയറി ഇറങ്ങി നടക്കുന്ന ഒരു കുരങ്ങന്‍ തന്നെയായിരുന്നു ആ പ്രായത്തില്‍... ഒറ്റക്കല്ല വേറെ കുരങ്ങന്മാരും ഉണ്ടായിരുന്നു കൂടെ... ഇന്ന് സ്വന്തം പറമ്പില്‍ അന്നത്തെ ആ പ്രിയപ്പെട്ട പഴങ്ങള്‍ മൂത്ത് പഴുത്ത് നിന്നിട്ടും ആര്‍ക്കും നോട്ടമില്ല... എനിക്കും വേണ്ട!... പ്രായം വരുത്തിയ മാറ്റമാണോ അതോ സ്വന്തവും, സുലഭവുമായപ്പോള്‍ വിലയില്ലാതെയായതാണോ എന്നറിയില്ല... എന്തായാലും ഇന്ന് ആ കനികള്‍ക്കായി പുതിയ ആവശ്യക്കാര്‍ എന്നോണം എന്‍റെ വീട്ടു പരിസരത്ത് നിറയെ കിളികളും അണ്ണാറന്മാരും ഉണ്ട്... അവരുടെ ശബ്ദകോലാഹലങ്ങളില്‍ അറിയാനാകുന്നു അവരുടെ ആ വരവും പോക്കും സന്തോഷവും... ഇന്ന് ഓരോന്നും പൂക്കുന്നതും കായ്ക്കുന്നതും പഴുക്കുന്നതുമെല്ലാം അവര്‍ക്ക് വേണ്ടി മാത്രമാണ്... ടാബിനും വീഡിയോ ഗെയിംമിനും അടിമപ്പെട്ട ഇന്നത്തെ ബാല്യത്തിന് അതിന്‍റെയൊന്നും രുചിയില്‍ തീരെ താല്‍പ്പര്യമില്ല!...”
Sunday, 24 December 2017
പ്രായാനുശ്രിതം
സ്കൂളില്‍ പഠിച്ചിരുന്ന പ്രായത്തിലാണ് മഴയെ ശരിക്കും അറിഞ്ഞ് ആസ്വദിച്ചിട്ടുള്ളത്... അത് ചിലപ്പോള്‍ അന്ന് മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാകാം... ആ വലിയ ജനലിനോട് ചേര്‍ന്നുള്ള ബെഞ്ചിലിരുന്നുകൊണ്ട് ആ ജാലകവഴി മഴയുടെ എല്ലാ ഭാവങ്ങളും ഞാനന്ന് കണ്ട് പഠിച്ചു... ശരീരം ക്ലാസ്സില്‍ ആണെങ്കിലും ശ്രദ്ധ മുഴുവന്‍ ക്ലാസ്സിന് പുറത്തേക്കായിരുന്നു... അവിടെ ഇതുപോലെ കര്‍ക്കിടകം പെയ്തിറങ്ങുന്നതും സ്കൂള്‍ ഗ്രൗണ്ട് നിറയെ മഴവെള്ളം കെട്ടിനില്‍ക്കുന്നതും ഇന്നും മനസ്സിലെ മായാത്ത കാഴ്ച്ചയാണ്... അന്ന് അനുഭവിച്ചറിഞ്ഞ ആ തണുപ്പിനോട് ഇന്നേറെ കൊതി തോന്നുന്നുണ്ട്... കലങ്ങിയതെങ്ങിലും ആ മഴ വെള്ളത്തിലൂടെ നടക്കാനും... ഒരു കുസൃതി പോലെ ചെളി വെള്ളം തെറിപ്പിക്കാനും... മഴനനഞ്ഞ് ക്രിക്കറ്റ് കളിക്കാനും... അങ്ങനെ അങ്ങനെ പലതും... ഒന്ന് ഞാനിന്ന് മനസ്സിലാക്കുന്നു ജീവിതത്തില്‍ പല കാര്യങ്ങളും അതിന്‍റെതായ ആ ഒരു പ്രായത്തില്‍ മാത്രമേ അറിയാനും ചെയ്യാനും സാധിക്കൂ...”
പ്രണയ ഗാനം
“പ്രണയിച്ചു തുടങ്ങിയപ്പോഴാണ് പ്രണയഗാനങ്ങളുടെ സുഖവും സൗന്ദര്യവുമെല്ലാം അടുത്തറിയാനായത്... ആ വരികളെ കൂടുതല്‍ ശ്രദ്ധിച്ചതും അതിന്‍റെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനായതും അന്നാണ്... അതുവരെ അതെല്ലാം എനിക്ക് വെറും ഓരോ പാട്ടുകള്‍ മാത്രമായിരുന്നു... ആര്‍ക്കോ വേണ്ടി ആരോ എഴുതി ആരോ സംഗീതം പകര്‍ന്ന് ആരോ പാടിയ പാട്ടുകള്‍... എല്ലാം വെറുതേ കേള്‍ക്കാനുള്ളവയായിരുന്നു... പ്രണയത്തിന്‍ പിണക്കവും ഇണക്കവും വിരഹവുമെല്ലാം വേറിട്ട് അറിയാനായതോടെ ആ പാട്ടുകള്‍ക്ക് എന്നില്‍ ജീവനായി... അവ ഓരോന്നും വ്യത്യസ്തമായ അനുഭൂതികളായി മാറി... അങ്ങനെ “ചിലത് അറിഞ്ഞെങ്കിലെ മറ്റു ചിലതിനെ അറിയാനാകു...” എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു...”
Sunday, 17 December 2017
വിയോഗങ്ങള്‍
“ഇന്നൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ പിന്നിട്ട ജീവിതവഴികളില്‍ കാണാനാവുന്ന എന്നില്‍ വന്ന എന്റേതായ മാറ്റങ്ങള്‍ വളരെ വളരെ വലുതാണ്... അവിടെയെല്ലാം ഓരോരുത്തരുടെ കൈയ്യൊപ്പുകള്‍ ഉണ്ട്... ഇടറിവീണ പ്രായത്തില്‍ താങ്ങായവരുടെ, ലക്ഷ്യങ്ങളാകണം സ്വപ്‌നങ്ങളെന്ന് പഠിപ്പിച്ചവരുടെ, കണ്ണില്‍ കണ്ട ഷാളിന്‍റെയെല്ലാം പുറകേ പോയിരുന്ന കൗമാര മനസ്സിനെ പിടിച്ചു നിര്‍ത്തി അമ്മ പെങ്ങള്‍ എന്നൊക്കെ വ്യക്തമാക്കിതന്നവരുടെ, വികാരമല്ല വിചാരമാണ് എവിടേയും എപ്പോഴും കൂടുതല്‍ വേണ്ടതെന്ന് പറഞ്ഞു മനസ്സിലാക്കിതന്നവരുടെ, എണ്ണമറ്റ മിഥ്യാധാരണകളെ തിരുത്തി തന്നവരുടെ, നിരാശയുടെ കൊടുമുടിയിനിന്നും താഴെയിറക്കിയവരുടെ, ചുറ്റുമുള്ള സന്തോഷങ്ങളെ കണ്ടെത്താന്‍ പരിശീലിപ്പിച്ചവരുടെ, അങ്ങനെ മറക്കാനാവാത്ത ഒരുപാട് പേരുടെ കൈയ്യൊപ്പുകള്‍... ഇന്നത്തെ ഈ ഞാന്‍ എന്ന വ്യക്തിത്വത്തിന് രൂപം കൊടുത്തവരാണ് അവര്‍... പ്രിയപ്പെട്ട അവരില്‍ ചിലര്‍ അകാലത്തിലും അല്ലാതെയും എന്നില്‍നിന്ന്, ഈ ലോകത്തില്‍നിന്നു തന്നെ പോയി... ഇന്ന് അങ്ങനെ മറ്റൊരാളുകൂടി... വിയോഗങ്ങളാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത്... ആ വേദനയുടെ നിമിഷങ്ങളാണ് എന്നെ പലപ്പോഴും കണ്ണീരണിയിച്ചിട്ടുള്ളത്... അവരാരും എന്നില്‍ മരിക്കില്ല!... ഞാനെന്ന മരണം വരെ...”
ഇന്നലെകള്‍
“വര്‍ഷങ്ങള്‍ കണ്മുന്നിലൂടെ എത്രപെട്ടെന്നാ കടന്നുപോകുന്നത്... ഇന്ന് ഇവിടെവരെയെത്തി നില്‍ക്കുമ്പോള്‍ അറിയാനാവുന്നു പിന്നിട്ട ജീവിതത്തിലെ സുന്ദരമായൊരു കാലഘട്ടം അത് ആ സ്കൂളില്‍ ചിലവഴിച്ചതായിരുന്നു... പക്ഷെ ഇപ്പോഴാണ് അതോക്കെ ശരിക്കും മനസ്സിലാക്കുന്നത്... ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയായ ഒരിടമാണ് ആ സ്കൂള്‍... അന്നൊക്കെ പഠിക്കാനുള്ള മടികൊണ്ടു മാത്രം ഉമ്മയോടും ഉപ്പയോടും തലവേദന, വയറുവേദന, എന്നൊക്കെ കള്ളം പറഞ്ഞ് ക്ലാസ്സില്‍ പോകാതിരുന്ന ആ ഓരോ ദിവസവും ഇന്നെനിക്ക് വലിയ നഷ്ടങ്ങളായി തോന്നുന്നു... അതങ്ങനെയാണ് “ഇന്ന്” എന്നത് എന്താണെന്ന് ഇന്ന് അറിയാതെ പോയാല്‍ നാളെ "ഈ" ദിവസവും ഒരു നഷ്ട്ടമായി തോന്നിയേക്കും...”
എനിക്ക് കാണണ്ട
മനോഹരമായിരുന്നു അവള്‍ അടുത്തുണ്ടായിരുന്ന ആ നിമിഷങ്ങളത്രയും... പിണങ്ങി എന്‍റെ മുഖത്ത് പോലും നോക്കാതെ മിണ്ടാതെ നടന്ന ആ ദിവസങ്ങളും... പാവമായിരുന്നു അവള്‍... ഒരു പച്ചപാവം... ഒരു തൊട്ടാവാടി... അതെല്ലാം ഓര്‍ക്കാനിടയായപ്പോള്‍ എന്നോ കഴിഞ്ഞുപോയ ആ ഒരു കാലം ഇന്നെനിക്ക് സമ്മാനിച്ചത് സങ്കടം നിറഞ്ഞ ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു... അവളെ ഇന്ന് കാണാന്‍ കഴിയാത്തതില്‍ വിഷമുണ്ടോ എന്ന് ചോദിച്ചാല്‍... ഇല്ല!... മാറ്റങ്ങളാല്‍ അവളിന്ന് ഏറെ മാറിയിരിക്കും... ഇന്ന് ആ മുഖം കണ്ടാല്‍ മായാതെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കൊണ്ടു നടക്കുന്ന ആ പ്രിയപ്പെട്ട മുഖം എന്നില്‍ നിന്നും എനിക്ക് നഷ്ടമാകും... അതെന്‍റെ ഉള്ളില്‍ നിന്നും തീര്‍ത്തും മാഞ്ഞുപോയേക്കും... അതുകൊണ്ട് വേണ്ട!... എനിക്ക് കാണണ്ട!..”
Wednesday, 6 December 2017
വിയോഗങ്ങള്‍
“ഇന്നൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ പിന്നിട്ട ജീവിതവഴികളില്‍ കാണാനാവുന്ന എന്നില്‍ വന്ന എന്റേതായ മാറ്റങ്ങള്‍ വളരെ വളരെ വലുതാണ്... അവിടെയെല്ലാം ഓരോരുത്തരുടെ കൈയ്യൊപ്പുകള്‍ ഉണ്ട്... ഇടറിവീണ പ്രായത്തില്‍ താങ്ങായവരുടെ, ലക്ഷ്യങ്ങളാകണം സ്വപ്‌നങ്ങളെന്ന് പഠിപ്പിച്ചവരുടെ, കണ്ണില്‍ കണ്ട ഷാളിന്‍റെയെല്ലാം പുറകേ പോയിരുന്ന കൗമാര മനസ്സിനെ പിടിച്ചു നിര്‍ത്തി അമ്മ പെങ്ങള്‍ എന്നൊക്കെ വ്യക്തമാക്കിതന്നവരുടെ, വികാരമല്ല വിചാരമാണ് എവിടേയും എപ്പോഴും കൂടുതല്‍ വേണ്ടതെന്ന് പറഞ്ഞു മനസ്സിലാക്കിതന്നവരുടെ, എണ്ണമറ്റ മിഥ്യാധാരണകളെ തിരുത്തി തന്നവരുടെ, നിരാശയുടെ കൊടുമുടിയിനിന്നും താഴെയിറക്കിയവരുടെ, ചുറ്റുമുള്ള സന്തോഷങ്ങളെ കണ്ടെത്താന്‍ പരിശീലിപ്പിച്ചവരുടെ, അങ്ങനെ മറക്കാനാവാത്ത ഒരുപാട് പേരുടെ കൈയ്യൊപ്പുകള്‍... ഇന്നത്തെ ഈ ഞാന്‍ എന്ന വ്യക്തിത്വത്തിന് രൂപം കൊടുത്തവരാണ് അവര്‍... പ്രിയപ്പെട്ട അവരില്‍ ചിലര്‍ അകാലത്തിലും അല്ലാതെയും എന്നില്‍നിന്ന്, ഈ ലോകത്തില്‍നിന്നു തന്നെ പോയി... ഇന്ന് അങ്ങനെ മറ്റൊരാളുകൂടി... വിയോഗങ്ങളാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത്... ആ വേദനയുടെ നിമിഷങ്ങളാണ് എന്നെ പലപ്പോഴും കണ്ണീരണിയിച്ചിട്ടുള്ളത്... അവരാരും എന്നില്‍ മരിക്കില്ല!... ഞാനെന്ന മരണം വരെ...”