Friday, 29 December 2017

കാലം വരുത്തിയ മാറ്റം

മാങ്ങ കണ്ട മാവിലെല്ലാം കല്ലെറിയുക... കയറിയാല്‍ കിട്ടുന്ന കൊമ്പിലാണെങ്കില്‍ അതില്‍ വലിഞ്ഞ് കയറും.. അങ്ങനെ മാങ്ങ, പേരയ്ക്ക, ചാമ്പക്ക, എന്നുവേണ്ടാ കഴിക്കാവുന്നതെന്തും പറിച്ച് തിന്നുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ വിനോദം... ഒന്നും മൂത്ത് പഴുത്ത് നിറം വരാന്‍ കാത്തുനില്‍ക്കാറില്ല! അതിനുമുന്നേ അകത്താക്കും... അതിനിപ്പോ ഭയങ്കര പുളിയോ ചവര്‍പ്പോ  ആയിരുന്നാല്‍ കൂടി അന്നത് ആസ്വാദ്യമായ രുചിയായിരുന്നു... ഒരു തരത്തില്‍ പറഞ്ഞാല്‍ കണ്ട പറമ്പിലെല്ലാം കയറി ഇറങ്ങി നടക്കുന്ന ഒരു കുരങ്ങന്‍ തന്നെയായിരുന്നു ആ പ്രായത്തില്‍... ഒറ്റക്കല്ല വേറെ കുരങ്ങന്മാരും ഉണ്ടായിരുന്നു കൂടെ... ഇന്ന് സ്വന്തം പറമ്പില്‍ അന്നത്തെ ആ പ്രിയപ്പെട്ട പഴങ്ങള്‍ മൂത്ത് പഴുത്ത് നിന്നിട്ടും ആര്‍ക്കും നോട്ടമില്ല... എനിക്കും വേണ്ട!... പ്രായം വരുത്തിയ മാറ്റമാണോ അതോ സ്വന്തവും, സുലഭവുമായപ്പോള്‍ വിലയില്ലാതെയായതാണോ എന്നറിയില്ല... എന്തായാലും ഇന്ന് ആ കനികള്‍ക്കായി പുതിയ ആവശ്യക്കാര്‍ എന്നോണം എന്‍റെ വീട്ടു പരിസരത്ത് നിറയെ കിളികളും അണ്ണാറന്മാരും ഉണ്ട്... അവരുടെ ശബ്ദകോലാഹലങ്ങളില്‍ അറിയാനാകുന്നു അവരുടെ ആ വരവും പോക്കും സന്തോഷവും... ഇന്ന് ഓരോന്നും പൂക്കുന്നതും കായ്ക്കുന്നതും പഴുക്കുന്നതുമെല്ലാം അവര്‍ക്ക് വേണ്ടി മാത്രമാണ്... ടാബിനും വീഡിയോ ഗെയിംമിനും അടിമപ്പെട്ട ഇന്നത്തെ ബാല്യത്തിന് അതിന്‍റെയൊന്നും രുചിയില്‍ തീരെ താല്‍പ്പര്യമില്ല!...”

No comments:

Post a Comment