Saturday, 25 March 2017

ഗള്‍ഫ്‌ എന്ന ഒരു ഡ്രീം

പണ്ട് അറബികഥകളില്‍ വായിച്ചറിഞ്ഞ ദൂരെ കടലിനക്കരെയുള്ള സുല്‍ത്താന്‍റെ കൊട്ടാരം... പൊന്നു വിളയുന്ന നാട്... സ്വപ്നങ്ങളുടെ പറുദ്ദീസ... അത്തര്‍ മണക്കുന്ന "ഗള്‍ഫ്‌"... കുട്ടിക്കാലത്ത് ഒരുപാട് കൊതിച്ചിട്ടുണ്ട് കഥകളിലൂടെ മനസ്സില്‍ രൂപംകൊണ്ട സുല്‍ത്താന്‍റെ ആ നാടുകാണാന്‍, വിമാനത്തില്‍ കയറണം... ഗള്‍ഫില്‍ പോണം... ഒത്തിരി കാശുണ്ടാക്കണം... എന്നിട്ട് കിട്ടാവുന്നത്രയും ചോക്കലേറ്റ്സും, ഐസ്ക്രീമും വാങ്ങണം... അതായിരുന്നു അന്നത്തെ എന്‍റെ ഏറ്റവും വലിയ ആഗ്രഹം...

എന്നാല്‍ മുതിര്‍ന്നപ്പോ ഗള്‍ഫ്‌ എന്ന ഒരു ഡ്രീം എന്നില്‍ ഇല്ലായിരുന്നു... പക്ഷെ ജീവിത സാഹചര്യങ്ങള്‍ എന്നില്‍ ഉണര്‍ത്തിയ വാശികളും, വെല്ലുവിളിച്ചവര്‍ക്ക് മുമ്പില്‍ ജയിച്ചു നില്‍ക്കാനുള്ള ആവേശവും, പലതും നേടിയെടുക്കാനും, സ്വന്തമാക്കാനും എന്നെ പ്രേരിപ്പിക്കുകയായിരുന്നു... അതുവരെയുള്ള എന്‍റെ കൊച്ചു സ്വപ്നങ്ങള്‍ എന്നില്‍നിന്നും വഴിമാറിയ നിമിഷങ്ങളായിരുന്നു അത്... പകരം വന്ന സ്വപ്നങ്ങള്‍ എന്നെ വീണ്ടും ഗള്‍ഫ്‌ സ്വപ്നം കാണാന്‍ നിര്‍ബന്ധിച്ചു കാരണം എന്നെ സംബന്ധിച്ചിടത്തോളം അവക്ക് വളരെ വിലയായിരുന്നു... അതുകൊണ്ടുതന്നെ ഈ നാട് എന്നെ മാടിവിളിച്ചപ്പോള്‍ ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല... അങ്ങനെ അന്ന് ഞാനും ഒരു പ്രവാസിയായി...

ഇവിടെ വന്നിറങ്ങിയപ്പോ പണ്ട് വായിച്ച ആ കഥകള്‍ ഓര്‍ത്തു... അപ്പോഴാണ് "കഥയില്‍ ചോദ്യമില്ല" എന്നുപറയുന്നത് വെറുതെയല്ല എന്നു മനസ്സിലാവുന്നത്... എന്നിട്ട് ഇവിടെ വന്നശേഷം സ്വപ്നങ്ങള്‍ പൂവണിഞ്ഞോ? എന്നു ചോദിച്ചാല്‍... കുറെയൊക്കെ ഞാന്‍ ഒപ്പിച്ചു എന്നാലും ഇനിയും ഉണ്ട്... സത്യത്തില്‍ എന്‍റെ നേട്ടങ്ങളുടെ പട്ടിക ഉയരുന്നതിനനുസരിച്ച് മറുഭാഗത്ത് എന്‍റെ നഷ്ടങ്ങളുടെ പട്ടികയും ഉയരുന്നുണ്ട്... പക്ഷെ ഞാന്‍ അത് ശ്രദ്ധിക്കാറില്ല... കാരണം തോല്‍വി ആര്‍ക്കും ഇഷ്ട്ടമല്ലല്ലോ?...

വീടും വീട്ടുകാരും അങ്ങനെ പ്രിയപ്പെട്ടവരാരും അരിക്കിലല്ലാത്ത ജീവിതമാണ്... എന്നാലും ആരോടോക്കെയുള്ള ഒരു വാശി എന്നെ ഇവിടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

No comments:

Post a Comment