കുറെ കാലമായി കേള്‍ക്കുന്ന രണ്ടു വാക്കുകളാണ് വര്‍ഗീയതയും വര്‍ഗീയവാദിയും.
സത്യത്തില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്ന രണ്ടു മുഖങ്ങളുണ്ട് .ഒന്ന് നെറ്റിയില്‍ ചുവന്ന കുറിയിട്ട് കാവി മുണ്ടുടുത്ത് നില്‍ക്കുന്ന ഒരാളും, മറ്റൊന്ന് താടി നീട്ടി വളര്‍ത്തി മീശ വെട്ടിക്കളഞ്ഞ് തലയില്‍ വെളള തൊപ്പിയിട്ടിരിക്കുന്ന ഒരാളും.
അത്, ഒരു ഹിന്ദുവായും മുസ്ലിമായും വേണമെങ്കില്‍ പറയാം. ഭാഗ്യം! ക്രിസ്ത്യാനി ഇതില്‍ എന്തോ പെടുന്നില്ല. ഒരു പക്ഷെ , അയാള്‍ക്ക് തൊടാന്‍ ചുവന്ന കുറിയും കാവി മുണ്ടും പോലെയുള്ള ഒന്നും കിട്ടി കാണില്ല. അല്ലെങ്കില്‍ അയാള്‍ക്ക് താടിയും മീശയും വളരുന്നുണ്ടാകില്ല, വെളള തൊപ്പി പോലെ ഒന്നും കിട്ടി കാണുകയുമില്ല.
(പള്ളീലച്ചന്മാര്‍ക്ക് വെള്ള വേഷം ഉണ്ടെങ്കിലും എന്തോ അതിനെ വര്‍ഗീയതയുമായി കൂട്ടിക്കുഴക്കുന്നില്ല.നല്ല കാര്യം.)
ഈയിടെയായിട്ട് എന്താണെന്നറിയില്ല, വര്‍ഗീയവാദികളുടെ എണ്ണം കൂടി കൂടി വരുന്നു എന്ന് പറയപ്പെടുന്നു.. ലീഗിനെ വിമര്‍ശിച്ചാല്‍ , ബി , ജെ. പി എന്ന വാക്ക് പറഞ്ഞാല്‍, മദനിക്ക് നീതി കിട്ടില്ലേ എന്ന് ചോദിച്ചാല്‍ ,ഗുജറാത്തിനെയും മോഡിയേയും, എന്‍ എസ് എസ് - എസ് എന്‍ ഡി പി ക്കാരെ കുറിച്ചു സംസാരിച്ചാല്‍, കമ്മൂണിസ്റ്റ് നേതാക്കന്മാരെ ചോദ്യം ചെയുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ , എല്ലാം നമ്മള്‍ വര്‍ഗീയ വാദികള്‍ ആകുമത്രെ.
അയ്യോ..ഞാന്‍ ഇതൊക്കെ കേട്ടു പേടിച്ചു. ഇവരെ കുറിച്ചൊന്നും ഒരക്ഷരം പോലും ഞാന്‍ മിണ്ടിയില്ല. ജനാധിപത്യ മതേതരത്വ ഇന്ത്യയില്‍ എല്ലാം അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ ബാധ്യസ്ഥരാണ് എന്നെനിക്കും തോന്നി. വോട്ട് ചെയ്യാന്‍ പറയുമ്പോള്‍ ഓരോ പാര്‍ട്ടിക്കാര്‍ക്കും അതങ്ങ് ചെയ്തു കൊടുക്കുക എന്നതിലുപരി നമ്മളാര് ഇതൊക്കെ അന്വേഷിക്കാനും ചോദിക്കാനും ?
അമ്പലത്തിലും പള്ളിയിലും പോകുന്നവനെ വര്‍ഗീയവാദിയായി കരുതാനാകില്ല. ആത്മീയം സംസാരിക്കുന്നത് വര്‍ഗീയതയും അല്ല. ഭാരതത്തെ കുറിച്ചു സംസാരിക്കുന്നവന്‍ വര്‍ഗീയവാദിയാണോ? ഭാരതീയം സംസാരിച്ചാല്‍ വര്‍ഗീയത ആകുമോ ? അങ്ങനെയെങ്കില്‍ അപ്പോള്‍ യഥാര്‍ത്ഥ വര്‍ഗീയ വാദികള്‍ ആരാണ് ? എന്താണ് വര്‍ഗീയത ?
ചുവന്ന കുറിയും കാവി മുണ്ടും നീട്ടി വളര്‍ത്തിയ താടിയും വെള്ള തൊപ്പിയുംവര്‍ഗീയ വാദികളുടെ സ്ഥിരം മുഖച്ഛായ ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപോകാന്‍ കാരണം എന്ത് ?....🤔
വര്‍ഗീയതയുടെയും വര്‍ഗീയവാദിയുടെയും ചിത്രം ഈ രീതിയിലാണ് നമ്മുടെ മനസ്സില്‍ തെളിയുന്നതെങ്കില്‍ മതേതരത്വത്തിന്റെയും മതേതര വാദിയുടെയും ചിത്രം നമ്മുടെ മനസ്സില്‍ എങ്ങിനെ വരക്കണം ?
"ഈ ചോദ്യങ്ങളൊക്കെ കടന്നല്‍ കൂടിളകിയ പോലെ എനിക്ക് ചുറ്റും പാറി പറന്നു നടക്കുമ്പോളും എന്നെ സ്നേഹം കൊണ്ട് കെട്ടിപിടിച്ച് കൂടെ ചേര്‍ത്തു നിര്‍ത്താന്‍ വന്നവരെ ഞാനും തിരിച്ചു പതിന്മടങ്ങ് സ്നേഹിച്ചു. മതവും, ജാതിയും, നിറവും,എന്തിനു പറയുന്നു ദേശീയത പോലും നോക്കാതെ ഞാനവരെ എന്‍റെ ബന്ധുക്കളെക്കാള്‍ കൂടുതല്‍ സ്നേഹിച്ചു. "
"സ്നേഹം പങ്കു വക്കുന്നതിനിടയില്‍ നിങ്ങള്‍ക്കും മനസിലാകും ചില സത്യങ്ങള്‍. ഒരാള്‍ക്ക് സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി."
No comments:
Post a Comment