പാട്ടുകള്‍ എന്നും പഴയ ഓര്‍മ്മകളേകുന്നു... നിശബ്ദമായ ഇരുളിന്‍റെ ഏകാന്തതയില്‍ നിദ്രയെ കാത്തുകിടക്കുമ്പോള്‍ പതിവായി കേള്‍ക്കാറുള്ള കേട്ടുപഴകിയ പാട്ടുകളുടെ വരികളിലെന്നും കഴിഞ്ഞ കാലത്തിന്‍ ഓര്‍മ്മകളുണ്ടാകാറുണ്ട്... ബാല്യ-കൗമാരത്തിന്‍റെ.. സ്നേഹ-സാഹോദര്യ-സൗഹൃദത്തിന്‍റെ.. പ്രണയത്തിന്‍റെ.. വിരഹത്തിന്‍റെ.. വേദനകളുടെ.. അതിനും അപ്പുറം കണ്ണുനീരില്‍ കുതിര്‍ന്ന വിയോഗങ്ങളുടെ... ആ വരികളും, ഈണവും, താളവും, എങ്ങിനെയോ എവിടെയോക്കെയോ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു... അങ്ങനെയുള്ള ആ വരികളിലൂടെ, അനുഭവങ്ങളെ തൊട്ടുകിടക്കുന്ന ഓര്‍മ്മകളിലൂടെ ഇന്നത്തെതെല്ലാം മറന്ന് ഇന്നലെകളിലേക്ക് തനിച്ചൊരു യാത്ര... ആ യാത്രയുടെ അവസാനമാകുന്നു എന്നും എന്‍റെ ഉറക്കം!... അത് ചിലപ്പോള്‍ സുഖമുള്ള ഒരു കുളിരോടെ അല്ലെങ്കില്‍ സങ്കടം നിറഞ്ഞ മനസ്സോടെയാകും... എങ്ങിനെ ആയാലും പാട്ട് കേട്ടുകൊണ്ടുള്ള ഉറക്കം! അതൊരു വേറിട്ട സുഖം തന്നെയാണ്...”
Sunday, 1 April 2018
നാളെ
ഉറങ്ങാന്‍ കിടക്കും നേരം സ്വന്തം ചിന്തകള്‍ ഏതൊക്കെ വഴിക്കാണ് പോവുകയെന്ന്‍ ഒരു നിശ്ചയവും ഉണ്ടാകാറില്ല... അതങ്ങനെ അതിന്‍റെ വഴിക്ക് തോന്നും പോലെ പോവുകയാണ് പതിവ്... ആ ചിന്തയില്‍ വരുന്ന വിഷയങ്ങള്‍ പലപ്പോഴും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്... അത് മറ്റുള്ളവരോട് പറയാനാവുന്നതാണെങ്കില്‍ മാത്രം... അതല്ലെങ്കില്‍ എല്ലാം ഉള്ളില്‍ ഒതുക്കും... ഇന്നലെ അങ്ങനെ കാടുകയറിയ ചിന്തകള്‍ എന്നില്‍ വല്ലാത്ത ഒരു വിഷമം ഉണ്ടാക്കി... “എല്ലാം നേടിയിട്ട് നാളെ നന്നായി ജീവിക്കാം...” പണ്ടത്തെ എന്‍റെ ഇല്ലായ്മകളില്‍ ഞാന്‍ എന്നില്‍ ശീലിച്ച ഒരു ആശ്വാസ ചിന്തയായിരുന്നു അത്... അതങ്ങനെ ഒരു ശീലമായി പോയതുകൊണ്ടാണോ എന്തോ ജീവിത സാഹചര്യങ്ങളില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടും ആ ചിന്ത ഇന്നും എന്നില്‍ അങ്ങനെ തന്നെയാണ്... ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ഞാന്‍ സ്വയം പറഞ്ഞു പറ്റിക്കുകയാ... ഇന്നലെയാണ് എനിക്കത് മനസ്സിലായത്... എന്നിലെ എന്‍റെതായ ആഗ്രഹങ്ങള്‍ പലതും പിന്നിട്ട പ്രായത്തില്‍ സാധിക്കേണ്ടവയായിരുന്നു എന്നിട്ടും ഇന്നും ഞാനതെല്ലാം നാളെ എന്നാണ് ചിന്തിക്കുന്നത്... നാളെകള്‍ പോകുന്നത് ആരോഗ്യ സമ്പന്നമായ യൗവനത്തിലേക്കല്ല! എന്ന് എന്നേ തിരിച്ചറിയേണ്ടിയിരുന്നു... നാളെകളില്‍ കാത്തിരിക്കുന്നത് രോഗങ്ങളും മരുന്നുകളുമാണെന്ന ബോധം ഇതിലും നേരത്തെ വേണ്ടിയിരുന്നു... ഈ പോക്കുപോയാല്‍ നാളേക്ക് നീക്കി വച്ചതെല്ലാം ഒന്നിച്ച് കുഴിച്ചുമൂടുകയെ നിവൃത്തിയുണ്ടാവൂ... വൈകിയിട്ടില്ലെന്ന സമാധാനത്തില്‍ ഇനി ഓരോ ദിവസവും, ഇവിടെ ജീവിക്കാന്‍ അനുവദിച്ചു കിട്ടിയ ഓരോ മണിക്കൂറുകളും എന്തിന് ഓരോ നിമിഷങ്ങളും അറിഞ്ഞ്, ആസ്വദിച്ച് ജീവിക്കണം... സ്വന്തം ജീവിതം ഒരു നഷ്ട്ടമായി നാളെ എനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി മാത്രം...”
പ്രേരണ
"ആ മനസ്സ് എനിക്കിന്നും ഇവിടെയിരുന്നും അറിയാൻ കഴിയുന്നുണ്ട്... അവൾ എന്നെ മറന്നുകാണും എന്നെനിക്ക് ഇതുവരെ തോന്നിയിട്ടില്ല!.. കാരണം ചിലർക്ക് ചിലർ അങ്ങനെയാണ്... ഇന്ന് സാഹചര്യങ്ങൾ അനുവദിക്കാത്തതിനാലും, അടുത്തു വന്നാൽ ഇനി ഒരിക്കൽക്കൂടി അകലേണ്ടിവന്നാലുള്ള വേദനയെ ഭയക്കുന്നതിനാലും അവൾ സ്വയം മറഞ്ഞു നിൽക്കുകയാണ്... എന്നാലും അവൾ അരികിലുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്... മറ്റൊരു പേരിൽ അവൾ ഇവിടെയുണ്ടെന്നും... അവൾ അങ്ങനെ വന്ന് ഈ പേജ് സന്ദർശിക്കുന്നുണ്ടാകാം... ഞാൻ ഇവിടെ എഴുതുന്ന വരികൾ വായിക്കുന്നുണ്ടാകാം... ആ വരികളിൽ അവൾ അവളെ തന്നെ കാണുന്നുണ്ടാകാം... കുറ്റങ്ങളും കുറവുകളും പറയുന്നുണ്ടാകാം... ഇനിയും പുതിയ എഴുത്തിനായി അവൾ കാത്തിരിക്കുന്നുണ്ടാകാം... ഒരു പക്ഷെ എന്നിലെ ഈ ഒരു ചിന്തയാകാം വീണ്ടും വീണ്ടും എഴുതാനുള്ള എന്നിലെ പ്രേരണയും..."
ചോദ്യങ്ങളില്‍
അപ്രതീക്ഷിതമായി വരുന്ന ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടുന്ന ഉത്തരത്തിനായി പരിചിതമല്ലാത്ത തലങ്ങളിലേക്ക് ചിന്തകളിലൂടെ മനസ്സ് പോകാറുണ്ട്... അങ്ങനെ കഴിഞ്ഞ ദിവസം എന്നിലേക്ക് എത്തിയ ഒരു ചോദ്യമായിരുന്നു “എന്താണ് ഹൃദയത്തിന്‍റെ ഭാഷ? അങ്ങനെ ഒന്ന് ഉണ്ടോ?” എനിക്ക് പരിചിതമായ ഒന്നായിരുന്നില്ല ആ ചോദ്യവും അതിന്‍റെ ഉത്തരവും... എന്താണ് ഞാന്‍ അതിന് മറുപടി പറയുക എന്ന കുറച്ചു നേരത്തെ ചിന്തക്ക് ഒടുവില്‍ ഞാന്‍ പറഞ്ഞു “ ഒരാള്‍ക്ക് പറയുവാനുള്ളത് അതയാള്‍ പറയാതെതന്നെ മറ്റൊരാള്‍ക്ക് അറിയാനാവുന്നുവെങ്കില്‍ അതാണ് ആ ഭാഷ.” അത് ശരിയോ തെറ്റോ എന്നോന്നും വിലയിരുത്താന്‍ നില്‍ക്കാതെ അപ്പോള്‍ തോന്നിയത് അതുപോലെ ഞാന്‍ അയാളോട് പറയുകയായിരുന്നു... അതങ്ങനെതന്നെ പറയുമ്പോഴും 'ആണോ?' എന്നൊരു സംശയം എന്നില്‍ ശേഷിച്ചിരുന്നു... അഥവാ അതല്ല ഹൃദയത്തിന്‍ ഭാഷയെങ്കില്‍ പറയാതെ പറഞ്ഞറിയുന്ന ആ ഒന്നിനെ വേറെ എന്തെന്ന് വിശേഷിപ്പിക്കും? എന്നത് എന്നിലപ്പോള്‍ മറ്റൊരു ചോദ്യമായി...”