ഉറങ്ങാന്‍ കിടക്കും നേരം സ്വന്തം ചിന്തകള്‍ ഏതൊക്കെ വഴിക്കാണ് പോവുകയെന്ന്‍ ഒരു നിശ്ചയവും ഉണ്ടാകാറില്ല... അതങ്ങനെ അതിന്‍റെ വഴിക്ക് തോന്നും പോലെ പോവുകയാണ് പതിവ്... ആ ചിന്തയില്‍ വരുന്ന വിഷയങ്ങള്‍ പലപ്പോഴും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്... അത് മറ്റുള്ളവരോട് പറയാനാവുന്നതാണെങ്കില്‍ മാത്രം... അതല്ലെങ്കില്‍ എല്ലാം ഉള്ളില്‍ ഒതുക്കും... ഇന്നലെ അങ്ങനെ കാടുകയറിയ ചിന്തകള്‍ എന്നില്‍ വല്ലാത്ത ഒരു വിഷമം ഉണ്ടാക്കി... “എല്ലാം നേടിയിട്ട് നാളെ നന്നായി ജീവിക്കാം...” പണ്ടത്തെ എന്‍റെ ഇല്ലായ്മകളില്‍ ഞാന്‍ എന്നില്‍ ശീലിച്ച ഒരു ആശ്വാസ ചിന്തയായിരുന്നു അത്... അതങ്ങനെ ഒരു ശീലമായി പോയതുകൊണ്ടാണോ എന്തോ ജീവിത സാഹചര്യങ്ങളില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടും ആ ചിന്ത ഇന്നും എന്നില്‍ അങ്ങനെ തന്നെയാണ്... ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ഞാന്‍ സ്വയം പറഞ്ഞു പറ്റിക്കുകയാ... ഇന്നലെയാണ് എനിക്കത് മനസ്സിലായത്... എന്നിലെ എന്‍റെതായ ആഗ്രഹങ്ങള്‍ പലതും പിന്നിട്ട പ്രായത്തില്‍ സാധിക്കേണ്ടവയായിരുന്നു എന്നിട്ടും ഇന്നും ഞാനതെല്ലാം നാളെ എന്നാണ് ചിന്തിക്കുന്നത്... നാളെകള്‍ പോകുന്നത് ആരോഗ്യ സമ്പന്നമായ യൗവനത്തിലേക്കല്ല! എന്ന് എന്നേ തിരിച്ചറിയേണ്ടിയിരുന്നു... നാളെകളില്‍ കാത്തിരിക്കുന്നത് രോഗങ്ങളും മരുന്നുകളുമാണെന്ന ബോധം ഇതിലും നേരത്തെ വേണ്ടിയിരുന്നു... ഈ പോക്കുപോയാല്‍ നാളേക്ക് നീക്കി വച്ചതെല്ലാം ഒന്നിച്ച് കുഴിച്ചുമൂടുകയെ നിവൃത്തിയുണ്ടാവൂ... വൈകിയിട്ടില്ലെന്ന സമാധാനത്തില്‍ ഇനി ഓരോ ദിവസവും, ഇവിടെ ജീവിക്കാന്‍ അനുവദിച്ചു കിട്ടിയ ഓരോ മണിക്കൂറുകളും എന്തിന് ഓരോ നിമിഷങ്ങളും അറിഞ്ഞ്, ആസ്വദിച്ച് ജീവിക്കണം... സ്വന്തം ജീവിതം ഒരു നഷ്ട്ടമായി നാളെ എനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി മാത്രം...”
No comments:
Post a Comment