Saturday 23 June 2018

പ്രിയസഖി

ദൂരെ ജന്മങ്ങളുടെ സ്വപ്ന തീരത്ത് നീലാരവിന്ദങ്ങള്‍ പൂത്തപോലൊരു ഒരു സുന്ദരി... ഇന്നലെ ആ നിലാവെളിച്ചത്തിൽ അവളെന്‍റെ അരികിൽ വന്നു... ആ അരുവിയുടെ തീരത്ത് ഞാൻ ഇരുന്നിരുന്ന അതേ കല്ലിൽ അവളും എന്‍റെ കൂടെ ചേർന്ന് ഇരുന്നു... കുഞ്ഞിളം കാറ്റേറ്റു പാറി പറന്ന അവളുടെ മുടിയിലെ മുല്ല മണം ഞാനപ്പോഴാണ് അറിഞ്ഞത്... നീല നിലാവും പേറി അതിലേ ഒഴുകിയ അരുവി ഞങ്ങളുടെ പാദങ്ങളെ ഇക്കിളിയാക്കികൊണ്ടിരുന്നു... അപ്പോള്‍ കുട്ടികളെപോലെ കാലുകളാൽ തീർത്ത ജല നാദവും, അവളുടെ വെള്ളി കൊലുസ്സിന്‍റെ താളവും ചേർന്നിണങ്ങിയെത്തിയ ഒരു പശ്ചാത്തല സംഗീതത്തിലാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങിയത്... ആ നിമിഷങ്ങളിൽ പലപ്പോഴും തൂമഞ്ഞുപോലെ അവളിൽ നിന്നും മൃദു മന്ദഹാസം പൊഴിയുന്നതും ഞാൻ കണ്ടു...

അവളുടെ ഓരോ നോട്ടത്തിലും ആ തിളങ്ങും മിഴികളെന്തിന് ഇങ്ങനെ അറിയാത്ത പോലെ എന്‍റെ ഹൃദയത്തിലേക്ക് ശരമെയ്യുന്നു എന്ന് ഞാൻ ചിന്തിച്ചിരിക്കവേ പറയാതെ പറയുന്നപോലെ പറഞ്ഞുകൊണ്ട് അവൾ ആ പ്രണയവും എന്നോട് പറഞ്ഞു... ആ നിമിഷങ്ങളിൽ അവളെനിക്ക് തെല്ലും മുഖം തന്നില്ല... ചമ്മൽ മറയ്ക്കുവാനോ, എന്തിനോ അവൾ അത് വാനിൽ തിളങ്ങി നിന്ന നക്ഷത്രങ്ങൾക്കും ആ നിലാവിനും മാത്രമായി കൊടുത്തു... പിന്നെയും ആ മുഖത്ത് നാണത്താൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിത ഞാൻ കൺച്ചിമ്മാതെ നോക്കി ഇരുന്നു... തുടർന്നുണ്ടായ ഞങ്ങളുടെ സൗമ്യസംഭാഷണത്തിനിടയിൽ കാതിലെ  ജിംക്കികൾ പോലും ഞങ്ങളോടൊപ്പം മെല്ലെ ചിരിച്ചു... സ്നേഹത്തോടെ ഞാനാ ആ കൈ ചേർത്ത് പിടിക്കവേ അതുവരെ ഞാനറിയാത്ത ഒരു മാർദ്ദവ്വവും തണുപ്പും ഞാനറിഞ്ഞു... സംസാരിച്ചിരുന്ന് യാമങ്ങൾ പിന്നെയും പിന്നെയും പിന്നിട്ടപ്പോൾ അവസാനം അവളുടെ ആ ഇഷ്ട്ടത്തിന്‍റെ അളവ് അറിയിക്കും പോലെ ഒരു അധര ചുംബനത്തിന്‍റെ മധുരം പകർന്ന് അവൾ എങ്ങോ പോയ് മറഞ്ഞു... ആരായിരുന്നു അവൾ??? നിന്‍റെ അതേ മുഖഛായയായിരുന്നു അവൾക്ക്... നിന്‍റെ അതേ ശബ്ദം... കണ്ണുകൾ... രൂപം... ഭാവം... അല്ല! സ്വപ്നത്തിലും അത് നീ തന്നെയായിരുന്നു പ്രിയസഖി."

No comments:

Post a Comment