Tuesday 26 June 2018

മഴ

"യാത്രകൾ മുടക്കുന്ന, ജലദോഷവും പനിയുമെല്ലാം ഉണ്ടാക്കുന്ന പ്രശ്നക്കാരിയെന്ന് കേട്ടറിവും, അങ്ങനെ പരിചയവുമുള്ള ഈ മഴ എന്നാണ് എപ്പോഴാണ് എനിക്ക് പ്രിയങ്കരിയായതെന്ന് എനിക്കറിയില്ല. എന്നോ വെറുതേ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മഴ എനിക്കൊരു അത്ഭുതവും, കൗതുകവുമായി തോന്നി... അതുപിന്നെ ഒരു പ്രത്യേക ഇഷ്ടവും അടുപ്പവുമായി മാറി...

അന്ന് ആ കാലത്തെ സിനിമകളിലും മറ്റും പല രീതിയിൽ അവർ മഴയെ കാണിക്കുമ്പോൾ എന്തിനാണ് ഇതിത്രക്ക് ഇങ്ങനെ എടുത്ത് കാണിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല... എന്നാൽ കുറച്ചൂടെ വളർന്നപ്പോൾ അതേ കാഴ്ച്ചകൾ തന്നെ എനിക്ക് പല അർത്ഥങ്ങളും പറഞ്ഞു  തന്നു... അങ്ങനെ മഴ എനിക്ക് അതുവരെ അറിയാത്ത, ആരും പഠിപ്പിച്ചു തരാത്ത ഓരോരോ കാര്യങ്ങൾ പറഞ്ഞും പഠിപ്പിച്ചും തരുവാൻ തുടങ്ങി...

കൗമാര മനസ്സിലേക്ക് നിറങ്ങളും സ്വപ്നങ്ങളും ചേക്കേറിയപ്പോൾ ആ കൂട്ടത്തിൽ അന്ന് മഴയും മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു... അന്നേ പലപ്പോഴും ഞാനൊരു നോക്കുകുത്തിയേ പോലെ മഴയെ നോക്കി നിന്നിട്ടുണ്ട്... ആ നേരത്തെ ചിന്തകളിൽ മാറ്റെല്ലാം മറന്നുപോകും...പരിസരം പോലും... പ്രിയമുള്ളവയെ കാണുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന സന്തോഷവും അന്ന് ഞാൻ നല്ലപോലെ അറിഞ്ഞിരുന്നു...

പിന്നെ ഏത് നേരവും കാല്പനികമായ ചിന്തകളിൽ മാത്രമായി ഞാനൊരു ഭ്രാന്തനേപോലെ അലഞ്ഞു നടന്നിരുന്നപ്പോൾ മഴ എന്നോട് പറയുമായിരുന്നു 'നീ ഇവിടെ ഇരിക്കു ഞാൻ നിന്റെ മുന്നിൽ ഒന്ന് നല്ലപോലെ പെയ്തിറങ്ങട്ടെ... നീ കണ്ടു നിൽക്കുമെങ്കിൽ ഞാൻ നിനക്കായി നൃത്തം ചെയ്യാം... നിനക്ക് കേൾക്കാനായി ഞാൻ പാടാം...' എന്നൊക്കെ... മഴ നനഞ്ഞ പ്രകൃതിയെ ഒരു സുന്ദരിയായി കണ്ടതും, ചുറ്റിലും അതുവരെ കാണാത്ത സൗന്ദര്യങ്ങൾ ഞാൻ ആ രീതിയിൽ കണ്ടു തുടങ്ങിതും അന്നു തന്നെ... ആ കാണാ കാഴ്ച്ചകൾ നിറയെ കാണാനാണ് മഴയിൽ ഞാൻ ബൈക്കിൽ പറന്നത്... കാണുന്നവർക്ക് അതൊരു വല്ലാത്ത ഭ്രാന്ത് തന്നെയെന്ന് തോന്നിയിരിക്കാം... സത്യത്തിൽ അത് എന്നിലെ എന്റെ ഒരു ഭ്രാന്ത് തന്നെയായിരുന്നു...

മഴ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ വേറൊരു ലോകം സൃഷ്ടിക്കുകയായിരുന്നു... അവിടെയാണെങ്കിൽ എന്നും എപ്പോഴും ഇങ്ങനെ തോരാതെ പെയ്യുന്ന മഴയാണ്... എന്നോട് സംസാരിക്കുന്ന മഴ... എന്തിനേയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന മഴ... കിനാവുകൾക്ക് കൂട്ടായി നിൽക്കുന്ന മഴ... കുളിരേകുന്ന മഴ... തണുപ്പായും, സംഗീതമായും, താരാട്ടായും അവിടെ മഴ തന്നെ... അങ്ങനെ എന്നിൽ എല്ലാമെല്ലാമായി നിറഞ്ഞു നിൽക്കുന്ന മഴയെ ഇപ്പോഴും ഒന്ന് കണ്ണടച്ചാൽ എനിക്ക് കാണാം... കേൾക്കാം...

No comments:

Post a Comment