Monday, 13 February 2017

യാത്ര

ഒരു യാത്രയിലാണ് ഞാൻ... ദിനരാത്രങ്ങളെ അറിയാതെ, ദിശയറിയാതെ,എവിടെക്കെന്നറിയാതെയുള്ള ഒരു യാത്രയിൽ... കൂടെയുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് തെല്ലും ക്ഷീണമറിയിക്കാതെ ഇന്നും മുന്നിലേക്ക് നയിക്കുന്നത്... 


ഒരുനാൾ നാളും സമയവും കുറിച്ചിറങ്ങിയ ഈ യാത്രക്കിടയിൽ ഇന്നിപ്പോ ഇതെഴുതുമ്പോഴും കൂടെ ആരൊക്കെയുണ്ട് എന്നെനിക്ക് അറിയാനാവുന്നില്ല... പലപ്പോഴും തോന്നും തനിച്ചാണെന്ന്... ചിലപ്പോഴൊക്കെ തനിച്ചാവാൻ കൊതിച്ചിട്ടുമുണ്ട്... ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ പൂർണ്ണ സ്വതന്ത്രനായ് പറക്കുന്ന ഒരു പക്ഷിയെ പോലെയാകാൻ...


കാലം മായ്ച്ചതുകൊണ്ടോ, ശ്രദ്ധയില്ലാഞ്ഞിട്ടോ അതോ യാത്രക്ക് വേഗതകൂടിയതുകൊണ്ടോ എന്നറിയില്ല പിന്നിട്ട ഓരോ വഴികളിലായ് കണ്ടുമുട്ടിയ പല  മുഖങ്ങളും എൻറെ ഓർമ്മയിൽ ഇന്നില്ല... എന്നാൽ എനിക്ക് അടുത്തറിയാവുന്ന, ഞാൻ എന്ന പേരിനെയും വ്യക്തിയെയും അറിയുന്ന പ്രിയപ്പെട്ട പലരും അവരവരുടെ യാത്രകൾ അവസനിച്ചും, അവസാനിപ്പിച്ചും അകന്നു പോയിരിക്കുന്നു... വേർപാട് എന്ന ആ തിരിച്ചറിവ് എപ്പോഴും എനിക്കൊരു വേദന സമ്മാനിക്കാറുണ്ട്...


പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിപ്പൊക്കെ കഴിഞ്ഞ് വെറുതെ നടക്കുന്ന മുതിർന്ന ചേട്ടൻമാരെ കാണുമ്പോഴൊക്കെ ഉള്ളിൽ തോന്നിയിരുന്ന ഒരു കാര്യമാണ് "അവൻമാർ ഭാഗ്യവാൻമാർ ഇനി പഠിക്കണ്ടലോ" യെന്ന്... അതുപോലെ എല്ലാം നേരത്തെ കഴിയുന്നവർ ഭാഗ്യവാൻമാരാണെന്ന് തോന്നും...


ചിലപ്പോ അവരെല്ലാം അവരുടെ യാത്രയുടെ അവസാന നിമിഷങ്ങളിൽ ഒരുപക്ഷെ ഒന്ന് മോഹിച്ചിട്ടുണ്ടാകാം കവി കൊതിച്ചപോലെ "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...".


എൻറെ  യാത്ര അതിപ്പോ എവിടെയെത്തിനിൽകുന്നു എന്നെനിക്കറിയില്ല... എത്ര ദൂരം പിന്നിട്ടു എന്നും അറിയില്ല... എനിക്കിനി എത്ര ദൂരം താണ്ടുവാനുണ്ടെന്നും അറിയില്ല... എന്നാൽ ഒന്ന്‌ ഉറപ്പല്ലെ എൻറെ യാത്രക്കും ഒരു അവസാനം ഉണ്ടെന്നത്... ഒരു ദീർഘ നിശ്വാസത്തിൽ അവസാനിക്കുന്ന യൊരു യാത്ര... എന്‍റെ സ്വന്തം ജീവിതയാത്ര

No comments:

Post a Comment