Monday, 13 February 2017

പ്രവാസികൾ ഞങൾ

നിശബ്ദവും നിശ്ചലവുമാകുന്ന ഇരുട്ടില്‍ ആശ്രയിക്കുന്നവര്‍ക്കെല്ലാം വെട്ടം പകര്‍ന്നുനില്‍ക്കുന്ന മെഴുകുതിരി കാണുമ്പോഴോക്കെ ഞാനോര്‍ക്കും പണ്ടോരിക്കല്‍ ഒരു  റിപ്പോര്‍ട്ടില്‍ വായിച്ച ആ വരികള്‍... "സ്വയം ഉരുകിതീരുന്ന മെഴുകുതിരികളെന്നപോലെ പ്രവാസികള്‍..." അന്നത് വായിക്കുമ്പോള്‍ സത്യത്തില്‍ എനിക്കറിയില്ലായിരുന്നു ആരാണ്, എന്താണ് ഈ പ്രവസിയെന്ന്... എന്നാല്‍ ഇപ്പോ ഞാനറിയുന്നു... ശരിക്കും അറിയുന്നു... കാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാനും ഒരു പ്രവാസിയാണ്... പ്രവാസികള്‍ എന്ന അനേകായിരങ്ങള്‍ക്കിടയില്‍ ഒരാളായനാള്‍ മുതല്‍ അങ്ങനെ അറിയാതിരുന്ന ഒത്തിരി അര്‍ത്ഥങ്ങള്‍ ഞാന്‍ മനസ്സിലാക്കി... അവിടെ സ്വന്തം അനുഭവങ്ങളില്‍നിന്നും പഠിക്കുകയായിരുന്നു ജീവിതത്തിലെ പലകാര്യങ്ങളും...


എന്തിനും ഏതിനും ആവശ്യമായ "പണം" അതിനുവേണ്ടിമാത്രം പ്രിയപ്പെട്ടതും, സ്വന്തമെന്ന്‍ പറയാവുന്നതുമായ എല്ലാത്തിനെയും പിരിഞ്ഞ്,ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം അന്ന്യനാട്ടില്‍ ആര്‍ക്കോവേണ്ടി ജോലിചെയ്ത് ജീവിക്കേണ്ടിവരുന്നവര്‍...'എന്‍റെ നഷ്ട്ടങ്ങള്‍' ഏന്നെറെ കണക്കുകള്‍ പറയാനുള്ളവര്‍... ഏതൊരു അവസ്ഥയിലും, തനിച്ചാണ് എന്ന തോന്നലിലും പ്രതീക്ഷകളോടെ കേരള ലോട്ടറിയുടെ പരസ്യംപോലെ നാളെ... നാളെ... നാളെ എന്നുമാത്രം സ്വപ്നം കാണുന്നവര്‍... പക്ഷെ നാളെ...നാളെ... നീളെ...നീളെയാകുന്നു പലപ്പോഴും... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലലോ... അതിങ്ങനെ ഒന്നിനുപുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരിക്കും...



ഇന്ന്  അവിചാരിതമായി പരിജയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഒരു ഭായി... ഞങ്ങള്‍ തമ്മില്‍ ചിലവഴിച്ച കുറച്ചു സമയം... പറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍... അതാണ് ഇന്ന് ഇതിങ്ങനെ എഴുതാനുണ്ടാക്കിയ പ്രേരണ... അദ്ദേഹത്തെ 'കണ്ടാല്‍ തോന്നിക്കുന്ന പ്രായം' എന്ന കണക്ക്‌ എനിക്കവിടെ തെറ്റി... അദ്ദേഹംപറഞ്ഞു "വരുന്ന മാസം 52 തികയും,അതിനിടയില്‍ ഇത് പ്രവാസത്തിന്‍റെ 27 മത്തെ വര്‍ഷം"... അതുകേട്ടതും ഞാനൊന്നു സ്തംഭിച്ച്നിന്നു... 27 വര്‍ഷങ്ങള്‍ ഇവിടെയെങ്ങനെ... ആ ഒരു അവിശ്വസനീയതയെ തുടര്‍ന്നുള്ള നിശബ്ദ്തയില്‍ ഞാന്‍ കുറച്ചുസമയം എന്തൊക്കെയോ ചിന്തിച്ചുപോയി... ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു "മതിയായില്ലേ ഭായി ഇവിടുത്തെ ഈ ജീവിതം?" ഒരു പൊട്ടിച്ചിരിയോടെ എന്‍റെ ആ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി ഇങ്ങനെയായിരുന്നു...



"ഗള്‍ഫില്‍ പോകണമെന്ന വലിയൊരു ആഗ്രഹം കൊണ്ട് വന്നതല്ല ഞാന്‍ ഇവിടെ... പണ്ട് വീട്ടിലെ കഷ്ട്ടപ്പാടുകളില്‍ സ്വയം കണ്ടെത്തിയൊരു വഴി... അല്ലെങ്കില്‍ അന്ന് ഉള്ളിലുണ്ടായ ഒരു പ്രേരണ അതാണ്‌ എന്നെ ഇവിടെയെത്തിച്ചത്... പക്ഷെ ഇവിടെവന്നപ്പോ അതിനേക്കാള്‍ വലിയ കഷ്ട്ടപ്പാടായിരുന്നുവെനിക്ക്... 2വര്‍ഷം ഇവിടെനിന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമാകും അത് കഴിഞ്ഞ് നാട്ടില്‍ തന്നെ നില്‍ക്കാമെന്ന കണക്കുകൂട്ടലില്‍ ആദ്യത്തെ 2 വര്‍ഷം പിടിച്ചുനിന്നു... പിന്നെതോന്നി ഒരു വര്‍ഷംകൂടി നില്‍കാം... അങ്ങനെ വീണ്ടും വീണ്ടും തോന്നിയപ്പോ ഇന്ന് വര്‍ഷം 27 ആയി... ഇനിയിപ്പോ നാട്ടില്‍ ചെന്ന് എന്തുചെയ്യാനാ?നല്ലകാലം മുഴുവനും ഇവിടെ തീര്‍ന്നിലെ... എങ്കില്‍ പിന്നെ ഓടുന്നിടത്തോളം ഇനി ഇവിടതന്നെ ഓടട്ടെയെന്നാ... അല്ലെങ്കിലും ഇനി ഇവിടുന്ന് അതികകാലം ഓടേണ്ടിവരുമെന്ന് തോന്നുന്നില്ല...



എല്ലാം ഒരു തമാശപോലെ അദ്ദേഹം നിര്‍ത്താതെ പറഞ്ഞു തീര്‍ത്തു... അതിനിടയില്‍ ഇടയ്ക്കിടെയുള്ള അദ്ദേഹത്തിന്‍റെ ആ നല്ല ചിരിയുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ഒത്തിരി സങ്കടങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു... അതൊരുപക്ഷേ അദ്ദേഹത്തിന്‍റെ ആരും ഇതുവരെ കണ്ടുകാണില്ല... ഒരിക്കലും കാണെണ്ടവര്‍ അതൊന്നും കാണില്ല അല്ലെങ്കില്‍ അവരെ കാണിക്കില്ല... ഇനി അത് കണ്ടവരാണെങ്കില്‍ അത് കണ്ടതായി ഭാവിക്കില്ല... അതാണ് പ്രവാസികളുടെ ഏറ്റവും വലിയ വേദന... എന്നെ അല്ലെങ്കില്‍ എന്‍റെ അവസ്ഥയെ ആരും മനസ്സിലാക്കുന്നില്ലലോ എന്നൊരു സങ്കടം എന്നും തോന്നിക്കും... പ്രവാസിയുടെ നിസഹായവസ്ഥകളും വേദനകളും മറ്റൊരു പ്രവാസിക്കെ അറിയാനാവൂ എന്നതും ഒരു സത്യമാണ്... അദ്ദേഹം പറഞ്ഞ വേറൊരു കാര്യംകൂടിയുണ്ട് "ഇത് എന്‍റെ മാത്രം അവസ്ഥയല്ലല്ലോ?"എന്ന്... അതാവും ഓരോരുത്തരും സ്വയം കണ്ടെത്തുന്നൊരു ആശ്വാസം... അദ്ദേഹത്തെപോലെ അങ്ങനെ എത്രയോ പ്രവാസികള്‍ ഉണ്ടാകും... ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കേണ്ടിവന്നവര്‍...



ഇവിടെ നില്ക്കുമ്പോള്‍ "നാട്" എന്ന നല്ലോര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍... അറിയാതെ നാടിനെ ഒത്തിരി സ്നേഹിച്ചുപോകും... നാട്ടിലുള്ളപ്പോഴോന്നും സ്വന്തം നാടിന് ഇത്രയേറെ ഭംഗി കണ്ടുകാണില്ല... അല്ലെങ്കിലും എന്തും ഓര്‍മ്മകളാകുമ്പോള്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ വരുമ്പോഴാണല്ലോ ഭംഗി കൂടുന്നതും അതിന്‍റെയെല്ലാം വിലയറിയുന്നതും... ഇവിടെയിരുന്ന് എന്നും ഓര്‍മ്മകളിലെ ആ പച്ചപ്പുനിറഞ്ഞ നാട്ടുവഴികളോര്‍ക്കും... അപ്പോഴോക്കെ "നാട്ടില്‍ ചെന്ന്" എന്ന ഒത്തിരി ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സില്‍ കൂട്ടിവെക്കും... അങ്ങനെ ഇഴഞ്ഞ് ഇഴഞ്ഞ് കടന്നുപോകുന്ന ദിവസങ്ങക്കും മാസങ്ങക്കും ഒടുവില്‍ നാളെണ്ണി നാളെണ്ണി കാത്തിരുന്ന ആ ഒരു ദിവസം വരുമ്പോള്‍ അതുവരെ കൂട്ടിവച്ച ഒരുപിടി സ്വപ്നങ്ങളുമായി നാട്ടിലേക്ക്‌ ഒരു പറക്കല്‍... അത് 30 ദിവസത്തെ അവധിക്കാണെങ്കില്‍ 60 ദിവസവും മതിയാകാത്തത്രയും പദ്ധതികളാകും അപ്പോ മനസ്സില്‍...



ചെന്നിറങ്ങുമ്പോള്‍ സ്വീകരിക്കുന്നത് ഒട്ടേറെ മാറ്റങ്ങള്‍ നിറഞ്ഞൊരു നാടാകും... അവിടെ കാണുന്ന ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍തന്നെ 2 ദിവസം വേണം... പിന്നെ ചൂടിനും ഖുബൂസിനുമിടയില്‍ നിന്നും കിട്ടിയ മോചനത്തില്‍ നാട്ടിലിറങ്ങി ഓരോരോ ആശകള്‍ തീര്‍ത്തു നടക്കുമ്പോള്‍ നാട്ടുകാര്‍ക്കത് "ഗള്‍ഫുകാരന്‍റെ ജാഡ"... അത് വീട്ടിലുള്ളവര്‍ കാണുമ്പോള്‍ "ഹോ! ഇവന്‍ അവിടെയും ഇങ്ങനെയാവും ജീവിക്കുന്നേ, കൊള്ളാം ഗള്‍ഫ് അപ്പോ ഒരു സ്വര്‍ഗ്ഗം തന്നെ"... അത് തിരുത്താനാകാത്ത വീട്ടുകാരുടെ തെറ്റിദ്ധാരണ... മൊത്തത്തില്‍ ഒരു സെറ്റപ്പും ലുക്കും കാണുമ്പോള്‍ ചങ്ങാതിമാരുടെയും മനസ്സില്‍ "എങ്ങനെയെങ്കിലും എനിക്കും പോണം ഗള്‍ഫില്‍" അത് അറിയാത്ത പിള്ള ചൊറിയുമ്പോഴെ അറിയൂ എന്ന് പറയുംപോലെ... അങ്ങനെ അങ്ങനെ എല്ലാതവണയും കാണുന്ന അതേ സംഭവങ്ങളുമായി ദിവസങ്ങള്‍ വേഗത്തില്‍ പോയ്മറയും...



അറിയാതെ രാത്രിയും പകലും മാറിമാറയുമ്പോള്‍ അവസാനദിവസം വന്നതുമാത്രം ശരിക്കും അറിയും... അന്ന് കഴിഞ്ഞ അവധി ദിവസങ്ങള്‍ ഇത്രവേഗം എവിടെപോയെന്ന്‍ തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ല... ഒടുവില്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ സ്വയം പ്രാകികൊണ്ട് തിരിച്ചു പറക്കും... ആ യാത്രയില്‍ മുഖഭാവം മാറും... ചിരിയും കളിയും പോകും... ഒരു ഉറക്കമുണരുമ്പോള്‍ കടലും കടന്ന്‌ വീണ്ടും വിജനമായ ആ മണലാരണ്യത്തിനു മുകളിലെത്തിയിട്ടുണ്ടാകും... പിന്നെ അടുത്ത അവധിക്കായുള്ള കാത്തിരിപ്പിന്‍റെ നാളുകളുമായി അങ്ങനെ ജീവിതം മുന്നോട്ട്... ചിലപ്പോഴൊക്കെ തോന്നും  എല്ലാം ഇട്ടെറിഞ്ഞു പോക്കൂടെ?"യെന്ന്... പക്ഷെ ഓരോരോ ആവശ്യങ്ങള്‍ ഓര്‍ക്കുമ്പോള്‍...... ഹാ... ഒരുവര്‍ഷംകൂടി കഴിയട്ടെ!

No comments:

Post a Comment