Saturday, 18 February 2017

ഇന്ന് മരുഭൂമിയില്‍ വീണ്ടും "മഴ".

 കാലങ്ങള്‍ക്ക് ശേഷമെങ്കിലും ഇന്നിവിടെ ഈ പെയ്യുന്ന മഴയും എന്നില്‍ "നീ" യെന്ന ഓര്‍മ്മകള്‍ നിറക്കുന്നു... മനസ്സില്‍ എവിടെയോ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്ന ഒരുപിടി നല്ല ഓര്‍മ്മള്‍... ആ ഓര്‍മ്മകളിലെന്നും ഇതുപോലെ മഴയാണ്... അരികില്‍ എന്‍റെ എല്ലാമെല്ലാമായി നീയും... അനശ്വരമായ പ്രണയം തളിരിട്ട ആ നാളുകളിലെല്ലാം ഒരു പശ്ചാത്തല സംഗീതം പോലെ... ഹൃദ്യമായ ഒരു സിംഫണി പോലെ... മഴയെന്നും നിറഞ്ഞു നിന്നിരുന്നു...


മഴയെ ഞാനിത്രയേറെ സ്നേഹിച്ചിരുന്നില്ല, അന്നാദ്യമായി ആ പുതുമഴയില്‍ നിന്നെ കാണും വരെ... ഇരുളിന്‍റെ നിശബ്ദതയില്‍ പെയ്യ്‌തിറങ്ങുന്ന രാത്രിമഴ ഞാന്‍ അറിഞ്ഞിരുന്നേയ്യില്ല, അന്നുനിന്‍ പുഞ്ചിരിയെന്നില്‍ പതിയുംവരെ... പിന്നെ എനിക്കായി പെയ്യുന്നതായിരുന്നു ഓരോ മഴയും... അന്നെന്‍റെ സ്വപ്നങ്ങളിലും മഴ ഒരു താരമായിരുന്നു... പലരൂപത്തിലും, പല ഭാവത്തിലും അവിടെയും മഴ നിറഞ്ഞു നിന്നിരുന്നു... എന്നിലേക്ക് പുതിയ പുതിയ ശീലങ്ങള്‍ കടന്നുവന്ന കാലമായിരുന്നു അത്...

വെറുതെ മഴ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍... വിദൂരതയില്‍ പെയ്യ്‌തോഴിയുന്ന മഴയെ അറിയാതെ നോക്കിനിന്നുപോയ നിമിഷങ്ങള്‍... മഴയില്ലെങ്കിലും പുറത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... ഉറക്കമില്ലാത്ത രാത്രികളില്‍ മഴയുടെ കുളിരില്‍ ചൂടു ചായക്കൊപ്പം രാത്രിമഴയെ പ്രണയിക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍... എനിക്ക് വട്ടാണെന്ന് എനിക്കുതന്നെ തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... അങ്ങനെ അങ്ങനെ എല്ലാ രീതിയിലും പ്രണയം തലക്ക്‌ പിടിച്ച നാളുകള്‍...


സത്യത്തില്‍ പെയ്യ്‌തിറങ്ങുന്ന മഴയിലൂടെ ഞാന്‍ എന്നും പ്രണയിച്ചത് നിന്നെത്തന്നെയായിരുന്നു... നിന്‍റെ ചിരി... നിന്‍റെ സ്നേഹം... നിന്‍റെ വാശികള്‍... നിന്‍റെ പിണക്കങ്ങള്‍... അങ്ങനെ നിന്‍റെതായ എല്ലാ ഭാവങ്ങളും ഞാനന്ന് മഴയിലും കണ്ടു... ഒരു പക്ഷെ അതാകാം ഞാന്‍ മഴയെ ഇത്രയേറെ സ്നേഹിക്കാന്‍ കാരണം... ഇന്ന് നിന്‍റെ അഭാവത്തിലും ഒരു സാന്ത്വനം നിറഞ്ഞ തലോടലായി മഴയെന്‍റെ അടുത്തെത്തുന്നു... ആ നിമിഷങ്ങളിലെല്ലാം നിന്‍റെ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്...


ഇന്നും ഓരോ മഴയും എന്നിലെ നീയെന്ന ആ പ്രണയത്തിനെന്നും പുതുജീവന്‍ നല്‍കുന്നു... ഇന്ന് ഈ പെയ്യുന്ന മഴയിലും ഉള്ളില്‍ എവിടെയോ പ്രണയത്തിന്‍ നാമ്പുകള്‍ വീണ്ടും തളിര്‍ക്കുന്നതും ഞാനറിയുന്നു... ഇനിയും ഇങ്ങനെ മഴകാണാന്‍ കഴിയുന്ന കാലമത്രയും ആ പ്രണയം ഇതുപോലെ നിലനില്‍ക്കുമായിരിക്കും... മാറ്റങ്ങള്‍ക്ക് വഴിമാറാതെ... എന്നെന്നും നിത്യഹരിതമായി

2 comments: