പ്രവാസികളുടെ മനസ്സില്‍
ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി
ഒരു പെരുന്നാള്‍ കൂടി കടന്നു വരുന്നു...
നീല വാനില്‍ പൊന്നമ്പിളി വിടരുമ്പോള്‍ പെരുന്നാളിന്റെ ആരവം ആരംഭിക്കുകയായി..
കുറെ ഫോണ്‍ കോളുകളിലും ആശംസാ കാര്‍ഡുകളിലും ഒരു ബിരിയാണിയിലും ഒതുങ്ങുന്നതാണു പ്രവാസികളുടെ പെരുന്നാള്‍. കുടുംബം കൂടെയില്ലാത്തവര്‍ അനുഭവിക്കുന്ന മാനസിക വിഷമം വര്‍ണ്ണിക്കാനാവില്ല.
ബന്ധു വീടുകളില്‍ സന്ദര്‍ശനമില്ല, പുത്തനുടുപ്പുകളണിഞ്ഞു ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന ആഹ്ലാദത്തിന്റെ അലമാലകളില്ല, മൈലാഞ്ചിയും, ഒപ്പനയുമില്ല, പെരുന്നാള്‍ സമ്മാനത്തിനായി നീണ്ടു വരുന്ന മൃദുലമായ കുഞ്ഞി കൈകളില്ല, പുഞ്ചിരികളും, പുന്നാരങ്ങളും, കിന്നാരങ്ങളുമില്ല..
പ്രാണപ്രേയസി കവിളിലേകുന്ന പെരുന്നാള്‍ സമ്മാനത്തിന്റെ സാന്ത്വനമില്ല. തന്റെ പ്രാണയായ ഉമ്മയും, ഉപ്പയും തരുന്ന വാല്‍സല്യമില്ലാതെ , പേരുന്നാളിന്റെ ഒടുവില്‍ ഒരിറ്റു കണ്ണീരുമായി അവര്‍ വിതുമ്പുന്നു. പെരുന്നാളുകള്‍ വരുന്നു, പോകുന്നു. കുറെ മോഹങ്ങളും അതിനു ചേക്കേറാനൊരു ജീവിതവും മാത്രം ബാക്കിയാവുന്നു..
അര്‍ത്ഥമില്ലാത്ത പൊട്ടിച്ചിരികളില്‍
നൊമ്പരത്തിന്റെ പൊട്ടിക്കരച്ചിലുകള്‍ ഒളിപ്പിച്ച് ജീവിക്കുന്ന വേദനയുടെ പ്രതീകങ്ങളാണു ഏറെ പ്രവാസികളും..
നേടുന്നതെല്ലാം കൈ വിട്ടു പോവുകയും, നേടാനുള്ളത് ദൂരെയിരുന്നു കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ നന്മയുടെ നിറ സുഗന്ധവുമായി ഒഴുകി വരുന്ന ആഘോഷങ്ങൾ അവരില്‍ ഉണര്‍ത്തുന്ന ആശ്വാസം തീരെ ചെറുതല്ല. ജീവിതം കാത്തിരിപ്പിനു പണയം വെച്ചവര്‍ക്കും വേണമല്ലോ ഇത്തിരി ആശ്വാസം. ആ ആശ്വാസം പകരുന്ന നാളുകളെ പ്രവാസികളെപ്പോഴും ഹൃദയം തുറന്നു കാത്തിരിക്കുന്നു…
No comments:
Post a Comment