“കൂടെ പഠിച്ചിരുന്ന ഒരു സുന്ദരിക്കുട്ടി മനസ്സില്‍ ഇടംപിടിച്ച കാലം... അന്നെനിക്ക് മീശ മുളക്കുന്നേയുള്ളൂ... അന്നത്തെ സാഹചര്യങ്ങള്‍ എനിക്ക് മനസ്സിലാക്കിതരികയായിരുന്നു എന്താണ് “പ്രണയം” മെന്ന്... മുപ്പത്തിയഞ്ചോളം ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളും പഠിക്കുന്ന ഒരു ക്ലാസ്സ്‌റൂം അവിടെ വച്ച് ഞാനേപ്പോഴോ അറിഞ്ഞു ആ ഒരു അനുഭൂതി... ആ ക്ലാസ്സില്‍ ഞാന്‍ ഇരിന്നിരുന്ന ബെഞ്ചിന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലായിരുന്നു അവള്‍... എപ്പോഴും പുറകിലേക്ക് തിരിഞ്ഞു എന്നോട് സംസാരിച്ചിരുന്നപ്പോഴും, നോട്ട്സ് എഴുതാന്‍ നേരം പേന പരസ്പ്പരം കൈമാറി എഴുതാന്‍ അവള്‍ താല്പ്പര്യം കാണിച്ചിരുന്നപ്പോഴും, പഠിക്കാന്‍ കടം വാങ്ങാറുള്ള “ലേബര്‍ ഇന്‍ഡ്യ” യുടെ പേജുകള്‍ക്കിടയില്‍ അറിയാതെ പെട്ടുപോയപോലെ ഗ്രീറ്റിംഗ് കാര്‍ഡുകളില്‍ നിന്നു വെട്ടിയെടുത്ത ലവ് ചിഹ്നങ്ങളും, ചുവന്ന റോസാപ്പൂക്കളും കണ്ടപ്പോഴും, ആവശ്യമില്ലാത്തപ്പോള്‍ ഒരു അധികാരത്തോടെ അവളുടെ കണ്ണട എന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കൊണ്ടുവച്ചിരുന്നപ്പോഴും എനിക്കെന്തോ എവിടെയോ അവളെനിക്ക് മറ്റുള്ളവരെ പോലെ അല്ല! എന്ന് തോന്നിതുടങ്ങി... ഒരു സുഹൃത്തിനും അപ്പുറത്തേക്ക് അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു... “Something special” എന്നൊക്കെ പറയില്ലേ അതുപോലെ... അത് ഞാന്‍ മനസ്സിലാക്കും മുന്നേ ആ ക്ലാസ്സിലെ എല്ലാവരും, പഠിപ്പിക്കുന്ന ടീച്ചേഴ്സ് വരെ മനസ്സിലാക്കി... അങ്ങനെ എല്ലാവരും അറിഞ്ഞുകൊണ്ടൊരു കുഞ്ഞു പ്രണയം... അതാണ് എന്നിലേക്ക് വന്ന, ഞാന്‍ ആദ്യമായി അടുത്തറിഞ്ഞ എന്‍റെ പ്രണയം...”
Wednesday, 1 August 2018
ബാല്യകാലം
“ബാല്യകാലം ഇന്ന് സ്മരണകളായി തിരിച്ചെത്തുമ്പോള്‍ ഒരു സുന്ദര സ്വപ്നം കാണും പോലെയാണ്... ആ പഴയ കുഞ്ഞി വീടും, മണ്ണപ്പം ചുട്ടും, ചാടി മറിഞ്ഞ് കളിച്ചുവളര്‍ന്ന മുറ്റവും, പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും, ആ കുട്ടി സൈക്കിളും... തണുത്ത വെളുപ്പാന്‍ കാലങ്ങളില്‍ ആവോളം ആസ്വദിച്ച് മൂടിപുതച്ചുള്ള ഉറക്കവും.. ഉമ്മയുടെ കൂടെകൂടെയുള്ള വിളിയും, കോഴിയുടെ കൂവലും, കിളി നാദങ്ങളും കേട്ടുള്ള ഉറക്കമുണരലും... സൂര്യകിരണങ്ങള്‍ തട്ടിതിളങ്ങിയ പുല്‍ത്തുമ്പിലെ മഞ്ഞുകണങ്ങള്‍ നിറഞ്ഞ ആ വഴിയോരങ്ങളും... ചാടി ഓടികളിക്കും പൈക്കിടാവിനോടോത്തുള്ള കളിയും കിന്നാരവും... തോട്ടിലെ കുഞ്ഞോഴുക്കില്‍ പരല്‍ മീനുകളെ നോക്കി കൗതുകത്തോടെ നിന്നതും... രാത്രിയില്‍ പൊഴിഞ്ഞ കായ്കനികള്‍ നോക്കിയുള്ള മരച്ചുവട്ടിലെ പ്രദക്ഷിണവും... എല്ലാം കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോള്‍ ഉമ്മയില്‍നിന്നും കേട്ടിരുന്ന ശകാരവും... തണുത്ത വെള്ളത്തില്‍ മടിച്ചു മടിച്ചുള്ള കുളിയും അതുകഴിഞ്ഞ് വിറച്ചുകൊണ്ടുള്ള നില്‍പ്പും ഉമ്മയുടെ വക ഒരു തല തോര്‍ത്തി തരലും... എല്ലാം എല്ലാം ജീവിതത്തില്‍നിന്നും എന്നോ മാഞ്ഞുപോയിരിക്കുന്നു... വളര്‍ന്നപ്പോള്‍ എല്ലാം ഇന്ന് ദൂരെ എവിടെയോ എന്നപോലെയായി... ഇനി അതൊന്നും എന്നിലേക്ക് തിരിച്ചു വരില്ല! എന്ന തിരിച്ചറിവ് ഇന്നെന്നില്‍ ഒരു കൊച്ചു സങ്കടം നിറയ്ക്കുന്നു...”
Tuesday, 26 June 2018
മഴ
"യാത്രകൾ മുടക്കുന്ന, ജലദോഷവും പനിയുമെല്ലാം ഉണ്ടാക്കുന്ന പ്രശ്നക്കാരിയെന്ന് കേട്ടറിവും, അങ്ങനെ പരിചയവുമുള്ള ഈ മഴ എന്നാണ് എപ്പോഴാണ് എനിക്ക് പ്രിയങ്കരിയായതെന്ന് എനിക്കറിയില്ല. എന്നോ വെറുതേ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മഴ എനിക്കൊരു അത്ഭുതവും, കൗതുകവുമായി തോന്നി... അതുപിന്നെ ഒരു പ്രത്യേക ഇഷ്ടവും അടുപ്പവുമായി മാറി...
അന്ന് ആ കാലത്തെ സിനിമകളിലും മറ്റും പല രീതിയിൽ അവർ മഴയെ കാണിക്കുമ്പോൾ എന്തിനാണ് ഇതിത്രക്ക് ഇങ്ങനെ എടുത്ത് കാണിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല... എന്നാൽ കുറച്ചൂടെ വളർന്നപ്പോൾ അതേ കാഴ്ച്ചകൾ തന്നെ എനിക്ക് പല അർത്ഥങ്ങളും പറഞ്ഞു തന്നു... അങ്ങനെ മഴ എനിക്ക് അതുവരെ അറിയാത്ത, ആരും പഠിപ്പിച്ചു തരാത്ത ഓരോരോ കാര്യങ്ങൾ പറഞ്ഞും പഠിപ്പിച്ചും തരുവാൻ തുടങ്ങി...
കൗമാര മനസ്സിലേക്ക് നിറങ്ങളും സ്വപ്നങ്ങളും ചേക്കേറിയപ്പോൾ ആ കൂട്ടത്തിൽ അന്ന് മഴയും മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു... അന്നേ പലപ്പോഴും ഞാനൊരു നോക്കുകുത്തിയേ പോലെ മഴയെ നോക്കി നിന്നിട്ടുണ്ട്... ആ നേരത്തെ ചിന്തകളിൽ മാറ്റെല്ലാം മറന്നുപോകും...പരിസരം പോലും... പ്രിയമുള്ളവയെ കാണുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന സന്തോഷവും അന്ന് ഞാൻ നല്ലപോലെ അറിഞ്ഞിരുന്നു...
പിന്നെ ഏത് നേരവും കാല്പനികമായ ചിന്തകളിൽ മാത്രമായി ഞാനൊരു ഭ്രാന്തനേപോലെ അലഞ്ഞു നടന്നിരുന്നപ്പോൾ മഴ എന്നോട് പറയുമായിരുന്നു 'നീ ഇവിടെ ഇരിക്കു ഞാൻ നിന്റെ മുന്നിൽ ഒന്ന് നല്ലപോലെ പെയ്തിറങ്ങട്ടെ... നീ കണ്ടു നിൽക്കുമെങ്കിൽ ഞാൻ നിനക്കായി നൃത്തം ചെയ്യാം... നിനക്ക് കേൾക്കാനായി ഞാൻ പാടാം...' എന്നൊക്കെ... മഴ നനഞ്ഞ പ്രകൃതിയെ ഒരു സുന്ദരിയായി കണ്ടതും, ചുറ്റിലും അതുവരെ കാണാത്ത സൗന്ദര്യങ്ങൾ ഞാൻ ആ രീതിയിൽ കണ്ടു തുടങ്ങിതും അന്നു തന്നെ... ആ കാണാ കാഴ്ച്ചകൾ നിറയെ കാണാനാണ് മഴയിൽ ഞാൻ ബൈക്കിൽ പറന്നത്... കാണുന്നവർക്ക് അതൊരു വല്ലാത്ത ഭ്രാന്ത് തന്നെയെന്ന് തോന്നിയിരിക്കാം... സത്യത്തിൽ അത് എന്നിലെ എന്റെ ഒരു ഭ്രാന്ത് തന്നെയായിരുന്നു...
മഴ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ വേറൊരു ലോകം സൃഷ്ടിക്കുകയായിരുന്നു... അവിടെയാണെങ്കിൽ എന്നും എപ്പോഴും ഇങ്ങനെ തോരാതെ പെയ്യുന്ന മഴയാണ്... എന്നോട് സംസാരിക്കുന്ന മഴ... എന്തിനേയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന മഴ... കിനാവുകൾക്ക് കൂട്ടായി നിൽക്കുന്ന മഴ... കുളിരേകുന്ന മഴ... തണുപ്പായും, സംഗീതമായും, താരാട്ടായും അവിടെ മഴ തന്നെ... അങ്ങനെ എന്നിൽ എല്ലാമെല്ലാമായി നിറഞ്ഞു നിൽക്കുന്ന മഴയെ ഇപ്പോഴും ഒന്ന് കണ്ണടച്ചാൽ എനിക്ക് കാണാം... കേൾക്കാം...
Saturday, 23 June 2018
പ്രിയസഖി
ദൂരെ ജന്മങ്ങളുടെ സ്വപ്ന തീരത്ത് നീലാരവിന്ദങ്ങള്‍ പൂത്തപോലൊരു ഒരു സുന്ദരി... ഇന്നലെ ആ നിലാവെളിച്ചത്തിൽ അവളെന്‍റെ അരികിൽ വന്നു... ആ അരുവിയുടെ തീരത്ത് ഞാൻ ഇരുന്നിരുന്ന അതേ കല്ലിൽ അവളും എന്‍റെ കൂടെ ചേർന്ന് ഇരുന്നു... കുഞ്ഞിളം കാറ്റേറ്റു പാറി പറന്ന അവളുടെ മുടിയിലെ മുല്ല മണം ഞാനപ്പോഴാണ് അറിഞ്ഞത്... നീല നിലാവും പേറി അതിലേ ഒഴുകിയ അരുവി ഞങ്ങളുടെ പാദങ്ങളെ ഇക്കിളിയാക്കികൊണ്ടിരുന്നു... അപ്പോള്‍ കുട്ടികളെപോലെ കാലുകളാൽ തീർത്ത ജല നാദവും, അവളുടെ വെള്ളി കൊലുസ്സിന്‍റെ താളവും ചേർന്നിണങ്ങിയെത്തിയ ഒരു പശ്ചാത്തല സംഗീതത്തിലാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങിയത്... ആ നിമിഷങ്ങളിൽ പലപ്പോഴും തൂമഞ്ഞുപോലെ അവളിൽ നിന്നും മൃദു മന്ദഹാസം പൊഴിയുന്നതും ഞാൻ കണ്ടു...
അവളുടെ ഓരോ നോട്ടത്തിലും ആ തിളങ്ങും മിഴികളെന്തിന് ഇങ്ങനെ അറിയാത്ത പോലെ എന്‍റെ ഹൃദയത്തിലേക്ക് ശരമെയ്യുന്നു എന്ന് ഞാൻ ചിന്തിച്ചിരിക്കവേ പറയാതെ പറയുന്നപോലെ പറഞ്ഞുകൊണ്ട് അവൾ ആ പ്രണയവും എന്നോട് പറഞ്ഞു... ആ നിമിഷങ്ങളിൽ അവളെനിക്ക് തെല്ലും മുഖം തന്നില്ല... ചമ്മൽ മറയ്ക്കുവാനോ, എന്തിനോ അവൾ അത് വാനിൽ തിളങ്ങി നിന്ന നക്ഷത്രങ്ങൾക്കും ആ നിലാവിനും മാത്രമായി കൊടുത്തു... പിന്നെയും ആ മുഖത്ത് നാണത്താൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിത ഞാൻ കൺച്ചിമ്മാതെ നോക്കി ഇരുന്നു... തുടർന്നുണ്ടായ ഞങ്ങളുടെ സൗമ്യസംഭാഷണത്തിനിടയിൽ കാതിലെ ജിംക്കികൾ പോലും ഞങ്ങളോടൊപ്പം മെല്ലെ ചിരിച്ചു... സ്നേഹത്തോടെ ഞാനാ ആ കൈ ചേർത്ത് പിടിക്കവേ അതുവരെ ഞാനറിയാത്ത ഒരു മാർദ്ദവ്വവും തണുപ്പും ഞാനറിഞ്ഞു... സംസാരിച്ചിരുന്ന് യാമങ്ങൾ പിന്നെയും പിന്നെയും പിന്നിട്ടപ്പോൾ അവസാനം അവളുടെ ആ ഇഷ്ട്ടത്തിന്‍റെ അളവ് അറിയിക്കും പോലെ ഒരു അധര ചുംബനത്തിന്‍റെ മധുരം പകർന്ന് അവൾ എങ്ങോ പോയ് മറഞ്ഞു... ആരായിരുന്നു അവൾ??? നിന്‍റെ അതേ മുഖഛായയായിരുന്നു അവൾക്ക്... നിന്‍റെ അതേ ശബ്ദം... കണ്ണുകൾ... രൂപം... ഭാവം... അല്ല! സ്വപ്നത്തിലും അത് നീ തന്നെയായിരുന്നു പ്രിയസഖി."
Friday, 15 June 2018
നിലാവ്
“കിനാവുകള്‍ക്കെല്ലാം കൂട്ടാണ് അവൾ... എന്‍റെ ചിന്തകളും കാഴ്ച്ചപ്പാടുകളും നല്ലപോലെ മനസ്സിലാക്കിയവള്‍... രാത്രിമുല്ലയുടെ സുഗന്ധമറിഞ്ഞങ്ങനെ മുറ്റത്ത് ഉലാത്തുമ്പോള്‍ സുന്ദര നീലിമയാല്‍ അവളെന്‍റെ അരികില്‍ വരും... ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജാലകവഴിലൂടെ ഇളം കാറ്റായ് വന്ന് പുണരും... എനിക്ക് കേള്‍ക്കാനായി പാടും... രാവുറങ്ങുംവരെ സല്ലപിക്കും... അങ്ങനെ എന്നിലെ എന്റെ ഒരു അനുഭൂതിയായി നിറഞ്ഞു നില്‍ക്കുകയാണ് അവൾ... പ്രിയ നിലാവ്...”
എവിടേക്ക്
“ഏറെ നേരമായി ഞാനാവഴിയിലൂടെ തനിച്ച് നടക്കുവാന്‍ തുടങ്ങിയിട്ട്... മരിച്ചുപോയ പ്രിയപ്പെട്ട പലരും ആ സമയം ആ വഴിയിലൂടെ എനിക്കെതിരെ കടന്നുപോയി... മുന്‍പരിചയത്തിന്‍ ഒരു ചിരിമാത്രം തന്നുപോയ അവരെല്ലാം എവിടെക്കാവും ഈ പോകുന്നതെന്നറിയാന്‍ എനിക്കൊരു ആഗ്രഹം തോന്നിയെങ്കിലും എവിടേക്ക്? എന്നറിയാത്ത എന്‍റെ ഈ യാത്രപോലെയായിരിക്കാം ഒരുപക്ഷെ അവരുടേതും എന്ന ഒരു നിഗമനത്തില്‍ ഞാന്‍ മുന്നിലേക്ക് നടന്നു... അതങ്ങനെ അതിരാവിലെ ഉണര്‍ത്തുപാട്ടായി ആ അലാം മുഴങ്ങും വരെ.”
Tuesday, 5 June 2018
തിയ്യതികള്‍
ജനന തിയ്യതി മുതല്‍ ജീവിതത്തില്‍ പല തിയ്യതികളും നമ്മുക്ക് പ്രത്യേകതകള്‍ ഉള്ളവയാകാറുണ്ട്... അവയില്‍ പലതും നമുക്ക് ഒരിക്കലും മറക്കാനാവാത്തതാകും... കാലങ്ങള്‍ പിന്നിട്ട് ആണ്ടിലൊരിക്കലെന്നപോലെ ആ തിയ്യതികള്‍ വീണ്ടും വീണ്ടും എത്തുമ്പോള്‍ ഒരുപാട് ഓര്‍മ്മകളും കൂടെ കാണും... അന്ന് ആ ദിവസം എന്ത് എങ്ങനെയായിരുന്നു എന്നൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍ത്തു പോകുന്ന നിമിഷങ്ങള്‍.”
Monday, 4 June 2018
ഈദിവസം
“പണ്ട് ഇതുപോലെ ഒരു ജൂണ്‍-5 നാണ് ഞാനവളെ ആദ്യമായി കാണുന്നത്... അന്നും ഇതുപോലെ നല്ല മഴയായിരുന്നു... ആ മഴക്കായിരുന്നോ അതോ അവള്‍ക്കായിരുന്നോ അന്ന് കൂടുതല്‍ ഭംഗിയെന്ന് ഇന്നും എനിക്കറിയില്ല... അന്നേ എന്നിലെ എന്‍റെ കിനാവുകള്‍ക്ക് നിറമേകിയവള്‍ ഇന്ന് എവിടെയാണാവോ... അവള്‍ അറിയുന്നുണ്ടാകുമോ ഇന്ന് ഈ നിമിഷങ്ങളില്‍ ഞാന്‍ അവളെ ഓര്‍ത്ത് ഇത് എഴുതിയെന്ന്.”
Sunday, 3 June 2018
ഇടിയും മിന്നലും...
ഇടിയും മിന്നലും എന്‍റെ ബാല്യത്തെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു... ആ നിമിഷങ്ങളിലാണ് ഞാന്‍ ഉമ്മയോട് കൂടുതൽ ചേർന്ന് കിടന്നതും, കണ്ണും, കാതും അടച്ച് പുതപ്പിനടിയിൽ ഒളിച്ചതും... പിന്നീട് വളർന്നൊരു കാലത്തിൽ എന്നിലെ ഒരു മാറ്റം പോലെ ഒഴുകി നീങ്ങും മേഘമാലകൾക്കിടയിൽ നിന്നെതുന്ന ഇടിമുഴക്കുവും, വാനിൽ ചിമ്മുന്ന മിന്നൽ പിണരും ഇഷ്ടമുള്ള ഒന്നായി മാറി... അതിലപ്പോൾ ഒരു ഗന്ധർവ്വന്‍റെ വരവും സാന്നിദ്ധ്യവുമായെല്ലാം തോന്നാൻ തുടങ്ങിയിരുന്നു... ഗന്ധവർവ്വ സങ്കൽപ്പങ്ങൾക്ക് വ്യക്തമായ രൂപവും ഭാവവും പകരാനായ അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെയും അവതരണത്തിന്‍റെയും മികവിനാലായിരുന്നു അത്... കാലം പിന്നെയും നീങ്ങിയപ്പോൾ ഇന്ന് മുഴങ്ങി കേൾക്കുന്ന ഇടിയിലും, മിന്നലിലും, മഴയിലും മനസ്സ് പറയുന്നത് 'Dolby system ' എന്നായിരിക്കുന്നു... കാലം അതിന്‍റെ കഴിവിനാൽ എന്നിലെ അർത്ഥങ്ങൾ ഒരോന്നും ഇനിയും ഈവണ്ണം തിരുത്തിയേക്കാം..."
ഇല്ലെങ്കില്‍
ചുറ്റുമുള്ള നിറങ്ങളും, സുഗന്ധങ്ങളും അപൂര്‍വ്വ സൗന്ദര്യമായി തോന്നാനും അതെല്ലാം കണ്ടറിഞ്ഞാസ്വദിക്കാനും ഉള്ളില്‍ ഒരു പ്രണയം വേണം... ഓര്‍ത്താല്‍ ഒരു മൃദു മന്ദഹാസമേകുന്ന പ്രണയം... അതില്ലാത്തിടത്തോളം എല്ലാം സര്‍വ്വസാധാരണമായി തോന്നും... തൊട്ടടുത്തുള്ളതുപോലും കാണേണ്ട രീതിയില്‍ കാണാതേയും, കേള്‍ക്കേണ്ട രീതിയില്‍ കേള്‍ക്കാതേയും, അറിയാതേയും പോകും.”
ഏകാന്തത
“കാത്തിരുന്നവള്‍ വന്നിട്ടും... പ്രണയമായ് അവള്‍ എന്നില്‍ പെയ്തിട്ടും... മനസ്സില്‍ എവിടെയോ ഇന്നും ഏകാന്തതയുടെ മരവിപ്പ്... അതോരുപക്ഷെ കാലങ്ങളായുള്ള മാനസ്സികാവസ്ഥയില്‍ നിന്നും മാറിവരാന്‍ മനസ്സ് സമയമെടുക്കുന്നതിനാലാകാം... അതല്ലെങ്കില്‍ ആ ഏകാന്തതയെ ഞാനെന്നോ എന്‍റെതായി അംഗീകരിച്ചതിനാലാകാം.”
മഴക്കാലം
“മഴയായി... മഴക്കാലമായി... പെയ്തിറങ്ങിയ ആ ജലധാരകള്‍ വരണ്ടു വിണ്ടു കീറിയ മണ്ണിന്‍ വിടവുകള്‍ നികത്തി... എങ്ങും പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണം... ഉണങ്ങി കിടന്ന പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ത്തു... വാടി തളര്‍ന്നു നിന്ന മരങ്ങള്‍ ഉണര്‍ന്നു നിന്നുലഞ്ഞു... മഴയെ പുണരാനെത്തിയ കാറ്റിന്‍ കുളിരില്‍ കൈകള്‍ തിരുമ്മി കവിളില്‍ വച്ച് മയൂര നടനമാടുന്നു മനസ്സ്.”
മാങ്ങ
“അതി ശക്തിയായി കാറ്റുവീശുന്ന നിമിഷങ്ങളില്‍ ക്ലാസ്സിലിരുന്ന് കാതോര്‍ക്കുമായിരുന്നു ക്ലാസ്സ്മുറിയോട് ചേര്‍ന്നു നില്‍ക്കുന്ന ആ മാവില്‍ നിന്നും മാങ്ങ വീഴുമ്പോഴുള്ള ‘ടപ്പ്.. ടപ്പ്’ എന്ന ആ ശബ്ദത്തിനായി... അങ്ങനെ കേട്ട ശബ്ദത്തിന്‍ എണ്ണം മനസ്സില്‍ കുറിച്ചുകൊണ്ട് ഇടവേളകള്‍ക്ക് മണിയടിക്കുമ്പോള്‍ ബെഞ്ചും ടെസ്ക്കും ചാടി കടന്ന് ഒരു ഓട്ടമുണ്ടായിരുന്നു ആ വലിയ മാവിന്‍ ചുവട്ടിലേക്ക്. ആ മാങ്ങയോളം രുചി ഇന്നോളം വേറെ ഒരു മാങ്ങയിലും ഞാനറിഞ്ഞിട്ടില്ലെന്നത് ഒരു സത്യമാണ്.”
Saturday, 26 May 2018
മഞ്ഞുതുള്ളിക്കായ് ...
ഇരുട്ടിൽ അടർന്ന് വീണ മിഴിനീർ കണങ്ങളത്രയും നിനക്ക് വേണ്ടിയായിരുന്നു. പകലിൽ തിളങ്ങിയ പുഞ്ചിരി വെറും അഭിനയം മാത്രമായിരുന്നു...... ആശിച്ച വേദിയിൽ ആടാൻ കഴിയാത്തതിന്റെ മൗന പ്രതികരണം.. ഇനിയും തികയാതെ വന്നു, ആവനാഴിയിലെ മൗനങ്ങൾ തൊടുത്തതൊക്കെയും എന്നിലേക്കായിരുന്നു... നിസ്സംശയം ഏറ്റു വാങ്ങി ഞാൻ നിന്നിലെ മൗനത്തെ
Sunday, 1 April 2018
പാട്ടുകള്‍
പാട്ടുകള്‍ എന്നും പഴയ ഓര്‍മ്മകളേകുന്നു... നിശബ്ദമായ ഇരുളിന്‍റെ ഏകാന്തതയില്‍ നിദ്രയെ കാത്തുകിടക്കുമ്പോള്‍ പതിവായി കേള്‍ക്കാറുള്ള കേട്ടുപഴകിയ പാട്ടുകളുടെ വരികളിലെന്നും കഴിഞ്ഞ കാലത്തിന്‍ ഓര്‍മ്മകളുണ്ടാകാറുണ്ട്... ബാല്യ-കൗമാരത്തിന്‍റെ.. സ്നേഹ-സാഹോദര്യ-സൗഹൃദത്തിന്‍റെ.. പ്രണയത്തിന്‍റെ.. വിരഹത്തിന്‍റെ.. വേദനകളുടെ.. അതിനും അപ്പുറം കണ്ണുനീരില്‍ കുതിര്‍ന്ന വിയോഗങ്ങളുടെ... ആ വരികളും, ഈണവും, താളവും, എങ്ങിനെയോ എവിടെയോക്കെയോ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു... അങ്ങനെയുള്ള ആ വരികളിലൂടെ, അനുഭവങ്ങളെ തൊട്ടുകിടക്കുന്ന ഓര്‍മ്മകളിലൂടെ ഇന്നത്തെതെല്ലാം മറന്ന് ഇന്നലെകളിലേക്ക് തനിച്ചൊരു യാത്ര... ആ യാത്രയുടെ അവസാനമാകുന്നു എന്നും എന്‍റെ ഉറക്കം!... അത് ചിലപ്പോള്‍ സുഖമുള്ള ഒരു കുളിരോടെ അല്ലെങ്കില്‍ സങ്കടം നിറഞ്ഞ മനസ്സോടെയാകും... എങ്ങിനെ ആയാലും പാട്ട് കേട്ടുകൊണ്ടുള്ള ഉറക്കം! അതൊരു വേറിട്ട സുഖം തന്നെയാണ്...”
നാളെ
ഉറങ്ങാന്‍ കിടക്കും നേരം സ്വന്തം ചിന്തകള്‍ ഏതൊക്കെ വഴിക്കാണ് പോവുകയെന്ന്‍ ഒരു നിശ്ചയവും ഉണ്ടാകാറില്ല... അതങ്ങനെ അതിന്‍റെ വഴിക്ക് തോന്നും പോലെ പോവുകയാണ് പതിവ്... ആ ചിന്തയില്‍ വരുന്ന വിഷയങ്ങള്‍ പലപ്പോഴും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്... അത് മറ്റുള്ളവരോട് പറയാനാവുന്നതാണെങ്കില്‍ മാത്രം... അതല്ലെങ്കില്‍ എല്ലാം ഉള്ളില്‍ ഒതുക്കും... ഇന്നലെ അങ്ങനെ കാടുകയറിയ ചിന്തകള്‍ എന്നില്‍ വല്ലാത്ത ഒരു വിഷമം ഉണ്ടാക്കി... “എല്ലാം നേടിയിട്ട് നാളെ നന്നായി ജീവിക്കാം...” പണ്ടത്തെ എന്‍റെ ഇല്ലായ്മകളില്‍ ഞാന്‍ എന്നില്‍ ശീലിച്ച ഒരു ആശ്വാസ ചിന്തയായിരുന്നു അത്... അതങ്ങനെ ഒരു ശീലമായി പോയതുകൊണ്ടാണോ എന്തോ ജീവിത സാഹചര്യങ്ങളില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടും ആ ചിന്ത ഇന്നും എന്നില്‍ അങ്ങനെ തന്നെയാണ്... ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ഞാന്‍ സ്വയം പറഞ്ഞു പറ്റിക്കുകയാ... ഇന്നലെയാണ് എനിക്കത് മനസ്സിലായത്... എന്നിലെ എന്‍റെതായ ആഗ്രഹങ്ങള്‍ പലതും പിന്നിട്ട പ്രായത്തില്‍ സാധിക്കേണ്ടവയായിരുന്നു എന്നിട്ടും ഇന്നും ഞാനതെല്ലാം നാളെ എന്നാണ് ചിന്തിക്കുന്നത്... നാളെകള്‍ പോകുന്നത് ആരോഗ്യ സമ്പന്നമായ യൗവനത്തിലേക്കല്ല! എന്ന് എന്നേ തിരിച്ചറിയേണ്ടിയിരുന്നു... നാളെകളില്‍ കാത്തിരിക്കുന്നത് രോഗങ്ങളും മരുന്നുകളുമാണെന്ന ബോധം ഇതിലും നേരത്തെ വേണ്ടിയിരുന്നു... ഈ പോക്കുപോയാല്‍ നാളേക്ക് നീക്കി വച്ചതെല്ലാം ഒന്നിച്ച് കുഴിച്ചുമൂടുകയെ നിവൃത്തിയുണ്ടാവൂ... വൈകിയിട്ടില്ലെന്ന സമാധാനത്തില്‍ ഇനി ഓരോ ദിവസവും, ഇവിടെ ജീവിക്കാന്‍ അനുവദിച്ചു കിട്ടിയ ഓരോ മണിക്കൂറുകളും എന്തിന് ഓരോ നിമിഷങ്ങളും അറിഞ്ഞ്, ആസ്വദിച്ച് ജീവിക്കണം... സ്വന്തം ജീവിതം ഒരു നഷ്ട്ടമായി നാളെ എനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി മാത്രം...”
പ്രേരണ
"ആ മനസ്സ് എനിക്കിന്നും ഇവിടെയിരുന്നും അറിയാൻ കഴിയുന്നുണ്ട്... അവൾ എന്നെ മറന്നുകാണും എന്നെനിക്ക് ഇതുവരെ തോന്നിയിട്ടില്ല!.. കാരണം ചിലർക്ക് ചിലർ അങ്ങനെയാണ്... ഇന്ന് സാഹചര്യങ്ങൾ അനുവദിക്കാത്തതിനാലും, അടുത്തു വന്നാൽ ഇനി ഒരിക്കൽക്കൂടി അകലേണ്ടിവന്നാലുള്ള വേദനയെ ഭയക്കുന്നതിനാലും അവൾ സ്വയം മറഞ്ഞു നിൽക്കുകയാണ്... എന്നാലും അവൾ അരികിലുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്... മറ്റൊരു പേരിൽ അവൾ ഇവിടെയുണ്ടെന്നും... അവൾ അങ്ങനെ വന്ന് ഈ പേജ് സന്ദർശിക്കുന്നുണ്ടാകാം... ഞാൻ ഇവിടെ എഴുതുന്ന വരികൾ വായിക്കുന്നുണ്ടാകാം... ആ വരികളിൽ അവൾ അവളെ തന്നെ കാണുന്നുണ്ടാകാം... കുറ്റങ്ങളും കുറവുകളും പറയുന്നുണ്ടാകാം... ഇനിയും പുതിയ എഴുത്തിനായി അവൾ കാത്തിരിക്കുന്നുണ്ടാകാം... ഒരു പക്ഷെ എന്നിലെ ഈ ഒരു ചിന്തയാകാം വീണ്ടും വീണ്ടും എഴുതാനുള്ള എന്നിലെ പ്രേരണയും..."
ചോദ്യങ്ങളില്‍
അപ്രതീക്ഷിതമായി വരുന്ന ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടുന്ന ഉത്തരത്തിനായി പരിചിതമല്ലാത്ത തലങ്ങളിലേക്ക് ചിന്തകളിലൂടെ മനസ്സ് പോകാറുണ്ട്... അങ്ങനെ കഴിഞ്ഞ ദിവസം എന്നിലേക്ക് എത്തിയ ഒരു ചോദ്യമായിരുന്നു “എന്താണ് ഹൃദയത്തിന്‍റെ ഭാഷ? അങ്ങനെ ഒന്ന് ഉണ്ടോ?” എനിക്ക് പരിചിതമായ ഒന്നായിരുന്നില്ല ആ ചോദ്യവും അതിന്‍റെ ഉത്തരവും... എന്താണ് ഞാന്‍ അതിന് മറുപടി പറയുക എന്ന കുറച്ചു നേരത്തെ ചിന്തക്ക് ഒടുവില്‍ ഞാന്‍ പറഞ്ഞു “ ഒരാള്‍ക്ക് പറയുവാനുള്ളത് അതയാള്‍ പറയാതെതന്നെ മറ്റൊരാള്‍ക്ക് അറിയാനാവുന്നുവെങ്കില്‍ അതാണ് ആ ഭാഷ.” അത് ശരിയോ തെറ്റോ എന്നോന്നും വിലയിരുത്താന്‍ നില്‍ക്കാതെ അപ്പോള്‍ തോന്നിയത് അതുപോലെ ഞാന്‍ അയാളോട് പറയുകയായിരുന്നു... അതങ്ങനെതന്നെ പറയുമ്പോഴും 'ആണോ?' എന്നൊരു സംശയം എന്നില്‍ ശേഷിച്ചിരുന്നു... അഥവാ അതല്ല ഹൃദയത്തിന്‍ ഭാഷയെങ്കില്‍ പറയാതെ പറഞ്ഞറിയുന്ന ആ ഒന്നിനെ വേറെ എന്തെന്ന് വിശേഷിപ്പിക്കും? എന്നത് എന്നിലപ്പോള്‍ മറ്റൊരു ചോദ്യമായി...”