Friday, 16 December 2016

തിരിച്ചറിവ്

"മരകൊമ്പില്‍ തലകീഴായി കിടന്ന്‍ നോക്കിയിട്ടുണ്ടോ?.. ഒരു കുരങ്ങിനെപോലെ... ഇല്ല അല്ലെ?... ആകാശം താഴെയും ഭൂമി മുകളിലായും തോന്നും...

വിജനമായ ഹൈവേയുടെ നടുവില്‍ വെറുതെ പോയിരുന്നിട്ടുണ്ടോ?.. ആ വെള്ള വര നമ്മളില്‍ നിന്നും റോഡിലേക്ക് ഇറങ്ങി പോകുന്നതു പോലെ തോന്നും...

തിരയടിക്കുന്ന കടല്‍ക്കരയില്‍ കണ്ണടച്ചു കിടന്നിട്ടുണ്ടോ?.. വേറൊരു ലോകത്തിലാണ് കിടക്കുന്നതെന്ന് തോന്നും...

സഹിക്കാന്‍ പറ്റാത്ത വേദനയോടെ ആശുപത്രിയില്‍ കിടന്നിട്ടുണ്ടോ?.. അവിടെയാണ് ദൈവം എന്നാല്‍ ഡോക്ടര്‍ ആണെന്ന് വിശ്വസിച്ചുപോകുന്നത്..

പ്രണയിച്ചിട്ടുണ്ടോ?.. സ്വയം കുറച്ചുകൂടി വൃത്തിയും ഭംഗിയും വേണമെന്ന് ആഗ്രഹിക്കുന്നത് അപ്പോഴാണ്‌...

നല്ല തണുപ്പുള്ളപ്പോള്‍ ഐസ്ക്രീം കഴിച്ചു നോക്കിയിട്ടുണ്ടോ?.. അതിന് അതുവരെ അറിയാത്ത ഒരു രുചിയും സുഖവുമുണ്ടെന്ന് അപ്പോഴറിയാം...

ആനപ്പുറത്ത് കയറിയിരുന്നിട്ടുണ്ടോ?..  നമ്മളൊന്നും ആനക്ക് ഒന്നും അല്ലെന്നു അവിടെ ഇരിക്കുമ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്...

മരണം നേരില്‍ കണ്ടിട്ടുണ്ടോ?.. ഒരു ശ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള എന്തോ ഒന്നാണ് “ജീവന്‍” എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്...

വാഹന അപകടത്തില്‍ പെട്ടിട്ടുണ്ടോ?.. ഒരു നിമിഷമെന്ന സമയം മതി എന്തും സംഭവിക്കാന്‍ എന്ന തിരിച്ചറിവ് ഉണ്ടായത് അപ്പോഴാണ്‌...

ഭക്ഷണം രുചി അറിഞ്ഞ്, ആസ്വദിച്ച് കഴിച്ചിട്ടുണ്ടോ?.. ആ നേരത്താണ് ഭക്ഷണം മിക്കപ്പോഴും വയറിനുവേണ്ടി വിഴുങ്ങുകയാണ് പതിവെന്ന് മനസ്സിലാക്കിയത്...    കഴിഞ്ഞില്ല!
അറിയാന്‍ ഇങ്ങനെ പലതും ഇനിയുമുണ്ടാകും... അതെല്ലാം അറിയാനുള്ള ആകാംക്ഷയാണ് ഓരോ ദിവസത്തേയും ഉണര്‍വ്വ്...

No comments:

Post a Comment