Sunday, 18 December 2016

നിസഹായവസ്ഥകള്‍

“മറ്റുള്ളവരുടെ തെറ്റിദ്ധാരണയില്‍ പെട്ടുപോവുകയെന്നാല്‍ വല്ലാത്തൊരു അവസ്ഥയാണ്... ആ നേരത്തെ “എന്നെ ആരും  മനസ്സിലാക്കുന്നില്ലലോ?” എന്ന ചിന്ത ഒരു വേദനയും... നിനച്ചിരിക്കാതെ പലപ്പോഴും അങ്ങനെയുള്ള അവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്... പഠിക്കുന്ന കാലത്ത്.. ജോലിചെയ്യുന്നിടത്ത്.. കൂട്ടുകാര്‍ക്കിടയില്‍.. ബന്ധുക്കള്‍ക്കിടയില്‍.. അങ്ങനെ തീരെ പ്രതീക്ഷിക്കാത്ത പലയിടത്തും... കളിയായി പറഞ്ഞ കാര്യങ്ങളില്‍ പോലും കേട്ടവര്‍ കണ്ടെത്തിയ അര്‍ത്ഥങ്ങള്‍ മറ്റൊന്നാവുകയായിരുന്നു... അവിടെ അവര്‍ കാണാപുറങ്ങള്‍ കാണുകയും, എഴുതാപുറങ്ങള്‍ വായിക്കുകയും ചെയ്തപ്പോള്‍ നല്ലതിനെ കരുതി ചെയ്തതും, പറഞ്ഞതുമായ എല്ലാ കാര്യങ്ങളും തെറ്റുകളെന്ന കണക്കിലായി... ഞാന്‍ എല്ലാവര്‍ക്കും മോശക്കാരനുമായി... കുറ്റപ്പെടുത്താനും പഴിചാരാനും ഉപദേശിക്കാനും വളരെ എളുപ്പമായതുകൊണ്ട് അതിനുമാത്രം അന്നവിടെ ഒരുപാട് ആളുകളുണ്ടായിരുന്നു... ഒരു രീതിയിലും ഒന്നും തിരുത്താനോ, നിരപരാധിത്വം തെളിയിക്കാനോ കഴിയാനാവാതെ നിഷ്ക്രിയനായി നിന്നു പോയ നിമിഷങ്ങളായിരുന്നു അതെല്ലാം... ഏറെ സങ്കടം തോന്നിയ ആ നിമിഷങ്ങളില്‍ എന്നെ മനസ്സിലാക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്ലെന്ന്‍ ഞാന്‍ ആശിച്ചുപോയിട്ടുണ്ട്... ഒരിക്കലും അതുപോലൊരു സംഭവം ഇനി ഉണ്ടാവാതിരിക്കാന്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുകയാണ്... ജീവിതചര്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവ പോലെ...”

No comments:

Post a Comment