Friday, 2 December 2016

ഓർമകളിലൂടെ

 ഒരു പാട്ടു പാടാന്‍ വന്നപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി ശ്രദ്ധിച്ചത്... അന്നത്തെ കാഴ്ച്ചയില്‍ തന്നെ ആകര്‍ഷണീയമായ എന്തോക്കെയോ പ്രത്യേകതകള്‍ ഞാന്‍ അവളില്‍ കണ്ടു... എന്നോ എവിടെയോ കണ്ട ഒരു നല്ല പരിചയം പോലെയൊക്കെയും... പക്ഷെ അന്നെന്തോ അവളെനിക്ക് എത്താ കൊമ്പിലെ ഒരു കനിയായി തോന്നിയതുകൊണ്ട് കണ്ടു മോഹിക്കാനും, എന്നെങ്കിലും ഒരിക്കല്‍ എനിക്ക് സ്വന്തമാകുമെന്ന് സ്വപ്നം കാണാനും മനസ്സ് മടിച്ചു... എനിക്കതിന് അര്‍ഹതയില്ല! എന്നതായിരുന്നു സ്വയം വിലയിരുത്തല്‍... അവള്‍ പാടുന്നത് കേട്ട് “പാട്ടില്‍ ലയിച്ചുപോയി” എന്ന് പറയും പോലെ അന്ന് അവളുടെ ആ പാട്ടും ആ കണ്ണുകളും ഒരേസമയം എന്നെ എവിടെക്കോ കൊണ്ടുപോയി... പരിസരബോധം തിരിച്ചു കിട്ടിയപ്പോഴേക്കും അവള്‍ പാടി കഴിഞ്ഞ് ആ വേദിവിട്ട് പോയിരുന്നു... അതിനുശേഷം ഞങ്ങള്‍ തമ്മില്‍ വീണ്ടും കാണുന്നത് ഏകദേശം ഒരു ഒന്നൊന്നര കൊല്ലം കഴിഞ്ഞാണ്... വേനലിനെ അവസാനിപ്പിച്ചുകൊണ്ട് ആദ്യമഴ പെയ്തിറങ്ങിയ ഒരു ദിവസം... പിന്നീടെന്നും ഒരു സഹപാഠിയായി അവളെന്‍റെ അടുത്തുതന്നെ ഉണ്ടായിരുന്നു... അന്നത്തെ സാഹചര്യങ്ങള്‍ തന്നെയാണ് അന്ന് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തിയതും, കൂടുതല്‍ അടുപ്പിച്ചതും... ആദ്യത്തെ ഒരു ആകര്‍ഷണം പിന്നെ സൗഹൃദമായി അതുപിന്നെ പ്രിയപ്പെട്ട ഒരാളാക്കി ഒടുവില്‍ അത് പ്രണയമായി... പ്രണയിനിയായപ്പോള്‍ അവള്‍ എന്നില്‍ നിറങ്ങളായി... നിലാവായി... മഴയായി... സംഗീതമായി... സൗന്ദര്യമായി.. സ്വപ്നങ്ങളായി... അങ്ങനെ എനിക്ക് എല്ലാമെല്ലാമായി... ഒന്നും ഒരു പ്രതീക്ഷയോടെയോ മനപൂര്‍വ്വ  ശ്രമങ്ങളിലൂടെയോ ആയിരുന്നില്ല എല്ലാം അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നു.................

ഇന്നലെ രാത്രി മാനം നോക്കി കിടക്കുമ്പോള്‍ കൂടെയുള്ള ആരോ അവിടിരുന്ന് പ്രണയത്തെകുറിച്ച് സംസാരിക്കുന്നത് കേട്ടു... അതിനിടയില്‍ അവരില്‍ നിന്നും എനിക്കുനേരെവന്ന ഒരു ചോദ്യത്തിന് മറുപടിയെന്നോണം ഞാനെന്‍റെ പ്രണയത്തിന്‍ ഓര്‍മ്മകളിലൂടെ ഇങ്ങനെ വാചാലനാവുകയായിരുന്നു... കാലമെത്ര കഴിഞ്ഞാലും ആ ഓര്‍മ്മകള്‍ക്കിന്നും എന്താ ഒരു സുഗന്ധം... ചില രാത്രികളില്‍ മുറ്റത്തേക്കിറങ്ങുമ്പോള്‍ കുളിര്‍കാറ്റില്‍ വരുന്ന വിരിഞ്ഞു തുടങ്ങുന്ന മുല്ലപൂവിന്‍റെ നറുമണം പോലെ..."

No comments:

Post a Comment