സമയം സന്ധ്യയായി തുടങ്ങിയിരുന്നു... പതിവുപോലെ “നാളെ കാണാം..” എന്ന വാക്കാല്‍ യാത്രപറയാന്‍ മടിച്ച് അവള്‍ എന്നോട് ചേര്‍ന്നിരിക്കുകയായിരുന്നു... ഇനി തമ്മില്‍ കാണുമോ എന്ന ചിന്ത ആ സമയം എന്നെയും വല്ലാതെ വീര്‍പ്പുമുട്ടിച്ചു... എപ്പോഴും എവിടെയും വാചാലരായിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് “മൗനം” ആദ്യമായി കടന്നു വന്ന നിമിഷങ്ങളായിരുന്നു അത്... ഇന്നലെകള്‍ എത്ര നിറമാര്‍ന്നതായിരുന്നു എന്ന തിരിച്ചറിവ് അന്നവിടെ ഞാന്‍ അറിഞ്ഞു തുടങ്ങി... എങ്ങനെയാണ് എന്തു പറഞ്ഞാണ് ഞാന്‍ അവളെ യാത്രയാക്കുക... അതെനിക്ക് അറിയില്ലായിരുന്നു... ജീവിതത്തില്‍ ആദ്യായിട്ടായിരുന്നു അങ്ങനെ ഒരു സന്ദര്‍ഭം... കാത്തുനിന്ന കൂട്ടുകാരി “_ _ _ വാ പോകാം...” എന്ന് അവളെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നി... ഒടുവില്‍ മടിച്ചു മടിച്ചെങ്കിലും ആ വാടിയ മുഖത്തെ കലങ്ങി ചുവന്ന ഉണ്ട കണ്ണുകളാല്‍ ഒരു യാത്രാമൊഴിയേകി അവള്‍ നടന്നകന്നു... ഹൃദയത്തില്‍ നിന്നും എന്തോ പറിച്ചെടുക്കും പോലെ, എന്തോ ഉള്ളില്‍ നിന്നും ഇറങ്ങിപോകുന്ന പോലെ ഒരു വേദന സമ്മാനിച്ചുകൊണ്ട് അവള്‍ പോയി... തുടര്‍ന്നുള്ള നാളുകളിലാണ് ഞാന്‍ വിരഹം എന്താണെന്നറിഞ്ഞത്... ഏകാന്തതയില്‍ ഓര്‍മ്മകളെ പ്രണയിക്കാനും, വിരഹഗാനങ്ങളെ അവ തരുന്ന സുഖമുള്ള നോവറിഞ്ഞ് ആസ്വദിക്കാനും ഞാന്‍ പഠിച്ചു തുടങ്ങി... യാഥാര്‍ത്യങ്ങള്‍ ഉള്‍കൊണ്ട നിമിഷം "എവിടെയും എന്തിനും 'അവസാന നിമിഷങ്ങള്‍' എന്നൊന്നുണ്ട്" എന്ന് ഞാനന്ന് ഉള്ളില്‍ കുറിച്ചിട്ടു... പിന്നീട് എന്തിനോടും അടുക്കുമ്പോള്‍, എന്തും അടുത്തുവരുമ്പോള്‍ സ്വയം ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു ആ ഒരു വാചകം... വിരഹ വേദനക്ക് സ്വയം കണ്ടെത്തിയ ഒരു മരുന്നുപോലെ... ഒരു മുന്നറിയിപ്പ് പോലെ... ഒരു കരുതലിനായി..."
No comments:
Post a Comment