Friday, 30 December 2016

അഭിനയിക്കുകയാണ്

ഇന്ന് വളരെ അടുത്തറിയാവുന്ന പലരെയും അവിചാരിതമായാണ് ഞാന്‍ പരിചയപ്പെടാന്‍ ഇടയായത്... ഒരു പുകമറയില്‍ ആരോ എന്നപോലെ അവ്യക്തമായിരുന്നു ആദ്യ കാഴ്ച്ചയില്‍ എനിക്കവരെല്ലാം... അരികിലേക്ക് ചെല്ലുന്തോറും മൂടല്‍മഞ്ഞിന്‍ ആവരണം നീങ്ങുന്ന പോലെ അവര്‍ കുറെക്കൂടി തെളിഞ്ഞുവന്നു... അങ്ങനെ ഓരോ അടികളായി അവരിലേക്ക് അടുക്കുന്തോറും അതുവരെയുണ്ടായിരുന്ന അവരെന്ന പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും മാറ്റി നിര്‍ത്തിച്ച് ഓരോ അത്ഭുതങ്ങളായി മാറുകയായിരുന്നു അവരെനിക്ക്... ആദ്യം കണ്ടപ്പോള്‍ ഒന്ന് ചിരിക്കാന്‍ പോലും അറിയില്ലെന്ന് തോന്നിപ്പിച്ചവര്‍ യാഥാര്‍ത്ഥ്യത്തില്‍ ചിരിക്കാനും ചിരിപ്പിക്കാനും മിടുക്കരായിരുന്നു... കാഴ്ച്ചയില്‍ ഏറ്റവും സന്തോഷമുള്ളവരായി തോന്നിയവര്‍ ശരിക്കും പ്രാരാബ്ധങ്ങളുടെയും വേദനകളുടെയും ഭാണ്ഡം പേറി നില്‍ക്കുന്നവരായിരുന്നു... ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാവരും അഭിനയിക്കുകയാണ്... ശരിയായ തന്നെ മറ്റുള്ളവര്‍ കാണണ്ട, അറിയണ്ട എന്നൊക്കെയുള്ള ഓരോ ഉദ്ദേശത്തോടെ അഭിനയത്താല്‍ “താന്‍” എന്ന യാഥാര്‍ത്ഥ്യള്‍ക്ക് മുന്നിലായി ഒരു മറ പിടിച്ചിരിക്കുകയാണ് മിക്കവരും... അടുത്ത് നില്‍ക്കുമ്പോഴുണ്ടാകുന്ന ഒരു വിശ്വാസതയില്‍ മാത്രമാണ് അവര്‍ ആ മറകള്‍ ഒന്ന് മാറ്റുക... അവിടെ അപ്പോള്‍ കാണാം പച്ചയായ മനുഷ്യനെയും ജീവിതത്തെയും... അങ്ങനെ ഇന്നോളം ഞാന്‍ പരിചയപ്പെട്ടതും അടുത്തറിഞ്ഞതുമായ ഓരോ വ്യക്തികളും, വ്യക്തിത്വങ്ങളും തികച്ചും വ്യത്യസ്ഥങ്ങളായ ഓരോ പാഠങ്ങളാണ് എനിക്ക്... നിറവും മണവും, രുചിയും രൂപവും ഒന്നും ഒരുപോലെയല്ലാത്ത ജീവിതങ്ങള്‍... ഇങ്ങനെ അഭിനയിക്കാന്‍ കഴിവില്ലായിരുന്നെങ്കില്‍ നമുക്കാര്‍ക്കും ആരുടെ മുന്നിലും കള്ളത്തരങ്ങള്‍ കാണിക്കാന്‍ കഴിയില്ലായിരുന്നു... ഈ കഴിവ് മൃഗങ്ങള്‍ക്കുണ്ടോ എന്നറിയില്ല! “അഭിനയം” മനുഷ്യ സിദ്ധിയാണെന്ന് തോന്നുന്നു... എന്തായാലും അത് നമ്മള്‍ ശരിക്കും ഉപയോഗിക്കുന്നുണ്ട്... എല്ലാ രീതിയിലും..."

No comments:

Post a Comment