Friday, 2 December 2016

യാത്ര മൊഴി

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ .
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍.
അറിവുമോര്‍മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമജപത്തിനാല്‍ കൂടുവാന്‍.
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.
അതു മതി ഉടല്‍ മൂടിയ മണ്ണില്‍നി-
ന്നിവനു പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.



No comments:

Post a Comment