Monday, 5 December 2016

നിറഞ്ഞ നന്ദിയോടെ

“എന്താണ് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നതായ ആ ഒരു കാര്യം?” കഴിഞ്ഞ കുറച്ചുനാളുകളായുള്ള എന്‍റെ ഒരു ചിന്തയും, അന്വേഷണവുമായിരുന്നു അത്... ചോദ്യവും ഉത്തരവും എന്‍റെതുതന്നെയായിരുന്നിട്ടും കൃത്യമായ ഒരു ഉത്തരത്തിലേക്കെത്താന്‍ എത്ര ശ്രമിച്ചിട്ടും എനിക്കാവുന്നില്ലായിരുന്നു... അതിനായുള്ള തിരച്ചിലില്‍ ആദ്യം തോന്നി  സുഹൃത്തിനോടോത്തുള്ള സുന്ദര നിമിഷങ്ങളാണ് ഏറ്റവും സന്തോഷം തരുന്നതെന്നായി... മ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്നതിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ അതല്ലാതെ മറ്റൊന്നല്ലെന്നായി... അവിടെയും ഉറച്ചില്ല!... കൊച്ചു കുട്ടികളുടെ നിഷ്കളങ്കമായ ആ ചിരിയാണോ?... അതോ കണ്ണെടുക്കാന്‍ തോന്നാത്ത അവരുടെ സൗന്ദര്യവും സുന്ദര ഭാവങ്ങളുമാണോ?... അതല്ല “അവള്‍” എന്ന എന്നിലെ പ്രണയമാണോ?... അതോ മറ്റുള്ളവരെ സഹായിക്കുന്നതിലാണോ?... നീണ്ട യാത്രകളാണോ?... പ്രകൃതിയെന്ന വിസ്മയക്കാഴ്ചകളാണോ?... അങ്ങനെ അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരമായി തിരഞ്ഞെടുക്കാന്‍ നൂറോളം കാര്യങ്ങള്‍ മുന്നില്‍ തെളിഞ്ഞു നിന്നു... ഒന്നിലും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ എന്‍റെയുള്ളില്‍ കിടന്ന്‍ അലയുകയായിരുന്നു അപ്പോഴെല്ലാം... എനിക്കതിന് ഉത്തരം കിട്ടിയിട്ട് വേണമായിരുന്നു ഇതേ ചോദ്യം എനിക്ക് മറ്റുപലരോടും ചോദിക്കാന്‍... അങ്ങനെയിരിക്കെ ഇന്നലെ വൈകുന്നേരത്തെ ഒരു അനുഭവ നിമിഷങ്ങളില്‍ നിന്ന് ഞാനാ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി... വിശന്നിരിക്കുന്നവരെ വിളിച്ചുകൊണ്ടുപോയി അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം കഴിക്കാന്‍ വാങ്ങി കൊടുക്കുമ്പോഴാണ് അത് സംഭവിക്കുന്നത്... വിശപ്പടങ്ങിയതിലുള്ള അവരുടെ സന്തോഷവും ആശ്വാസവും നിറഞ്ഞ നന്ദിയോടെയുള്ള ആ മുഖഭാവം സമ്മാനിക്കുന്നതിനേക്കാള്‍ വലിയൊരു സന്തോഷവും ആത്മസംതൃപ്തിയും എന്‍റെ അനുഭവങ്ങളില്‍ ഞാനിന്നുവരെ മറ്റെവിടെയും അറിഞ്ഞിട്ടില്ല!...”

No comments:

Post a Comment