"ഒരു പറവയെപോലെ പറക്കുവാനുള്ള എന്നിലെ ആഗ്രഹം വീണ്ടും ഏറുകയാണ്... ഇന്നലെ ഉറങ്ങാന്‍ കിടന്ന നേരം കേട്ട ഒരു പഴയ പാട്ട് എന്നിലെ ആ കൊതികളുണര്‍ത്തി... പണ്ടത്തെപ്പോലെ ഒരു സ്വപ്ന ജീവിയാകാന്‍... പാട്ടുകളെ പ്രണയിച്ച്, സുന്ദര സ്വപ്നങ്ങള്‍ കണ്ട്, ഉണ്ടും ഉറങ്ങിയും വിളയാടിയും നടന്ന കാലത്തിലേക്ക് ഒന്നൂടെ ഇറങ്ങി ചെല്ലാന്‍... ചെണ്ടക്കും ആനക്കും പുറകിലൂടെ പോയ ആ കാലത്തിലേക്ക്... ഒന്നിനെ കുറിച്ചും ചിന്തിക്കാനില്ലാത്ത ഭാവിയെക്കുറിച്ചുള്ള ആവലാതികള്‍ ഇല്ലാത്ത സ്വന്തം ഇഷ്ട്ടങ്ങളില്‍ മാത്രം ജീവിച്ച ആ നാളുകളിലേക്ക്... ഒന്നും വെട്ടിപിടിക്കണം, ആരെയും പുറകിലാക്കണം എന്നോന്നുമില്ലാത്ത നിഷ്കളങ്കമായ മനസ്സുണ്ടായിരുന്ന ആ പ്രായത്തിലേക്ക്... ആ മനസ്സ് തന്നെയാണ് അന്നത്തെ ഏറ്റവും വലിയ ക്വാളിറ്റി... ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം കൃത്യമായി അറിയാനാകുന്നു... അന്ന് പലരുടെയും നിര്‍ബന്ധം കൊണ്ട് പ്രിയങ്ങള്‍ ഓരോന്നും പെട്ടിയില്‍ അടച്ചുപൂട്ടിയപ്പോള്‍ അതൊരു ഘട്ടത്തിന്‍ ഒടുക്കവും മറ്റൊരു ഘട്ടത്തിന്‍ തുടക്കവുമായി... അവിടെ നിന്നും തുടങ്ങിയ മാറ്റങ്ങളോന്നും ആഗ്രഹിച്ചതോ ആശിച്ചതുപോലയോ ആയിരുന്നില്ല... സാഹചര്യങ്ങളും സമ്മര്‍ദ്ദവും തന്നെയായിരുന്നു എവിടെയും എന്നും വില്ലന്‍... അങ്ങനെയായപ്പോള്‍ കൈവിട്ടുപോയ കഴിഞ്ഞ കാലങ്ങള്‍ വിലമതിക്കാനാവത്തതും ഇന്നേറെ കൊതിപ്പിക്കുന്നതുമായി മാറി... ഹാ..അല്ലെങ്കിലും ഓര്‍മ്മകളാകുമ്പോഴാണല്ലോ എല്ലാം അമൂല്യ സൗന്ദര്യങ്ങളായി മാറുന്നത്... വെറുതെയെങ്കിലും ഞാനിന്ന് വീണ്ടും കൊതിക്കുകയാണ് “ഇനിയും വരുമോ നീ..." യെന്ന്... എനിക്കായി... ഒരിക്കല്‍ക്കൂടി... ഒന്ന് നീ അറിയുക ! പുറകിലേക്ക് പോകുവാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ എന്നേ നിന്നിലേക്കെത്തിയേനെ എന്‍ പ്രിയ കാലമേ...”
No comments:
Post a Comment