“കാലങ്ങളായുള്ള സ്വന്തം കാഴ്ച്ചപ്പാടുകളുടെ തിരുത്തായിരുന്നു എനിക്ക് പ്രവാസം... അന്ന് സ്വപ്നങ്ങള്‍ക്ക് ചിറകുവച്ച് ഇവിടേക്ക് പറന്നിറങ്ങിയനാളില്‍ എന്നെ ആദ്യം വരവേറ്റത് ഒരു നല്ല ചൂട് കാറ്റായിരുന്നു... ഇന്നും ഞാന്‍ മറന്നിട്ടില്ല അന്ന് മുഖത്തടിച്ച ആ കാറ്റിന്‍റെ ചൂട്... സ്വപ്നങ്ങള്‍ അന്നേ വാടി തുടങ്ങിയിരുന്നിരിക്കണം... കാണാത്ത ലോകം കാണാനുള്ള ആവേശവും അതെല്ലാം കാണുമ്പോഴുള്ള കൗതുകവും അന്ന് കൂടെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം അതിവേഗത്തില്‍ കെട്ടടങ്ങി... അതോടെ കാലം പിന്നെ പതിയെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായി... അങ്ങനെ പിന്നിട്ട ദിവസങ്ങള്‍... മാസങ്ങള്‍... വര്‍ഷങ്ങള്‍... ഇന്നങ്ങനെ വര്‍ഷങ്ങളുടെ കണക്ക് പറയാനുണ്ടെന്നായപ്പോള്‍ എല്ലാംകൊണ്ടും, എല്ലാരീതിയിലും എന്നെ ഭ്രാന്ത് പിടിപ്പിച്ചിരിന്നു ഈ പ്രവാസ ജീവിതം... ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് എന്‍റെ ഉള്ളില്‍ കഴിഞ്ഞ കാലം ചങ്ങലയില്‍ ബന്ധിച്ചിട്ട ഒരു ഭ്രാന്തനുണ്ടെന്ന്... ആ ഭ്രാന്തന് ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ മടിയും തളര്‍ച്ചയും തോന്നുന്നു.... വിമാനയാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അവനവിടെക്കിടന്ന് അലറുന്നു... അട്ടഹസിക്കുന്നു... കരയുന്നു... പ്രവാസം തരുന്ന കൂലിയാണ് മുടങ്ങാത ഒരു മരുന്നുപോലെ ആ ഭ്രാന്തനെ ചികിത്സിച്ചു കൊണ്ടിരിക്കുന്നത്... അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അവനെന്നേ മോചിതനായേനെ... ഈ ബോറന്‍ ജീവിതം ഉണ്ടാകുന്ന വെറുപ്പ് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഇനിയും ഇങ്ങനെ എത്രനാള്‍........ എനിക്കറിയില്ല...”
No comments:
Post a Comment