Saturday, 19 November 2016

എല്ലാകാര്യങ്ങളും എന്നും വളരെ വൈകിയാണ്

ഒന്ന് ശ്രദ്ധിച്ചാല്‍ കാണാം നമ്മുടെ കൂട്ടത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന ഒരാളെയെങ്കിലും... അവര്‍ക്ക് എല്ലാം അവരുതന്നെയാണ്... തനിച്ചു നില്‍ക്കുന്ന ഒറ്റമരത്തെ കണ്ടിട്ടിലെ? അതു പോലെ ആരെയും ശല്യം ചെയ്യാതെ മറ്റാരുടെയും കാര്യങ്ങളില്‍ ഇടപെടാതെ അങ്ങനെ ഒറ്റക്കുനില്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നവര്‍... സ്വതവേയുള്ള അവരുടെ ശാന്ത സ്വഭാവത്താല്‍ അവര്‍ നിശബ്ദതയോടെ അവരുടേതായ ചിന്തകളിലൂടെ സഞ്ചരിച്ച് എപ്പോഴും എന്തെങ്കിലുമൊക്കെ കുത്തികുറിച്ചിരിക്കുന്നത് കാണാം... ഞാന്‍ പഠിക്കാന്‍ പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം അങ്ങനെ ഓരോരുത്തര്‍ ഉണ്ടായിരുന്നു... അവരില്‍ ഒരാളെ ഞാനിന്നു വെറുതെ ഓര്‍ക്കാനിടയായി... അന്ന് ആ കാലത്ത് കൂടെ പഠിക്കുന്ന ഒരാളെയും അവള്‍ ശ്രദ്ധിച്ചിരുന്നില്ല... ഞങ്ങള്‍ അവളെയും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല... തൊലി വെളുപ്പും, കണ്ണും, ചിരിയും, ചന്തവും മാത്രമായിരുന്നു അന്ന് നോട്ടം... അത്തരം സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഭംഗിയായുള്ളവരുടെയും അതല്ലെങ്കില്‍ അവളുടെ കൂടെ നടക്കും തോഴിമാരുടെയും പുറകെയായിരുന്നു എല്ലാവരും... സഹിക്കാന്‍ പറ്റാത്ത അവളുമാരുടെ ജാഡ സഹിച്ചങ്ങനെ പുറകെ നടന്നക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ആ ഒറ്റമരതണലെന്ന് അന്നേ എനിക്ക് പലതവണ തോന്നിയിരുന്നു... എന്നാല്‍ ഡിമാന്‍ഡ്  ഇല്ലാത്തതിന്‍റെ പുറകെപോകാന്‍ മനുഷ്യമനസ്സ് ഒട്ടും താല്‍പര്യം കാണിക്കാറില്ലലോ... ഇനി കാണിച്ചാല്‍ തന്നെ കളിയാക്കാന്‍ കൂടെയുള്ളവര്‍തന്നെയുണ്ടാകും എന്ന ഉറപ്പില്‍ ഞാന്‍ അതിന് മടിച്ചു... പിന്നീട് കാലം മിനുക്കിയപ്പോഴാണ് ഞാന്‍ ഉള്‍പ്പടെയുള്ള സകലരും തിരിച്ചറിഞ്ഞത് കുറവുകളാല്‍ ആരും ശ്രദ്ധിക്കാതെ പൊടി മൂടി കിടന്ന വിലയേറിയ പവിഴങ്ങളായിരുന്നു “ഒറ്റമരങ്ങള്‍” എന്ന് വിശേഷിപ്പിച്ചവരെല്ലാം... “എല്ലാവരും ശ്രദ്ധിക്കുന്നതില്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്” എന്ന് അന്ന് ഞാന്‍ മനസ്സിലാക്കി... ഇക്കാര്യത്തില്‍ മാത്രല്ല ഒട്ടുമിക്ക കാര്യത്തിലും അതങ്ങനെയാണ് വേണ്ടത്... വൈകിയുണ്ടായ തിരിച്ചറിവുകളില്‍ ഒന്നായിരുന്നു അത്... അല്ലെങ്കിലും എന്നില്‍ എല്ലാകാര്യങ്ങളും എന്നും വളരെ വൈകിയാണ്... ഒന്നും നേരാംവണ്ണം നേരത്തിനും കാലത്തിനും തോന്നിയിട്ടില്ല!...”

No comments:

Post a Comment