“ആരും വരുവാനില്ലെന്നറിയാമായിരുന്നു എന്നിട്ടും ഹൃദയ വാതില്‍ പൂട്ടാതെ, ഒന്നു ചാരുകപോലും ചെയ്യാതെ ഞാനെന്നും തുറന്നിട്ടു... അത് കണ്ടുകൊണ്ടാകാം അതിലേ പോയ പലരും ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ ഹൃദയത്തിലേക്ക് കയറി വന്നത്... അതില്‍ ചിലര്‍ അവിടെയെല്ലാം വെറുതെ ഒന്ന് വീക്ഷിച്ച് വന്നപോലെ തിരിച്ചുപോയി... മറ്റു ചിലര്‍ അവിടത്തെ പോരായ്മകള്‍ പറഞ്ഞിറങ്ങിപോയി... ഒരിക്കലും ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോകില്ലെന്നും പറഞ്ഞുവന്നവരുണ്ടായിരുന്നു അവര്‍ ഒരുവാക്കുപോലും പറയാതെ പോയ്കളഞ്ഞു... പിന്നീടൊരുനാള്‍ എന്നിലേക്ക് പ്രണയമായ് വന്നവള്‍ അവിടെയെല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കി താമസിക്കാന്‍ ഒരുങ്ങിയപ്പോള്‍ സാഹചര്യങ്ങള്‍ അവളെ അവിടെനിന്നും പോകാന്‍ നിര്‍ബന്ധിതയാക്കി... അന്ന് മനസ്സില്ലാമനസ്സോടെ കലങ്ങി ചുവന്ന കണ്ണുകളോടെ അവളും പോയി... പിന്നെ കുറേകാലം ആരും തിരിഞ്ഞുനോക്കാനില്ലാതെ, ആര്‍ക്കും വേണ്ടാത്തൊരിടം പോലെ അവിടെയാകെ പൊടിയും മാറാലയും മൂടി കിടന്നു... അതങ്ങനെ ആ കോലത്തില്‍ മറ്റാരും കാണേണ്ടെന്നു കരുതിയാണ് ഞാനാ വാതിലുകള്‍ അന്ന് അടച്ചുപൂട്ടിയത്... പിന്നെ പലപ്പോഴായി അവിടെവരെ വന്നവരെല്ലാം അതിന്‍റെ പുറം മോടിയില്‍ ആകൃഷ്ട്ടരായി വന്നവരായിരുന്നു... ഒന്ന് ഉള്ളിലേക്ക് കയറാന്‍ അവര്‍ ആ വാതില്‍ക്കല്‍ നിന്ന് ഏറെനേരം മുട്ടിവിളിച്ചു... “ഇനിയാര്‍ക്കും പ്രവേശനമില്ല!” എന്നുറപ്പിച്ച ഹൃദയം ആ വിളികള്‍ കേള്‍ക്കാനോ, ആ വാതിലുകള്‍ തുറന്നുകൊടുക്കാനോ തുനിഞ്ഞില്ല... പണ്ട് സ്വയം ഒരു അധികാരം കാണിച്ചുകൊണ്ട്, ഏറെ പ്രതീക്ഷയോടെ ഒരു ആകര്‍ഷണീയത അല്ലെങ്കില്‍ ഒരിഷ്ട്ടം തോന്നിയ ഹൃദയത്തിലേക്ക് ഞാനും കയറിചെല്ലാന്‍ ശ്രമിച്ചിട്ടുണ്ട്... അതിന് സാധിക്കാതെയാകുമ്പോഴുള്ള മാനസ്സികാവസ്ഥ എന്തായിരിക്കും എങ്ങനെയായിരിക്കും എന്നൊക്കെ നല്ലപോലെ അറിയാവുന്നതുകൊണ്ടുതന്നെ മുട്ടിവിളിച്ചവരെ കുറ്റപ്പെടുത്താനോ അവരോട് ദേഷ്യം കാണിക്കാനോ എനിക്കാവുന്നില്ലായിരുന്നു... അവരെ തെല്ലും ശ്രദ്ധിക്കാതിരുന്നതും, അവര്‍ക്കു മുന്നില്‍ പാലിച്ച മൗനത്താലും അവിടെ നിന്ന്‍ നിരാശരായി മടങ്ങിയവരില്‍ പലരും എന്‍റെ ഹൃദയത്തിന് മനസാക്ഷിയില്ലാത്തവന്‍റെയും ഒരു വല്ല്യ ജാടക്കാരന്‍റെയും പരിവേഷമേകി... അതിലൊരു മാറ്റമില്ലാതെ കാലം കടന്നു പോയി... അങ്ങനെ ഒരു ദിവസം നന്മയുടെ ദീപവുമായി ഒരുവള്‍ ആ വാതില്‍ക്കല്‍ വന്നുനിന്നു... ഒന്ന് മുട്ടിവിളിക്കാന്‍ നില്‍ക്കാതെ, എന്‍റെ അനുവാദത്തിനു പോലും കാത്തുനില്‍ക്കാതെ ഒരു തക്കോലിനാല്‍ അവള്‍ ആ വാതില്‍ തുറന്ന് അകത്തുകയറി കുറ്റിയിട്ടു... ഇനി മറ്റാര്‍ക്കും പ്രവേശനമില്ലെന്നപോലെ... നാളുകള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കി അത് അതിന് അര്‍ഹതയുള്ളവളുടെ അധികാരമായിരുന്നു...”
No comments:
Post a Comment