Sunday, 13 November 2016

എന്റെ സന്തോഷം അവന്റെ ഓർമകളാണ്

ഞാൻ +2 പഠിക്കുന്ന കാലം. വീട്ടിൽ നിന്നും 20 മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ് .അവിടെ വെച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്.

ആംഗ്യ ഭാഷയിൽ കൂട്ടുകാരോട് എന്തൊക്കെയോ സംസാരിക്കുന്നു. കൗതുകം കൊണ്ടാണോ എന്തോ ഞാനവനെ തന്നെ നോക്കി നിന്നു.പെട്ടന്നവൻ സംസാരം നിർത്തി. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസിലായി.

"ശ്ശെ വേണ്ടായിരുന്നു അവൻ എന്തു വിചാരിച്ചോ എന്തോ ".

പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഞാനവനെ കാണാറുണ്ടായിരുന്നു.

സ്പെഷ്യൽ ക്ലാസ് ഉള്ളതിനാൽ ഏറെ വൈകിയാണ് ഞാനന്ന് സ്കൂളിൽ നിന്ന് ഇറങ്ങിയത്.ബസ് ഇറങ്ങിയപ്പോൾ തുടങ്ങിയ മഴയാണ് കയ്യിൽ കുടയും ഇല്ല. മഴ കുറഞ്ഞാലോ എന്ന് കരുതി സ്റ്റോപ്പിൽ തന്നെ അൽപസമയം നിന്നു. മഴ കുറയുന്ന ലക്ഷണമില്ല.

സമയം ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല ഞാൻ രണ്ടും കൽപ്പിച്ച് മഴയത്തിറങ്ങി നടന്നു....... ഇനിയും ഉണ്ട് വീടെത്താൻ ഒരു 15 മിനിറ്റ്

പെട്ടന്നാണ് ആരോ എനിക്ക് കുട ചൂടി തന്നത്  അതാരാണെന്നറിയാൻ ഞാൻ തലയുയർത്തി.അതെ അതവനായിരുന്നു. എന്റെ മുഖത്തേക്ക് അവനൊന്ന് നോക്കിയതുപോലുമില്ല. ഞങ്ങൾ രണ്ടു പേരും നടത്തം തുടർന്നു. എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു....

എനിക്കെന്തോ വല്ലാതെ ശ്വസം മുട്ടുന്ന പോലെ.... ആ മഴയത്തും ഞാൻ വിയർക്കുന്നുണ്ടായിരുന്നു. വീടെത്തിയപ്പോൾ ഞാൻ നിന്നു, "Thanks " താഴെ നോക്കിയാണ് ഞാനിത് പറഞ്ഞത്.പിന്നെ ഗെയിറ്റ് തുറന്ന് ഒരൊറ്റ നടത്തമായിരുന്നു. അവനെ ഞാനൊന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല.

രാത്രി കിടക്കാൻ നേരം അവനെ കുറിച്ചായിരുന്നു ചിന്ത.ഞാൻ "Thanks പറഞ്ഞത് അവന് മനസിലായിക്കാണുമോ? ശ്ശെ ഞാനെന്തു വിഢിയാ!.. ഉം... കഴപ്പമില്ല നാളെ അവന്റെ ഭാഷയിൽ Thanks പറഞ്ഞാൽ പോരെ... " Sign language ൽ Thanks പറയുന്നത് എങ്ങനാന് ഗൂഗിൾ ൽ നോക്കി പഠിച്ചു.

രാവിലെ നല്ല സന്തോഷത്തോടെയാ ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോയത്. പതിവുപോലെ അവനവിടെ നിൽപുണ്ടായിരുന്നു. ഞാൻ അവന്റെ ഭാഷയിൽ Thank you എന്ന് ആഗ്യം കാണിച്ചു.പെട്ടന്നവന്റെ മുഖം വാടി."

ഈശ്വരാ! ഞാൻ ഇനി Thanku ന് അല്ലെ കാണിച്ചെ ,അർഥം മാറിപ്പോയോ" ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് ഒരു കടലാസ് കഷ്ണം അവൻ എനിക്ക നേരെ നീട്ടിയത് . അതിൽ ഇങ്ങനെ എഴുതിയിരുന്നു

" എനിക്ക് സംസാരിക്കാൻ മാത്രമാണ് കഴിയാത്തത് കേൾക്കാൻ കഴിയും."

അപ്പോൾ തന്നെ അവന്റെ ബസ് വന്ന് അവനതിൽ കയറി പോയി. അന്ന് വൈകുന്നേരം സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടു. എന്നും ഇതേ സമയത്താണോ പോവുന്നത് എന്ന എന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ തലയാട്ടി. പിന്നീടങ്ങോട്ട് എല്ലാ വൈകുന്നേരങ്ങളിലും ഞാനവനോട് സംസാരിക്കാൻ തുടങ്ങി.

ആംഗ്യങ്ങളിലൂടെയായിരുന്ന അവൻ എന്നോട് സംസാരിച്ചിരുന്നത്. എനിക്ക് മനസിലാകാത്തത് പേപ്പറിൽ എഴുതി കാണിച്ചും. അവനോട് സംസാരിക്കുന്ന ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കാൻ തുടങ്ങി.

എന്നെ അവനിലേക്കടുപ്പിക്കുന്ന വല്ലാത്ത എന്തോ ഒരു ആകർഷണീയത അവന്റെ ഓരോ ചലനങ്ങൾക്കുമുണ്ടായിരുന്നു. എനിക്കറിയില്ല ... എനിക്കവനോട് തോന്നിയിരുന്നത് വെറും സിംപതിമാത്രം ആയിരുന്നോ എന്ന്.

ഒരു ദിവസം ഞാനവനോട് എന്തോ ചോദിച്ചു അതിനുള്ള മറുപടി അവൻ എഴുതിയത് പേപ്പറിൽ ആയിരുന്നില്ല, പകരം എന്റെ കയ്യിൽ ആയിരുന്നു.

പെട്ടന്നവനെന്റെ കയ്യിൽ പിടിച്ചപ്പോൾ എനിക്ക് എന്തോ ഷോക്ക് അടിച്ച പോലെയാ എനിക്ക് തോന്നിയെ . അവന്റെ കൈകൾക്ക് നല്ല ചൂടുണ്ടായിരുന്നു. ആ സമയം എന്റെ ഹൃദയമിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

പിന്നീടെല്ലായിപ്പോഴും എന്റെ കയ്യായിരുന്നു അവന്റെ പേപ്പർ.

ഓരോ ദിവസം കഴിയുന്തോറും എനിക്കവനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു.ഞായറാഴ്ചകൾ പോലും ആ വഴിയരുകിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ മനസിലെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല.....

അങ്ങനെ ആ വർഷം കടന്നു പോയി. ഒരു ഡോക്ടർ ആവുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒരു Entrance couching Center ഞാൻ ചേർന്നു.പിന്നീടങ്ങോട്ട് മടുപ്പിക്കുന്ന ഹോസ്റ്റൽ ജീവിതം.... ദിവസവും ക്ലാസ് കഴിഞ്ഞ് വന്നാൽ 15 മിനിറ്റ് ഫോൺ ഉപയോഗിക്കാം. ഫോൺ കയ്യിൽ കിട്ടിയാൽ ആദ്യം നോക്കുന്നത് അവന്റെ മെസേജ് ആയിരുന്നു. മെസേജുകളിലൂടെ മാത്രമായിരുന്നു ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നത്.

അന്നും പതിവുപോലെ ഞാൻ ഫോണെടുത്തു, പക്ഷേ അവന്റെ മെസേജ് ഒന്നും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസവും അവന്റെ മെസേജിനായി ഞാൻ കാത്തിരുന്നു..... പക്ഷെ......

ഒരാഴ്ച.... ഒരു മാസം... ദിവസങ്ങൾ കടന്നു പോയി.. അവനെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്നോട് ഒരു ദിവസം പോലും സംസാരിക്കാതിക്കാൻ അവന് കഴിയില്ല.... പിന്നെന്താ ഇപ്പോൾ ഇങ്ങനെ....?

ഇനിയും അവനോട് സംസാരിക്കാതിരുന്നാൽ എനിക്ക് വട്ടു പിടിക്കുo.ഏതു നേരവും അവനെക്കുറിച്ചുള്ള ചിന്തകളാണ് മനസിൽ. ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല... ഇവിടെ ആരോടും ഞാൻ സംസാരിക്കാതെയായി...വീട്ടിലേക്കു വിളിച്ചിട്ട് ദിവസങ്ങളായി..... അവന്റെ ഓർമകൾ മാത്രമാണ് മനസിൽ.

ഇന്നലെ വൈകുന്നേരം ഞാൻ വീട്ടില്‍ വന്നു കയറിയപ്പോൾ തുടങ്ങിയ മഴയാ, നേരം പുലർന്നു ഇതുവരെ തോർന്നില്ല... മഴ കാണുമ്പോൾ ആ ദിവസമാണ് മനസിലേക്ക് ഓടിയെത്തുന്നത്.

വീട്ടിലേക്കു വരുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂ മനസിൽ, എങ്ങനെയെങ്കിലും അവനെ കാണണം. 2 മാസമായി തമ്മിൽ സംസാരിച്ചിട്ട്.. എന്തിനാണ് അവൻ എന്നെ ഒഴിവാക്കിയത് എന്നറിയണം. എന്റെ ഇഷ്ടം അവനോട് തുറന്നു പറയണം, അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന് പറയണം.....

"മോളെ " അമ്മയുടെ വിളി കേട്ടാണ്  ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. ഒരുപാടു നാളുകൾക്കു ശേഷം ഞാൻ വന്നതിന്റെ സന്തോഷത്തിലാണ് പാവം എന്റമ്മ . എനിക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി വെച്ചിട്ട് കഴിക്കാൻ വിളിക്കുകയാണ് .എന്റെ മനസ് നീറി പുകയുകയാണെന്ന് അമ്മക്കറിയില്ലല്ലോ.

അമ്മയെ സമാദാനിപ്പിക്കാനായി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. പുറത്ത് പൂച്ചക്കുട്ടികൾ കരയുന്നത് കേൾക്കുന്നുണ്ടായിരുന്നു.... അപ്പോഴാ അവൻ സമ്മാനിച്ച പൂച്ചക്കുട്ടിയുടെ ചിത്രം ഓർമ വന്നത്.

റൂമ്മിൽ കുറേ തിരഞ്ഞു, പക്ഷെ കിട്ടിയില്ല. അമ്മയോട് ചോദിച്ചപ്പോൾ സ്റ്റോറൂമ്മിൽ കാണുമെന്നു പറഞ്ഞു. അവിടെ വെച്ചാണ് ഞാനാ പത്ര വാർത്ത കാണുന്നത്. പഴയ ഒരു ന്യൂസ്പേപ്പർ, അവന്റെ ഫോട്ടോയും ഉണ്ടതിൽ. ആദ്യത്തെ വരിയെ ഞാൻ വായിച്ചുള്ളൂ, അപ്പോഴേക്കും ശരീരമാകെ മരവിച്ചതു പോലെ തോന്നി. ഞാനാ പേപ്പർ കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടിട്ടാവണം അമ്മ പറഞ്ഞത്

" പാവം പയ്യനായിരുന്നു, വീട്ടിലേക്ക് മടങ്ങുന്ന വഴിയാ സംഭവം.കാറോ മറ്റോ തട്ടിയതാ, ദൈവം സംസാരശേഷി കൊടുക്കാത്തതു കൊണ്ട് അതിന് ഒന്നുറക്കെ കരയാനും പറ്റിയില്ല. ഓരോരുത്തരുടെ വിധി. "

ആ വിധി സ്വന്തം മകളുടെയാണെന്ന് അമ്മക്കറിയില്ലല്ലോ.... മനസിൽ താലോലിച്ച സ്വപ്പങ്ങളെല്ലാം ഒരു നിമിഷം കൊണ്ടാണ് എന്നിൽ നിന്നും അകന്നുപോയത്. എന്നെ ഇവിടെ തനിച്ചാക്കി ......... ഇല്ല.... ഒരിക്കലും അവന് എന്നെ വിട്ട് പോവാൻ കഴിയില്ല.

മുറിയിൽ എത്തുന്നതു വരെ എങ്ങനെയാ കരച്ചിൽ അടക്കിപിടിച്ചത് എന്ന് എനിക്കറിയില്ല. അവന്റെ മുഖം മാത്രമാണ് മനസിൽ, ഇനി ഒരിക്കലും ആ മുഖം കാണാനാവില്ലെന്ന് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല...

കരഞ്ഞ് തളർന്ന് എങ്ങനെയോ ഉറങ്ങി പോയി, അച്ഛൻ വന്ന് വിളിച്ചപ്പോഴാണ് ഉണർന്നത്. നേരം ഇരിട്ടിയിരിക്കുന്നു .മുഖമെന്തേ വല്ലാതിരിക്കുന്നത് എന്ന ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

അവനു റോഡരുകിൽ കിടന്ന് കരയുന്നുണ്ടെന്ന് എന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അതെ... അവനവിടെ തന്നെയുണ്ട്...... പുറകിൽ നിന്നുമുള്ള വിളികളൊന്നും കേൾക്കാതെ ഇരുട്ടിലേക്ക് ഞാൻ ഓടി മറഞ്ഞു.

രാവിലെ കണ്ണുതുറന്നപ്പോൾ കണ്ടത് - അച്ഛന്റെയും അമ്മയുടേയും നിറഞ്ഞ കണ്ണുകളാണ്. എനിക്കെന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

" എന്താ മോളെ, എന്റെ പൊന്നുമോൾക്ക് എന്താ പറ്റിയത്... ഇന്നലെ നീ എവിടേക്കാ ഇറങ്ങി ഓടിയത്''

അമ്മയുടെ ചോദ്യങ്ങൾക്ക് എന്ത് ഉത്തരമാണ് നൽകേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. ഒന്നും പറയാനാവാതെ.... ഞാൻ ..........

" നീ ഇപ്പൊ ഒന്നും ചോദിച്ച് വിഷമിപ്പിക്കണ്ട, കുറച്ചു നേരം കൂടെ അവൾ തനിച്ചിരുന്നോട്ടെ "അച്ഛനാണ് അതുപറഞ്ഞത് .ഇപ്പോൾ മുറിയിൽ ഞാൻ തനിച്ചാണ് ... അവന്റെ ഓർമകൾ മാത്രം എന്നെ വിട്ടു പോയില്ല.

നിലവിളിച്ചു കൊണ്ടാണ് അമ്മ മുറിയിലേക്ക് കയറി വന്നത്. കാരണം ഞാൻ ബ്ലെയ്ഡ് കൊണ്ട് എന്റെ ഉള്ളംകൈ കീറി മുറിക്കുകയായിരുന്നു. ഇനി എന്റെ കയ്യിൽ എഴുതാനും ഇക്കിളി കൂട്ടാനും അവനില്ല.....

******************************************
എല്ലാവരുടേയും മുൻപിൽ ഞാനിപ്പോൾ ഒരു ഭ്രാന്തിയാണ്. കഴിഞ്ഞ ദിവസം എന്നെ ഒരു psychiatrist നെ കാണിച്ചു. എന്നോട് എന്തൊക്കെയോ ചോദിച്ചു. പക്ഷെ ഞാൻ മനസ് തുറന്നില്ല.

എന്നെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ തീരുമാനിച്ചു.. അവിടേക്ക് പോകുന്നതിന് കുറച്ചു ദിവസം മുൻപ് ഞാൻ അച്ഛനോട് എന്റെ ഒരാഗ്രഹം പറഞ്ഞു. മറ്റൊന്നുമല്ല.... എനിക്കൊന്ന് സ്കൂളിൽ പോണം, പഴയ പോലെ +2 യൂണിഫോം ഇട്ട്....

അച്ഛൻ എതിർത്തില്ല. പക്ഷെ അച്ഛന്റെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു.

ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ യൂണിഫോം എടുത്ത് ഇട്ടത്.എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല. ഒരുപാട് ദിവസങ്ങൾക്ക് ശേഷം അവനെ കാണാൻ പോവുകയാണ്.. എനിക്കുറപ്പുണ്ട് ബസ് സ്റ്റോപ്പിൽ അവനുണ്ടാവും... ഇതെന്റെ വിശ്വാസമാണ്....

റോഡിലൂടെ നടക്കുമ്പോൾ അവനായിരുന്നു മനസിൽ. ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം എന്നിട്ട് തന്റെ ഇഷ്ടം തുറന്ന് പറയണം. സന്തോഷം കൊണ്ട് മനസ് തുള്ളിച്ചാടുകയാണ്.

എന്റെ കണ്ണുകൾ അവനെ തിരഞ്ഞു.... അവനെവിടെ...?

ഇവിടെ വച്ചാണ് ഞാനാദ്യമായവനെ കാണുന്നത്. എന്നെ കാണാൻ വരാതിരിക്കാൻ അവന് കഴിയില്ല.എല്ലാവരോടും ഞാനവനെ അന്വേഷിച്ചു. അവരുടെ സഹതാപം നിറഞ്ഞ നോട്ടത്തിൽ നിന്നും അവനൊരിക്കലും എന്റെ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് മനസിലായി...........

എന്നെ സ്കൂളിൽ കാണാത്തതുകൊണ്ടാവണം , അച്ഛൻ എന്നെ തിരഞ്ഞ് ബസ്റ്റോപ്പിൽ എത്തിയത്.ആ സമയം ഞാനൊരു ഭ്രാന്തിയെ പോലെ നിന്ന് കരയുകയായിരുന്നു. ആരുടെയൊക്കെയോ സഹായത്താൽ അച്ഛൻ എന്നെ വീട്ടിൽ എത്തിച്ചു.......

2 മാസത്തോളം ആ ഇരുട്ടിന്റെ തടവറയിൽ................................ ആരെയും കാണാതെ..... ഒന്നും മിണ്ടാനാവാതെ.... ഒരു ജീവശവത്തെ പോലെ ആ നാലു ചുവരുകൾക്കുള്ളിൽ ഞാനൊതുങ്ങിക്കൂടി.

ദിവസങ്ങൾ കഴിയുന്തോറും യാഥാർത്യങ്ങളെ തിരിച്ചറിയാൻ തുടങ്ങി. ഇനി എന്റെ ജീവിതത്തിൽ അവനൊരിക്കലും ഉണ്ടാകില്ല എന്ന യാഥാർത്യം ഞാനുൾക്കൊണ്ടു.........

**************************
ഇന്ന് ഞാൻ ആശുപത്രി വിടുകയാണ്.
പുറത്ത് അച്ഛനും അമ്മയും കാത്തു നിൽക്കുന്നുണ്ട്. അവർ ഒരുപാട് സന്തോഷത്തിലാണ് ഞാനും, ഇപ്പോൾ എന്റെ സന്തോഷം അവന്റെ ഓർമകളാണ്, ആ ഓർമകൾ നൽകുന്ന സന്തോഷം മതി എനിക്കീ ജീവിതം ജീവിച്ചു തീർക്കാൻ..

ഇപ്പോൾ ഞാൻ തനിച്ചല്ല... ഞാൻ നിന്നെ കുറിച്ചോർക്കുന്ന നിമിഷം ഞാൻ തനിച്ചല്ലാതാകുന്നു.............

No comments:

Post a Comment