Friday, 25 November 2016

വേദനിപ്പിക്കരുതേ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ

സുബഹി നമസ്കാരം കഴിഞ്ഞ ശേഷം ഉസ്താദ്‌ ജനലിലൂടെ പള്ളിക്കാട്ടിലേക്ക്‌ നോക്കിയപ്പോൾ ആരോ അവിടെ നിൽക്കുന്നതായ്‌ കണ്ടു..
പെട്ടന്ന് പോയി നോക്കിയപ്പോൾ അഹമ്മദ്‌ ന്റെ മകനാണെന്ന് മനസ്സിലായി..

"മോനെ അസ്സലാമു അലയ്ക്കും ന്താ ഇവിടെ രാവിലെ തന്നെ.."
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
കാടു പിടിച്ച്‌ പന്തലിച്ച ഒരു ഖബറിലെ ചെടികളെല്ലാം വകഞ്ഞു മാറ്റികൊണ്ട്‌ അവൻ പറഞ്ഞു:

"ന്റെ ഉമ്മാന്റെ ഖബറാ ഉസ്താദേ ഇത്‌,ഞാൻ ഇന്ന് പത്ത്‌ മണിക്ക്‌ ഗൾഫിലേക്ക്‌ പോവാണു,ഉമ്മാനോട്‌ ആ കാര്യം പറയാൻ വന്നതാ.."

വിറയ്ക്കുന്ന ചുണ്ടുകളാൽ അവൻ പറഞ്ഞു നിർത്തി..
"ഉപ്പാക്ക്‌ സുഖം തന്നല്ലേ മോനെ ഒരു സലാം കൊടുക്കണേ.."
"കൊടുക്കാ ഉസ്താ,ന്റെ ഉമ്മാന്റെ ഖബറിൽ നെറച്ചും കാട്‌ പൊടിച്ചുക്ക്ണൂ ല്ലെ ഞാനതൊക്കെ വൃത്തി ആക്കേനൂ "
"അയിനെന്താ മോനെ അന്റെ ഉമ്മാക്ക്‌ പെരുത്ത്‌ സന്തോഷം ആയിക്കാണും ഇപ്പോ, സ്വന്തം മോനല്ലെ അരികത്ത്‌ ഉള്ളത്‌.."
"ഹ്മ്മ് "
അവൻ തല താഴ്ത്തി...

"ന്തേ മോനെ വല്ലാണ്ട്‌ മുഖത്ത്‌ സങ്കടം,എന്ത മോനെ കാര്യം.."
"അതു ഉസ്താ ഞാൻ..."
അവൻ വിക്കി വിക്കി പറഞ്ഞു..
"പറ മോനെ പടച്ചോന്റെ മലായിക്കത്തുകൾ ദുനിയാവിലേക്ക്‌ വരുന്ന ഈ സുബഹി സമയത്ത്‌ ആരേം പേടിക്കണ്ട പറ.."

"ഉസ്താ ഞാൻ എന്റെ ഉമ്മാനെ പലപ്പോഴും  ചീത്ത പറഞ്ഞിട്ടുണ്ട്‌, പറഞ്ഞാൽ കേൾക്കാതിരിന്നുട്ടുണ്ട്‌, ഒരുപാട്‌ തവണ ഭക്ഷണം കഴിക്കാതെ പിണങ്ങിയിട്ടുണ്ട്‌,എനിക്ക്‌ മനസ്സിനകത്ത്‌ എന്തോ വേജാർ പോലെ എന്റെ ഉമ്മ എന്നോട്‌ പൊറുത്തു തരോന്ന്.."

ഉസ്താദ്‌ തോളിൽ തട്ടി പറഞ്ഞു:
"മോനെ,പത്തു മാസം നിന്നെ ചുമന്നു നടന്ന് ഭക്ഷണം മര്യാദക്ക്‌ കഴിക്കാൻ കഴിയാതെ,ഒന്നു വിസർജിക്കാൻ പറ്റാതെ,സുഖമായൊന്ന് ഉറങ്ങാൻ കഴിയാതെ കൊണ്ടു നടക്കുകയും,
ഒടുക്കം മരണ വേദനയുടെ പാതി സഹിച്ച്‌ നിന്നെ പ്രസവിച്ച്‌ ശേഷം നിന്നോട്‌ ഉമ്മാക്ക്‌ വെറുപ്പും ദേഷ്യവും അല്ലല്ലോ വന്നത്‌,പകരം നിന്റെ ഈ നെറ്റിയിൽ ഒരു മുത്തം അല്ലെ തന്നത്‌,
അപ്പോ അന്റെ ഉമ്മാക്ക്‌ അന്നോട്‌ ഒരു ദേഷ്യവും കണൂല മോനെ.."

അതു കേട്ടപ്പോ അവൻ കരയാൻ തുടങ്ങി..
ഉമ്മാന്റെ ഖബറിലേക്ക്‌ നോക്കി
"ഉമ്മാ ഉമ്മാന്റെ മോനോട്‌ പൊറുക്ക്‌ ഉമ്മാ, എനിക്ക്‌ ഉമ്മാനെ കാണാഞ്ഞിട്ട്‌ ഉറക്കം വരണില്ല ഉമ്മ.."

ഒരു കൊച്ചു കുട്ടിയെ പോലെ അവൻ കരഞ്ഞപ്പോൾ ഉസ്താദ്‌ പറഞ്ഞു;
"പാടില്ല മോനെ ക്ഷെമിക്കാൻ പഠിക്കണം,നീയിപ്പോ കരഞ്ഞാ ദേ ഈ ഖബറും കരയും,അത്‌ ഉമ്മാക്ക്‌ സഹിക്കൂല,മോൻ നന്നായി വരും സന്തോഷത്തോടെ പൊയ്ക്കോ ട്ടോ.."

"ഉസ്താ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ വസിയത്തോടെ "
"ഹ്മ്മ് പറ മോനെ.."
"ഞാൻ ഗൾഫിന്നെങ്ങാനും മരിച്ചാൽ എന്റെ മയ്യത്ത്‌ എങ്ങനെയെങ്കിലും നാട്ടിൽ മറവാക്കണം അതും ഉമ്മാന്റെ ചാരത്ത്‌.."

ചെയ്തുപോയ തെറ്റുകൾ അവരുടെ അസാന്നിദ്ധ്യത്തിൽ അതെത്രത്തോളം മനസ്സ്‌ വേദനിക്കുന്നതായിരുന്നു എന്ന് മനസ്സിലാക്കിയ ഒരു മകനെ ആയിരുന്നു അവിടെ കണ്ടത്‌..
ഏതു നിമിഷവും നമ്മെ വിട്ട്‌ പോയേക്കാവുന്ന വിലപ്പെട്ട നിധികൾ..

വേദനിപ്പിക്കരുതേ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ,
ഇനി ചെയ്തു എങ്കിൽ പോയി പൊരുത്തം ചോദിച്ചേക്കണേ,
ഇല്ലെങ്കിൽ ചിലപ്പോ ആ മീസാൻ കല്ലുകളിൽ തൊട്ടാൽ ഖൽബ്‌ പൊട്ടിക്കീറും...ആ നീറ്റൽ മാറ്റാൻ ഈ ആയുസ്സ്‌ മതിയായെന്ന് വരില്ല...

No comments:

Post a Comment