Sunday, 13 November 2016

ഞങ്ങളുടെ പ്രണയം

വളരെ യാദ്രിശ്ചികമായാണ് ഞാന്‍ അവളെ ആ അമ്പലമുറ്റത്ത് കണ്ടത്.. ഒരു പട്ടു പാവാടയുടുത്ത് നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന മുടിയിഴകളില്‍ ഒരു തുളസി കതിരും ചൂടി ഒരു ശാലീന സുന്ദരി...

ആരും ഒന്ന് നോക്കി പോകും ആ സൌന്ദര്യത്തെ.. തനി നാടന്‍ പെണ്ണ്...കണ്ട മാത്രയില്‍ തന്നെ അവളെ എന്തോ ഒരുപാട് ഇഷ്ടായി...

അമ്പലത്തില്‍ സാധാരണ അങ്ങനപോകാത്ത ഞാന്‍ അവളെ കാണാന്‍ വേണ്ടി അവിടെ വരാന്‍ തുടങ്ങി... അമ്പലമുറ്റത്തെ ആ ആല്‍മരത്തിന്റെ ചുവട്ടില്‍ അവളെയും കാത്തു ഞാന്‍ നിന്നു... അവള്‍ വരുമ്പോഴും പോകുമ്പോഴും ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി...

ഞാന്‍ ശ്രദ്ധിക്കുന്നത് മനസ്സിലായത്‌ കൊണ്ടായിരിക്കാം അവള്‍ക്കു എന്നെ കാണുമ്പോള്‍ ഒരു ചെറിയ നാണവും പരിഭ്രമവും... നടത്തത്തിനും അല്പം വേഗതയും കൂടുന്നു... എങ്കിലും ഞാന്‍ അവളെ തന്നെ നോക്കി  കൊണ്ടേയിരുന്നു .... അവളുടെ സൌന്ദര്യം ഞാന്‍ ആസ്വദിച്ചു..

ദിവസങ്ങള്‍ കഴിയും തോറും അവളില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി... എന്നെ കാണുമ്പോള്‍ പേടിച്ച മാനിനെ പോലെ ഓടിയിരുന്ന അവള്‍ അവളുടെ നടത്തത്തിനു അല്പം വേഗത കുറഞ്ഞിരിക്കുന്നു... ചുണ്ടില്‍ ഒരു ചെറിയ മന്ദഹാസം വിരിയുന്നു,, മുഖത്തില്‍ ഒരു നാണം വരുന്നൂ.....

ഒരു ദിവസം അവള്‍  മെല്ലെ വന്ന് എന്റെ അടുത്തെതിയപ്പോള്‍ ഒന്ന് നിന്നു .. എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി... ഞാനും അവളെ തന്നെ നോക്കി നിന്നു ... ആ കണ്ണുകള്‍ എന്നോട് എന്തോ പറയുന്നത് പോലെ.. എന്നെ ഇഷ്ടമാണ് എന്നായിരിക്കില്ലേ അത്... അതെ അത് തന്നെയായിരിക്കും... തന്നെ അവള്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു....

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... മനസ്സിലെ ആഗ്രഹം സഫലമാകുന്നത് പോലെ... ഒരുപാട് നാളായി മനസ്സില്‍ കൊണ്ട് നടന്നു ആരാധിക്കുന്നു ഈ ദേവിയെ..

പിറ്റേ ദിവസം ഞാന്‍ രാവിലെ നേരത്തെ തന്നെ കുളിയും കഴിഞ്ഞു അമ്പലത്തിലേക്ക് പോയി.. അവളെയും കാത്തു ആ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്നു... ഇന്ന് എന്തായാലും തന്റെ ഇഷ്ടം അവളെ അറിയിക്കണമെന്ന് തീരുമാനിച്ചു..

അതാ അവള്‍ വരുന്നു.. ഒരു നാണത്താല്‍ പൊതിഞ്ഞ ഒരു ചിരിയുമായി അവള്‍ എന്നെ കടന്നു പോയി... അന്ന് അവളുടെ പിന്നാലെ ഞാനും അമ്പലത്തില്‍ കയറി... എന്നിട്ട് തൊഴുകയ്യുമായി നില്‍ക്കുന്ന അവളുടെ അടുത്ത് ചെന്ന് നിന്നു ...

എന്നെ കണ്ടതും അവളുടെ തൊഴുതു പിടിച്ച കൈകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി.. ആകെ ഒരു പരിഭ്രമം അവളില്‍ കണ്ടു...തൊഴുതു വലം വച്ച് ഇറങ്ങിയതും അവള്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി..

കുട്ടി ഒന്ന് നില്ക്കോ..
ഞാന്‍ അവളെ വിളിച്ചു.. അവള്‍ നിന്നില്ല.. നടത്തത്തിനു വേഗത കൂടി...

ഒന്ന് നില്‍ക്ക്.. ഒരു കാര്യം പറയാനാ.. അവള്‍ നിന്നില്ല..

ഞാന്‍ വേഗം നടന്നു അവളുടെ മുന്നില്‍ കയറി നിന്നു ...

അവള്‍ പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു.. എന്താ,    എന്തിനാ...  

എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്‌..

വേണ്ട,, മാറി നിലക്ക് എനിക്ക് പോണം..

ഇല്ല, എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊയ്ക്കോ..

ദെ, വല്ലോരും കാണുംട്ടോ ...ഞാന്‍ മാറാന്‍ തയ്യാറല്ലായിരുന്നു... ഞാന്‍ അവളോട്‌ ചോദിച്ചു,, എനിക്ക് തന്നെ ഒരുപാട് ഇഷ്ടാ.. തനിക്കു എന്നെ ഇഷ്ടാണോ..

മറുപടിയില്ല... അവള്‍ പേടിച്ചു വിറച്ചു ചുറ്റിലും നോക്കി... ആരെങ്കിലും കാണുന്നുണ്ടോ എന്ന്... ഞാന്‍ പിന്നെയും ചോദിച്ചു എന്താ തന്റെ പേര്..
മിണ്ടുന്നില്ല... പേരെങ്കിലും ഒന്ന് പറയെടോ... പേര് അഞ്ജലി എന്നുപറഞ്ഞതും പിന്നെ അവള്‍ ഒരു ഓട്ടമായിരുന്നു...

കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അവളെ തന്നെ നോക്കി നിന്നു... എന്റെ ഉള്ളില്‍ സന്തോഷം അണ പൊട്ടി.. ഞാന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി...അതെ അവള്‍ക്കു എന്നെ ഇഷ്ടമാണ്... അവള്‍ തന്നെ സ്നേഹിക്കുന്നു... അല്ലായിരുന്നെങ്കില്‍ അവള്‍ പേര് പോലും പറയില്ലായിരുന്നു... മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി.... അന്നെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല... അവളെയും ഓര്‍ത്തു ഞാന്‍ അങ്ങനെ കിടന്നു...

ഒരു കണക്കിന് നേരം വെളുപ്പിച്ചു രാവിലെ നേരത്തെ തന്നെ ഞാന്‍ ആല്‍മരച്ചുവട്ടില്‍ അവള്‍ക്കു വേണ്ടി കാത്തു നിന്നു.. പക്ഷെ അന്നവള്‍ വന്നില്ല... എന്ത് പറ്റിയോ ആവോ..ഞാന്‍ അങ്ങനെ പറഞ്ഞത്‌ കൊണ്ടാണോ... എന്നെ ഇഷ്ടമാല്ലായിരിക്കോ.... അതോണ്ടാണോ വരാഞ്ഞേ... വല്ലാത്ത വിഷമം തോന്നി...

ഒന്നും പറയേണ്ടിയിരുന്നില്ല.. ഒന്നുമില്ലേല്‍ ദിവസം കാണുകയെങ്കിലും ചെയ്യാമായിരുന്നു... പിറ്റേ ദിവസവും ഞാന്‍ കാത്തു നിന്നു.. അന്നും അവള്‍ വന്നില്ല... എന്റെ പ്രണയം മൊട്ടിലെ കരിഞ്ഞു പോയോ... എന്നാലും എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ഞാന്‍ ദിവസവും അവള്‍ക്കു വേണ്ടി കാത്തു നിന്നു....

ഒരാഴ്ച കഴിഞ്ഞു.. പ്രതീക്ഷയില്ല ,, എന്നാലും അവള്‍ വരാറുള്ള വഴിയിലേക്ക് കണ്ണും നട്ടു ഞാന്‍ കാത്തിരുന്നു... അപ്പോഴതാ ദൂരെ നിന്നും ഒരു കസവ്സാരി ഉടുത്ത ഒരു പെണ്‍കുട്ടി നടന്നു വരുന്നത് ഞാന്‍ കണ്ടു... അവളായിരിക്കോ അത്.... അതെ അതവള്‍ തന്നെ...അവള്‍ മെല്ലെ എന്റെ അടുത്ത് വന്നു നിന്നു ... ഞാന്‍ അവളെ തന്നെ സൂക്ഷിച്ചു നോക്കി..

എന്താ ഇങ്ങനെ നോക്കുന്നെ... താന്‍ എന്താ ഈ വേഷത്തില്‍... ഇന്നെന്റെ പിറന്നാള്‍ ആണ്.. അതാ ഇന്ന് കസവ്സാരി ഉടുത്തെ... ആ വേഷത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായത്‌ പോലെ.. ഞാന്‍ ചോദിച്ചു,, എന്താ ഒരാഴ്ച വരാതിരുന്നെ.. ഞാനന്ന് പറഞ്ഞത് ഇഷ്ടായില്ലേ.... ഇഷ്ടമില്ലെങ്കില്‍ വേണ്ട.. പക്ഷെ അമ്പലത്തില്‍ വരാതിരിക്കരുത്... ഒന്ന് കാണുകയെങ്കിലും ചെയ്യാലോ...

അയ്യോ അതല്ല .. എനിക്ക് അമ്പലത്തില്‍ വരാന്‍ പറ്റില്ലായിരുന്നു...

അതെന്താ..

അത്,,, അത് പിന്നെ.....  

അവളുടെ മുഖത്ത് ഒരു നാണം വരുന്നത് ഞാന്‍ കണ്ടു.. അതിന്റെ അര്‍ഥം മനസ്സിലായ ഞാന്‍ ഒന്ന് ചിരിച്ചു.. അവള്‍ നേരെ അമ്പലത്തിലേക്ക് നടന്നു.. കൂടെ ഞാനും...

പിന്നെ ഞങ്ങള്‍ ഒരുമിച്ചു തൊഴുതു ശ്രീകോവില്‍ വലം വച്ചു.. ആ അമ്പലനടയില്‍ വച്ച് അവള്‍ എന്റെ നെറ്റിയില്‍ പ്രസാദം തൊടുവിച്ചു... ഞാന്‍ എന്റെ ദേവിയെ തന്നെ നോക്കി നിന്നു...... അങ്ങനെ ഞങ്ങളുടെ പ്രണയം ആ അമ്പലമുറ്റത്ത്‌ മൊട്ടിട്ടു,, വളര്‍ന്നു.... വലിയ ഒരു പൂമരമായി,, അതിപ്പോഴും അങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുന്നു......


No comments:

Post a Comment