Monday, 14 November 2016

പഴയ ഓര്‍മ്മകള്‍

കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കു  മുന്നേ അവിചാരിതമായി ഒരു പഴയ കൂട്ടുകാരനെ കാണാനിടയായി... ഒരേ പ്രായവും, ഒരുമിച്ച് പഠിച്ചവരുമാണ് ഞങ്ങള്‍... കഴിഞ്ഞകാലം വരുത്തിയ മാറ്റങ്ങള്‍ തീര്‍ത്ത തിരിച്ചറിവിന്‍ സംശയങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും നീങ്ങിയ നിമിഷം അവന്‍റെ മുഖത്ത്‌ ഞാന്‍ കണ്ട സന്തോഷത്തിന്‍ ഭാവങ്ങള്‍ മനോഹരവും ആകര്‍ഷണീയവുമായിരുന്നു... ഒരുപക്ഷെ എന്‍റെ മുഖത്തും അതുപോലെ അല്ലെങ്കില്‍ അതിലേറെയായി അവനും അതങ്ങനെ കണ്ടുകാണും... “അളിയാ... നീ... ഇവിടെ...” ആ വിളിയിലും, ആ ചോദ്യത്തിലും നിഷ്കളങ്കമായ ആ പഴയ സ്നേഹം നിറഞ്ഞുനിന്നിരുന്നു... പഴയ സുഹൃത്തിനെ കാണുമ്പോള്‍ അവനെ മാത്രമല്ല കൂടെ ഒരുപാട് പഴയ കാര്യങ്ങളും മനസ്സില്‍ കാണാനാകും... അങ്ങനെ വീണ്ടും തമ്മില്‍ കണ്ട സന്തോഷത്തോടെ കാന്‍റീനിലിരുന്ന് ചായകുടിക്കുമ്പോള്‍ പരസ്പരം പങ്കുവച്ച പഴയ ഓര്‍മ്മകള്‍ക്ക് ആ ചായയെക്കാളും മധുരമായിരുന്നു... പുതിയ വിശേഷങ്ങളേക്കാള്‍ കൂടുതല്‍ പറഞ്ഞതും കേട്ടതും പഴയ കാര്യങ്ങള്‍ തന്നെ... അതിനിടെ ആ കാലത്തെ ഓരോ മുഖങ്ങളും പേരുകളും ഞാനും ഓര്‍ത്തെടുത്തു... അവരെകുറിച്ചുള്ള അറിവുകള്‍ പങ്കുവച്ചു... അങ്ങനെ സംസാരിച്ചു തീര്‍ത്ത കുറേ നല്ല നിമിഷങ്ങള്‍ക്കുശേഷം ഇന്ന് ചെയ്തു തീര്‍ക്കേണ്ടുന്ന ജോലിക്കാര്യങ്ങളും, തിരക്കും പറഞ്ഞുകൊണ്ട് അവന്‍ പോകാനൊരുങ്ങി... “നീ ഫ്രീയാകുമ്പോള്‍ വിളിക്കൂ...” എന്ന വാക്കുകളാല്‍ അവന്‍റെ വിസിറ്റിംഗ് കാര്‍ഡ് എനിക്കവന്‍ തന്നു... “ശരി മച്ചാ... അപ്പോ വീണ്ടും കാണാം... അല്ലടാ ഞാന്‍ ചോദിക്കാന്‍ വിട്ടുപോയി... അവള്‍ (പേര്) ഇപ്പോ എവിടെയാ?... നിങ്ങള്‍ തമ്മില്‍ ഇപ്പോഴും കോണ്ടാക്ട്ട് ഉണ്ടോ?...” ആ കാലഘട്ടത്തിലെ പരിചയമുള്ള ആരുകണ്ടാലും എന്നോട് തിരക്കാറുള്ള ആ കാര്യം ഇവനും മറന്നില്ലല്ലോ എന്നു ഞാന്‍ ഓര്‍ത്തുപോയി... ഒരു കുഞ്ഞു ചിരിയോടെ അവളെ കുറിച്ചറിയാവുന്ന കാര്യങ്ങള്‍ അവനോട് പറഞ്ഞു... എന്നാല്‍ ആ കേട്ടതില്‍ ഒരു വിശ്വാസകുറവെന്നപോലെ ഒരു കള്ളചിരിയോടെ അവന്‍ വീണ്ടും യാത്രപറഞ്ഞു... കാലപഴക്കം ചെന്ന ഓര്‍മ്മകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എന്നെ അവളെന്ന പ്രണയത്തിന്‍ ഓര്‍മ്മകളിലേക്ക് തള്ളിയിട്ട് അവന്‍ നടന്നകന്നു...

No comments:

Post a Comment